Home » ആരോഗ്യം » പകര്‍ച്ചവ്യാധികള്‍ പടരുന്നു; കോഴിക്കോട്ട് ബഹുജന പങ്കാളിത്തത്തോടെ ശുചിത്വ പരിപാടി
Asian Tiger Mosquito biting, Spain

പകര്‍ച്ചവ്യാധികള്‍ പടരുന്നു; കോഴിക്കോട്ട് ബഹുജന പങ്കാളിത്തത്തോടെ ശുചിത്വ പരിപാടി

പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ മേയ് 23,28 തീയതികളില്‍ ബഹുജന പങ്കാളിത്തത്തോടെ ശുചിത്വ പരിപാടി സംഘടിപ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും ജില്ലാ കളക്ടറുടേയും നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയുംയോഗം തീരുമാനിച്ചു. ഡെങ്കിപ്പനിയും, വൈറല്‍ പനിയും മുന്‍ വര്‍ഷത്തേക്കാള്‍ പടരുന്ന സാഹചര്യത്തില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ ജനപ്രതിനിധികളുടെനേതൃത്വത്തില്‍ വാര്‍ഡ് തലങ്ങളില്‍ ശക്തമാക്കേണ്ടതുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. വീട്ടുവളപ്പിലെ മാലിന്യം അതാത് വീട്ടുകാരുടെ പങ്കാളിത്തത്തോടെ സ്‌ക്വാഡുകളായി കയറിയിറങ്ങി നീക്കം ചെയ്യണം. കൊതുകുകള്‍ പെരുകാനുള്ള സാധ്യത ഇല്ലാതാവണം. ഇതിനുപുറമേ ഓരോ പഞ്ചായത്തുകളും രണ്ട് കുളങ്ങളെങ്കിലും വൃത്തിയാക്കാന്‍ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍മാര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍ തുടങ്ങിയ വിഭാഗങ്ങള്‍ ശുചിത്വ യജ്ഞത്തില്‍ പങ്കാളികളാവണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് വാര്‍ഡ് അടിസ്ഥാനത്തില്‍ മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്കായി 25,000 രൂപ നീക്കിവച്ചിട്ടുണ്ട്. ഈ തുക അഡ്വാന്‍സായി നല്‍കാനുള്ള നടപടിയായിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ യു.വി.ജോസ് അറിയിച്ചു. മഴക്കാല പൂര്‍വ ശുചീകരണത്തെക്കുറിച്ച് വേണ്ടത്ര ഗൗരവവും ശ്രദ്ധയും പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനകീയ പങ്കാളിത്തത്തോടെ നാട്ടുപ്രദേശങ്ങളോടൊപ്പം പുഴ,തോട്, കുളങ്ങള്‍, കനാലുകള്‍ എന്നിവയും ശുചിയാക്കി നീരൊഴുക്ക് സാധ്യമാകാനുള്ള നടപടികളുണ്ടാവണം. ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ പ്രത്യേകം താത്പര്യമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply