ഗുലാബ് ജാൻ
ജസ്റ്റിസ് കര്ണന് ഒടുവില്‍ ശിക്ഷിക്കപ്പെട്ടു. ഒരു ഹൈക്കോടതി ജഡ്ജ് തടവിലാക്കപ്പെടുന്നത് ആദ്യമായിട്ടാണ്. എന്നാല്‍ കര്ണന്മാര് ശിക്ഷിക്കപ്പെടുന്നത് ചരിത്രത്തില്‍ ആദ്യമല്ല. നിയമപരമായി അദ്ദേഹത്തിനെതിരായ കുറ്റപത്രം ഒരു പക്ഷേ സാധുവായിരിക്കാം. ഒരു ജഡ്ജി ഇത്തരത്തില്‍ അസാധാരണമായി പെരുമാറുമ്പോള്‍ അത് നിയമ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. നിയമം നിയമമാണ്.
സാമൂഹ്യനീതിയുടെ പ്രശ്നം പക്ഷേ കൂറേക്കൂടി സങ്കീര്‍ണമാണ്. ഹൈക്കോടതി ജഡ്ജി വരെ ആയിതീര്‍ന്ന ഒരു മനുഷ്യന് ഇങ്ങിനെ അസാധാരണമായി പ്രതികരിക്കുന്നതിന് പിന്നിലെ ആത്മസംഘര്‍ഷങ്ങള്‍ നമുക്ക് ആര് വിശദീകരിച്ചുതരും? കര്‍ണന്റെ മനോനില തെറ്റിച്ചത് ദളിത് വിവേചനത്തിന്റെ ഭയാനകമായ അനുഭവങ്ങളല്ലായെന്ന് എങ്ങിനെ ഉറപ്പിക്കാനാവും? അനുഭവിക്കുന്ന, അനുഭവിച്ചുകൊണ്ടിരിക്കുന്ന കര്ണന്മാരുടെ വാക്കുകള്‍ക്ക് മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ ഉറപ്പുള്ളു. അതുകൊണ്ട് നാം ഇരകളെ പൂര്‍ണമായി അവിശ്വസിക്കാതിരിക്കുക. അവരുടെ തെറ്റുന്ന മനോനില വിവേചനരഹിതമായ അവസരസമത്വം ഉറപ്പുവരുത്തുന്നതില്‍ പരാജയപ്പെട്ട സാമൂഹ്യക്രമത്തിന്റെ സൃഷ്ടിയാണ്. അത് നമ്മുടെ ഭരണസംവിധാനത്തിന്റെ പിഴവാണ്. നിയമവും നീതിയും രണ്ടായിതീരുന്ന ഈ സങ്കീര്‍ണ്ണത പൗരജീവിതവും രാഷ്ട്രഘടനയും തമ്മിലുള്ള വൈരുദ്ധ്യത്തെയാണ് പ്രശ്നവത്ക്കരിക്കുന്നത്.