Home » നമ്മുടെ കോഴിക്കോട് » കാലവര്‍ഷം: ദുരന്തസാധ്യതാ മേഖലകളില്‍ ഒരു വില്ലേജില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ്

കാലവര്‍ഷം: ദുരന്തസാധ്യതാ മേഖലകളില്‍ ഒരു വില്ലേജില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ്

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ച പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട ദുരന്തങ്ങളും നാശനഷ്ടങ്ങളും ലഘൂകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ കലക്ടര്‍ യു വി ജോസ് നിര്‍ദേശംനല്‍കി. കാലവര്‍ഷത്തിന്മുന്നോടിയായി കലക്ടറേറ്റിലും എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും കണ്‍ട്രോള്‍ റൂം തുറക്കും.

എല്ലാ ദുരന്തസാധ്യതാ മേഖലകളിലും ഒരു വില്ലേജില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് വീതം തുറക്കാന്‍ കെട്ടിടം കണ്ടെത്താന്‍ ജില്ലാ ദുരന്തനിവാരണസമിതി യോഗത്തില്‍ കലക്ടര്‍ നിര്‍ദേശിച്ചു. അരി, മണ്ണെണ്ണ തുടങ്ങിയ അവശ്യസാധനങ്ങള്‍ ദുരിതാശ്വാസ പ്രക്രിയക്ക് ലഭ്യമാകത്തക്കവിധം പൊതുവിതരണ വകുപ്പ് സംഭരിച്ചുവയ്ക്കണം. മുന്‍കാല അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ തുടങ്ങിയ അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതല്‍ നടപടികളെടുക്കും.

രണ്ട് ദിവസം തുടര്‍ച്ചയായി മഴപെയ്യുന്ന വില്ലേജുകളിലെ പാറമടകളില്‍ മഴയില്ലാത്ത 24 മണിക്കൂര്‍ കഴിയുന്നതുവരെ പാറപൊട്ടിക്കുന്നത് നിര്‍ത്തിവയ്ക്കണം. പാറമടകളിലെ കുളങ്ങള്‍ക്കുചുറ്റും ഉറപ്പും ഉയരവുമുള്ള വേലിയോ മതിലോ കെട്ടി സംരക്ഷിച്ചതായി വില്ലേജ് ഓഫീസര്‍മാര്‍ ഉറപ്പാക്കണം. കടല്‍ഭിത്തികളുടെ കേടുപാട് തീര്‍ക്കാന്‍ ജലസേചന വിഭാഗം നടപടി സ്വീകരിക്കണം. ഭിത്തികള്‍ക്ക് ബലംകുറഞ്ഞ സ്ഥലങ്ങളില്‍ മണല്‍ച്ചാക്കുകള്‍ വയ്ക്കണം.

മാലിന്യ നിര്‍മാര്‍ജനത്തിന് ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ജില്ലാ ശുചിത്വ മിഷനും നടപടി സ്വീകരിക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ വാര്‍ഡ് കമ്മിറ്റികളുടെ പങ്കാളിത്തം ഉറപ്പാക്കണം. കലുങ്കുകളും ഓടകളും വൃത്തിയാക്കി വെള്ളക്കെട്ടുകള്‍ ഉണ്ടാവാനുള്ള സാധ്യത ഒഴിവാക്കണം. മഴക്കാല രോഗങ്ങളും പകര്‍ച്ചവ്യാധികളും പടരുന്നത് തടയാന്‍ ആരോഗ്യ വകുപ്പ് ജാഗ്രത പുലര്‍ത്തും.

Leave a Reply