Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് ബിസിനസ്‌ » വ്യോമസേനാ റിക്രൂട്ട്മെന്റ് റാലി

വ്യോമസേനാ റിക്രൂട്ട്മെന്റ് റാലി

വ്യോമസേനാ റിക്രൂട്ട്മെന്റ് റാലി മെയ് 25 മുതല്‍ 30 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലുള്ളവര്‍ക്കും മാഹിയിലുള്ളവര്‍ക്കും പങ്കെടുക്കാം.

ഓട്ടോ ടെക്നീഷ്യന്‍, ഗ്രൗണ്ട് ട്രെയ്നിങ് ഇന്‍സ്ട്രക്ടര്‍, വ്യോമസേനാ പോലീസ്, മെഡിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ്. അപേക്ഷകര്‍ 1997 ജൂലായ് ഏഴിനും 2000 ഡിസംബര്‍ 20-നുമിടയില്‍ ജനിച്ചവരും അവിവാഹിതരുമായിരിക്കണം.
ഓട്ടോ ടെക്നീഷ്യന്‍, ഗ്രൗണ്ട് ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍, വ്യോമസേനാ പോലീസ് എന്നീ തസ്തികകളിലേക്ക് അന്‍പതു ശതമാനം മാര്‍ക്കോടെ പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ വേണം. മെഡിക്കല്‍ അസിസ്റ്റന്റ് ട്രേഡിലേക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയില്‍ അന്‍പതു ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസ്സാകണം. എല്ലാ ട്രേഡിലേക്കും ഇംഗ്ലീഷിന് അന്‍പത് ശതമാനം മാര്‍ക്ക് വേണം.

ശരീരത്തില്‍ പച്ചകുത്തിയവര്‍ക്ക് പങ്കെടുക്കാന്‍ നിയന്ത്രണമുണ്ട്. വയനാട് ജില്ലയിലൊഴികെയുള്ളവര്‍ വ്യോമസേനയുടെ എറണാകുളം കാക്കനാട്ടെ കേന്ദ്രത്തിലെത്തി രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ പങ്കെടുക്കാനാകൂ.
കണ്ണൂര്‍ ജില്ലയില്‍നിന്നുള്ളവര്‍ ഏപ്രില്‍ 24, മലപ്പുറം, കാസര്‍കോട് 25, കോഴിക്കോട്, മാഹി 26 എന്നീ ദിവസങ്ങളിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. വയനാട് ജില്ലക്കാര്‍ക്ക് മെയ് അഞ്ച്, ആറ് തിയ്യതികളില്‍ വയനാട്ടില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. രാവിലെ ഏഴുമുതല്‍ ഒന്നുവരെയാണ് സമയം.

ഏഴു പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍, യോഗ്യതയും ജനന തീയതിയും തെളിയിക്കുന്ന യഥാര്‍ഥ സര്‍ട്ടിഫിക്കറ്റ് അതിന്റെ നാലുപകര്‍പ്പുകള്‍, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന്റെ നാലുപകര്‍പ്പുകള്‍ എന്നിവ രജിസ്ട്രേഷന്‍ സമയത്ത് ഹാജരാക്കണം.
റിക്രൂട്ട്മെന്റില്‍ കായിക, എഴുത്തുപരീക്ഷകള്‍ ഉണ്ടാവും. ഒക്ടോബര്‍ 31-നാണ് റാങ്കുപട്ടിക പ്രസിദ്ധീകരിക്കുക. വിശദ വിവരങ്ങള്‍ക്ക് www.airmenselection.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

 

Leave a Reply