Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് പൾസ് » ചൂടപ്പം പോലെ ലൈസന്‍സ്‌

ചൂടപ്പം പോലെ ലൈസന്‍സ്‌

ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞ് ഒരു മണിക്കൂർ കാത്തിരിക്കാനുള്ള ക്ഷമയുണ്ടെങ്കിൽ ചൂടോടെ ലൈസൻസ് വാങ്ങി വീട്ടിൽ പോകാം.  ഇത്തരത്തിൽ 87 പേരാണ് ഇന്നലെ ടെസ്റ്റ് കഴിഞ്ഞു മണിക്കൂറൊന്നു കഴിയും മുൻപ് ലൈസൻസ് വാങ്ങി മടങ്ങിയത്. ഡ്രൈവിങ് ടെസ്റ്റ് നടപടികൾ പൂർത്തിയായാലുടൻ ലൈസൻസ് നൽകുന്ന രീതി അവതരിപ്പിക്കുകയാണു മോട്ടോർ വാഹന വകുപ്പ്.

കോഴിക്കോട് ആർടിഒ ഓഫിസിന്റെ പരിധിയിൽ അതിവേഗം ലൈസൻസ് നൽകുന്ന പരിപാടിയുടെ ഉദ്ഘാടനം ആർടിഒ സി. ജെ. പോൾസൺ നിർവഹിച്ചു. എംവിഐമാരായ വി.വി. ഫ്രാൻസിസ്, എസ്. മാലിക്, പി. സുനീഷ്, പി. സനൽകുമാർ എന്നിവർ പങ്കെടുത്തു. സംസ്ഥാനത്ത് കംപ്യൂട്ടറൈസ്ഡ് ടെസ്റ്റ് സംവിധാനമുള്ള തിരുവനന്തപുരം, പാറശാല, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് പുതിയ രീതി നിലവിൽ വന്നിരിക്കുന്നത്.

ചേവായൂർ ഗ്രൗണ്ടിൽ ടെസ്റ്റ് പൂർത്തിയായാലുടൻ, ലൈസൻസ് നൽ‍കുന്ന ജോലിയിലേക്ക് ഇനി മോട്ടോർ വാഹന ഉദ്യോഗസ്ഥർ കടക്കും. ലൈസൻസ് ഒപ്പിട്ടു ലാമിനേറ്റു ചെയ്ത് ഉടൻ കൈയ്യിൽ തരും. സാധാരണ ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞാൽ രണ്ടാഴ്ചയെങ്കിലും വേണ്ടി വരും ലൈസൻസ് കൈയ്യിൽ കിട്ടാൻ. അപേക്ഷകൻ നൽകുന്ന തപാൽ‍ കവറിലാണ് അയക്കുക.

പലപ്പോഴും ഇത് ഉടമയ്ക്കു നേരിട്ടു കിട്ടണമെന്നില്ല. അഥവാ അപേക്ഷകനെ കണ്ടെത്താൻ കഴിയാതെ മടങ്ങിയാൽ പിന്നീട് മോട്ടോർ വാഹന ഓഫിസിൽ നിന്നു കണ്ടെടുക്കുക ഏറെ പ്രയാസകരമാണ്. ഉദ്യോഗസ്ഥർക്കും അപേക്ഷകർക്കും ഏറെ ആശ്വാസം പകരുന്നതാണു പുതിയ രീതി. സാങ്കേതിക തടസ്സങ്ങള്‍ തരണം ചെയ്താണ് ചേവായൂർ ടെസ്റ്റിങ് ഗ്രൗണ്ടിൽ പുതിയ സംവിധാനം നടപ്പിലാക്കുന്നത്.

സെർവറിലേക്കുള്ള കണക്‌ഷൻ പ്രശ്നവും മറ്റും അലട്ടിയിരുന്നു. തുടർന്ന് ഒപ്റ്റിക്കൽ ഫൈബർ കേബിൾ വഴി സെർവറിലേക്കു കണക്‌ഷൻ നൽകി. ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. അനന്തകൃഷ്ണൻ ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്കു പിന്തുണയുമായി രംഗത്തെത്തി. അതിവേഗം പദ്ധതി നടപ്പാക്കണമെന്ന് അനന്തകൃഷ്ണൻ ഉദ്യോഗസ്ഥർക്കു നിർദേശവും നൽകി.

ഇനി മുതൽ ചേവായൂർ ഗ്രൗണ്ടിൽ ഡ്രൈവിങ് ടെസ്റ്റിന് എത്തുന്നവർ അതു കഴിഞ്ഞു പോകരുതെന്നും ലൈസൻസ് വാങ്ങുന്നതിനായി കാത്തു നിൽക്കണമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. വകുപ്പ് നവീകരണത്തിന്റെ പുതിയൊരു ചുവടുവയ്പു കൂടിയാണ് ടെസ്റ്റ് സ്ഥലത്തു തന്നെ ലൈസൻ‍സ് നൽകുന്ന സംവിധാനം. ഹെവി വിഭാഗത്തിൽ 29 ലൈസൻസും ലൈറ്റ് മോട്ടോർ, മോട്ടോർ വെഹിക്കിൾ വിഭാഗത്തിൽ 58 ലൈസൻസുമാണ് ഇന്നലെ വിതരണം ചെയ്തത്.

Leave a Reply