Home » നമ്മുടെ കോഴിക്കോട് » കലക്ടര്‍ ബ്രോക്കെതിരെ വിയോജനക്കുറിപ്പുമായി നാടക സംവിധായകന്‍ എ ശാന്തകുമാര്‍

കലക്ടര്‍ ബ്രോക്കെതിരെ വിയോജനക്കുറിപ്പുമായി നാടക സംവിധായകന്‍ എ ശാന്തകുമാര്‍

കുളം വൃത്തിയാക്കുന്നവര്‍ക്ക് ബിരിയാണി വാങ്ങിത്തരാം എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രഖ്യാപിച്ച കോഴിക്കോട് കലക്ടര്‍ പ്രശാന്ത് നായര്‍ ഐഎഎസിന് വിയോജന കുറിപ്പ്. ജനകീയനായ കലക്ടര്‍ ബ്രോയ്ക്ക് ‘ഭരണം പ്രദര്‍ശനപരതയല്ലെന്ന്’ അറിയിച്ചാണ് നാടക രചയിതാവും സംവിധായകനുമായ എ ശാന്തകുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

 

ശാന്തകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നതിങ്ങനെ, ‘ഒറ്റദിവസം കൊണ്ട് ബംഗ്ലാദേശ് കോളനിയിലെ അഗതികള്‍ക്ക് റേഷന്‍കാര്‍ഡ് കൊടുത്ത കലക്ടര്‍ സലീം സാറിനെക്കാള്‍ വലുതല്ല കുളം കോരുന്നവര്‍ക്ക് ബിരിയാണി ഓഫര്‍ ചെയ്ത കലക്ടര്‍ പ്രശാന്ത്!? സോറി സാര്‍, ഇതൊരു കോഴിക്കോടന്‍ തെരുവിലെ നൈസര്‍ഗ്ഗിക പ്രതികരണം! ഭരണം പ്രദര്‍ശനപരതയല്ല സാര്‍’.

2015 ഫെബ്രുവരിയില്‍ കോഴിക്കോട് കലക്ടറായി ചുമതലയേറ്റ പ്രശാന്ത് നായരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച ജനപിന്തുണയാണ് ലഭിച്ചത്. സോഷ്യല്‍മീഡിയ വഴി ജനങ്ങളുമായി നേരിട്ട് സംവദിക്കുകയും നടപടിയെടുക്കുകയും ചെയ്യുന്നതായിരുന്നു ചുമതലയേറ്റ ശേഷം പ്രശാന്ത് നായര്‍ ചെയ്ത ആദ്യ പടി. നവമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള ഏക കലക്ടറുമാണ് പ്രശാന്ത് നായര്‍. ഓപ്പറേഷന്‍ സുലൈമാനി അടക്കം ജനങ്ങള്‍ക്ക് നേരിട്ട് നേട്ടം ലഭിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശാന്ത് നായര്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ഭരണം തുടങ്ങി ഒരു വര്‍ഷം പിന്നിടാനിരിക്കെ പല മേഖലയില്‍ നിന്നും പ്രശാന്ത് നായര്‍ക്കെതിരെ ആരോപണം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. കലക്ടറുടെ പ്രവര്‍ത്തനങ്ങളില്‍ അസ്വസ്ഥരായ ക്വാറി മാഫിയയും മറ്റ് മേലാളന്മാരുമാണ് ആദ്യം അസഹിഷ്ണുത പ്രകടിപ്പിച്ചതെങ്കില്‍, അടുത്തിടെ കലക്ടര്‍ മുന്നോട്ടുവച്ച ആശയങ്ങളെല്ലാം വെറും പ്രഹസനം മാത്രമായി മാറുന്നുവെന്നുമാണ് മറ്റുചിലരുടെ ആക്ഷേപം.

Leave a Reply