Home » ലൈഫ് സ്റ്റൈൽ » ടെക്നോളജി » ഇനി റോഡുകളും സ്മാർട്ട്

ഇനി റോഡുകളും സ്മാർട്ട്

കൊടും വളവുകളില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കി  രാജ്യത്തെ റോഡുകള്‍ സ്മാര്‍ട്ടാകാന്‍ ഒരുങ്ങുന്നു. എച്ച്.പി ലൂബ്രിക്കന്റ്സും ലിയോ ബര്‍ണറ്റ് ഇന്ത്യയുമാണ് രാജ്യത്തെ റോഡുകള്‍ അപകടരഹിതമാക്കാനുള്ള നീക്കത്തിന് പിന്നില്‍. വഴിയരികില്‍ ‘സ്മാര്‍ട് പോള്‍’ എന്ന പേരില്‍ പ്രത്യേകം രൂപകല്‍പന ചെയ്ത സംവിധാനങ്ങള്‍ സ്ഥാപിച്ചാണ് റോഡുകള്‍ സ്മാര്‍ട്ടാക്കുന്നത്.

SmartLife poleകൊടും വളവുകളില്‍ എതിര്‍ദിശയില്‍ അതിവേഗം വരുന്ന വാഹനങ്ങള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തി അപകടം ഒഴിവാക്കാനുള്ള സംവിധാനമാണ് സ്മാര്‍ട്ട് പോളുകള്‍. വാഹനങ്ങളിലുള്ള സുരക്ഷാ സംവിധാനങ്ങളുടെ പോരായ്മ തിരിച്ചറിഞ്ഞാണ് പുതിയ സംവിധാനം രൂപകല്‍പന ചെയ്തിട്ടുള്ളത്. അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള സംവിധാനങ്ങള്‍ വാഹനങ്ങളില്‍ പൊതുവെ കുറവാണ്. ഈ സാഹചര്യത്തിലാണ് അപകടം ഒഴിവാക്കുന്നതിനുള്ള ലോകത്തെ ഇത്തരത്തിലുള്ള ആദ്യ സംവിധാനമെന്ന അവകാശവാദവുമായി ദേശീയപാത ഒന്നില്‍(ജമ്മു- ശ്രീനഗര്‍ ഹൈവെ) സ്മാര്‍ട് പോളുകള്‍ സ്ഥാപിച്ചിട്ടുള്ളത്.

ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ റോഡ് സുരക്ഷാ കാമ്പയിനിന്റെ ഭാഗമായാണ് ഇത്തരം സ്മാര്‍ട്ട് ലൈഫ് പോളുകള്‍ കൊടും വളവുകളില്‍ സ്ഥാപിക്കുന്നത്. ലിയോ ബര്‍ണറ്റ് ഇന്ത്യയാണ് ഇവ രൂപകല്‍പ്പന ചെയ്തത്. കൊടും വളവുകള്‍ക്ക് തൊട്ടുമുമ്പാവും ഇവ സ്ഥാപിക്കുക. ഓരോ വാഹനത്തിന്റെയും സാന്നിധ്യം തിരിച്ചറിയുന്ന സ്മാര്‍ട്ട് പോളുകള്‍ വളവിന്റെ എതിര്‍വശത്തുള്ള സംവിധാനവുമായി ആശയവിനിമയം നടത്തുകയും എതിര്‍ദിശയില്‍ വരുന്ന വാഹനത്തിന്റെ വേഗം കണ്ടെത്തുകയും ചെയ്യും.

അപകടകരമായ വേഗത്തിലാണ് വാഹനങ്ങള്‍ വരുന്നതെങ്കില്‍ ഉടന്‍ സ്മാര്‍ട് പോളുകള്‍ ശബ്ദം പുറപ്പെടുവിച്ച് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കും. അപകടങ്ങള്‍ ഒഴിവാക്കുകവഴി നിരവധി ജീവൻ സംരക്ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എച്ച്.പി. പദ്ധതി വിജയമെന്ന് തെളിഞ്ഞാല്‍ രാജ്യത്തെ മുഴുവന്‍ റോഡുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് നീക്കം.

Leave a Reply