ബ്രസീലിയന്‍ ഫുട്ബോള്‍ താരം റൊണാള്‍ഡീഞ്ഞോ ഫെബ്രുവരിയില്‍ കോഴിക്കോട്ടെത്തുന്നു. കാല്പ്പന്തുപ്രേമികളെ ത്രസിപ്പിച്ച നാഗ്ജി ഇന്റര്‍നാഷണല്‍ ക്ലബ്ബ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഭാഗമായാണ് ഇതിഹാസ താരം കോഴിക്കോട് എത്തുന്നത്. ടൂര്‍ണമെന്റിന്റെ ബ്രാന്‍ഡ് അംബാസഡറാണ് റൊണാള്‍ഡീഞ്ഞോ. ഫെബ്രുവരി അഞ്ചുമുതല്‍ 21 വരെ കോഴിക്കോട് കോര്പറേഷന് ഇ എം എസ് സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്.
ഇരുപത്തിയൊന്ന് വര്‍ഷത്തിന് ശേഷം കോഴിക്കോട് തിരിച്ചെത്തുന്ന നാഗ്ജി ഇന്റര്‍നാഷണല്‍ ക്ലബ്ബ് ഫുട്ബോളിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് കോഴിക്കോട് ഇപ്പോള്‍.
ജില്ലാ ഫുട്ബോള്‍ അസോസിയേഷനും മോണ്ടിയല് സ്പോര്‍ട്സ് മാനേജ്മെന്റ് എഎല്പിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ ഏഴ് രാജ്യാന്തര ടീമുകളും ഒരു ഇന്ത്യന്‍ ടീമുമാണ് അണിനിരക്കുക. ഉദ്ഘാടനചടങ്ങിന് റൊണാള്‍ഡീഞ്ഞോ എത്തും.
അര്‍ജന്റീന, ഇംഗ്ലണ്ട്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി നിരവധി ടീമുകളും ഇതിന് പുറമെ ഇന്ത്യയില്‍ നിന്നുള്ള ക്ലബ്ബുകളും മത്സര രംഗത്തുണ്ടാവും.
ഇന്ത്യയില്‍നിന്നുള്ള ഒരു ഐലീഗ് ടീമിന് പുറമെ അര്‍ജന്റീനയുടെ അണ്ടര്‍ 23 നാഷനല്‍ ടീം, വാട്ട്ഫോര്‍ഡ് എഫ്സി അണ്ടര്‍ 23 (ഇംഗ്ലണ്ട്), ക്ലബ് അത്ലെറ്റികോ പരാനേന്സ് അണ്ടര്‍ 23 (ബ്രസീല്‍), ഹെര്‍ത ബിഎസ്സി അണ്ടര്‍ 23 (ജര്‍മനി), റാപ്പിഡ് ബുക്കാറെസ്റ്റ് (റൊമേനിയ), ടിഎസ്വി 1860 മ്യൂനിക് (ജര്‍മനി), ലെവാന്തെ യുഡി അണ്ടര്‍ 23 ( സ്പെയിന്) എന്നീ ടീമുകളാണ് മത്സരിക്കുന്നത്.
1952ല്‍ ആരംഭിച്ച സേട്ട് നാഗ്ജി അമര്‍സി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് 1995ല്‍ സ്റ്റേഡിയത്തിന്റെ നവീകരണം ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ മുടങ്ങിപ്പോവുകയായിരുന്നു. എന്നാല്‍ നാഗ്ജിയുടെ വരവ് നഷ്ടപ്പെട്ടുപോയ ടൂര്‍ണമെന്റുകളുടെ വീണ്ടെടുപ്പിന് വഴിയൊരുക്കുമെന്നാണ് സംഘാടകര്‍ പറയുന്നത്.