പുരസ്കാരം തന്നത് ഇവരല്ലല്ലോ, ഞാനെന്തിനു തിരിച്ചു നല്‍കണം!
മതഫാസിസത്തെ തടയാന്‍ കോണ്‍ഗ്രസും ഇടതുപക്ഷവും യോജിക്കണം.
വാതില്ക്കല് ഫാസിസഭൂതം വന്നുനില്ക്കുമ്പോഴും രാഷ്ട്രീയക്കാര്‍ക്ക് കുടുംബകലഹം!
അഴിമതിയോടുള്ള ജനങ്ങളുടെ പ്രതികരണം വയലന്റായിരിക്കും; രാഷ്ട്രീയക്കാര്‍ ജനങ്ങളെ മറന്നാല്‍ നേട്ടം ഫാസിസത്തിനായിരിക്കും.
ചിലര്‍ ഇന്റര്‍നെറ്റില്‍നിന്നും മറ്റും വിവരങ്ങള്‍ ശേഖരിച്ച് കെട്ടിടം ഉണ്ടാക്കുന്നതുപോലെ നോവലുകള്‍ നിര്‍മ്മിക്കുന്നു.
അന്താരാഷ്ട്ര പുസ്തകമേളക്ക് ബഹ്റൈനില്‍ എത്തിയ എം മുകുന്ദൻ സംസാരിക്കുന്നു / അഭിമുഖ൦: പി എൻ അനസ്
പുസ്തക മേളയിലെ പ്രസംഗത്തിലെ പ്രധാന ഭാഗം കേരളത്തില്‍ യുവ തലമുറ വായന ആഘോഷമാക്കി മാറ്റി എന്നായിരുന്നല്ലോ?
എം മുകുന്ദന്: അതേ. കേരളത്തില്‍ പുതുതലമുറയില്‍ വായന ശക്തമായി തിരിച്ചുവന്നിട്ടുണ്ട്. അവര്‍ വായനയെ ആഘോഷമാക്കി മാറ്റിയിരിക്കയാണ്. കേരളത്തില്‍ നടപ്പാക്കപ്പെട്ട പുതിയ പാഠ്യപദ്ധതി ഇതിനു കാരണമായിട്ടുണ്ടെന്നാണ് എനിക്കു തോന്നുന്നത്. പഠനത്തിന്റെ ഭാഗമായി പല കൃതികളും പരിചയപ്പെടാന്‍ അവസരം ലഭിച്ച കുട്ടികള്‍ കൂടുതല്‍ കൂടുതല്‍ വായനയിലേക്ക് ആകര്‍ഷിക്കപ്പെടുന്ന സാഹചര്യമാണുണ്ടായത്. അങ്ങിനെയാണവര്‍ വായനയുടെ ആഹ്ലാദം കണ്ടെത്തുന്നത്. അതവര്ക്കറിയില്ലായിരുന്നു. അതോടെ മറ്റുള്ളവരും വായനയിലേക്ക് തിരിച്ചുവന്നു.
മുതിര്‍ന്നവരില്‍ ടിവിയുടെ സ്വാധീനം കാരണം വായന തളര്‍ന്നിരുന്നു. എന്നാല്‍ അത് നന്നായി തിരിച്ചുവന്നു എന്നു മാത്രമല്ല, വായനയുടെ ലോകം കൂടുതല്‍ വിസ്തൃതവുമായിട്ടുണ്ട്. ടിവിക്ക് ഒരുപാട് പരിമിതികളുണ്ട്. കുറെ നിറങ്ങളൊക്കെയുണ്ട്, ആകര്‍ഷകമാണ് എന്നൊക്കെയുണ്ടെങ്കിലും വായനയുടെ സുഖം ടിവിക്കു നല്‍കാനാകില്ല. എല്ലാവരും രാത്രി കാലങ്ങളിലെ ചാനല്‍ വാര്‍ത്തകള്‍ കാണാറുണ്ടെങ്കിലും പിറ്റേന്നു പത്രങ്ങള്‍ വായിച്ചാലേ അവര്‍ക്ക് സുഖം കിട്ടൂ. വായനയില്‍നിന്നും ലഭിക്കുന്ന ആഹ്ലാദം ഒരിക്കലും ടിവിക്കു നല്‍കാനാകില്ല. ടിവിയോ ഇന്റര്‍നെറ്റോ സൃഷ്ടിച്ച വലയത്തില്‍ നിന്നു പുതു തലമുറയും മുതിര്‍ന്നവരും പുറത്തുകടന്നു എന്നാണ് ഇതില്‍ നിന്നു മനസ്സിലാക്കേണ്ടത്.
പണ്ടുകാലത്തുനിന്നു വ്യത്യസ്തമായി ഇന്ന് വായിക്കാനുള്ള വിഷയങ്ങള്‍ കൂടിയിട്ടുണ്ട്. വിവിധ തലത്തിലുള്ള നിരവധി പുസ്തകങ്ങള്‍ ഇറങ്ങാന്‍ തുടങ്ങി. അതുകൊണ്ടുതന്നെ വായനക്കാര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ഉണ്ടായി. ഇതോടെ എഴുത്തുകാരും കൂടി.
മുകുന്ദന്റെ സംഭാഷണത്തില്‍നിന്ന്:
(1)
“പ്രണയപ്രതികാരം തീര്‍ക്കാനും സോഷ്യല്‍ മീഡിയ!”
ഇന്റര്‍നെറ്റും സോഷ്യമീഡിയയും വായനയെ സ്വാധീനിക്കുന്നുണ്ട്. വായനയുടെയും വാര്‍ത്താവിനിമയത്തിന്റെയും പ്രപഞ്ചം വിശാലമാക്കാന്‍ സോഷ്യല്‍ മീഡിയക്കു കഴിയുന്നുണ്ട്. സോഷ്യല്‍ മീഡിയയുടെ സാന്നിധ്യം വലിയ തോതില്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതിന്റെ ഗുണകരമായ പ്രയോജനത്തേക്കാള്‍ കൂടുതല്‍ വികലമായി അതിനെ ഉപയോഗിക്കാനുള്ള പ്രവണതയാണു പൊതുവില്‍ കണ്ടുവരുന്നത്. പ്രണയപരാജയത്തിന്റെ പ്രതികാരം തീര്‍ക്കാനും ഭീഷണിപ്പെടുത്താനും തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കാനുമെല്ലാം ഇന്നു സോഷ്യല്‍ മീഡിയ ഉപയോഗിക്കപ്പെടുന്നുണ്ട്. സോഷ്യല്‍ മീഡിയ നല്ലതാണ്. എന്നാല്‍ അതിന്റെ ദുരുപയോഗം തടയണം. ഇതു തിരിച്ചറിഞ്ഞുവേണം ഉപയോഗിക്കാന്‍.
“നോവലോ കഥയോ കവിതയോ അല്ല വായിക്കപ്പെടുന്നത്”
മുമ്പ് നമ്മുടെ വായന എന്നുപറഞ്ഞാല്‍ നോവലും കഥയും കവിതയുമായിരുന്നു. ഭൂരിഭാഗം പേരും നോവല്‍ വായിക്കാനായിരുന്നു ഇഷ്ടപ്പെട്ടത്. നമ്മുടെ വായനയുടെ പാമ്പര്യം അതായിരുന്നു. എന്നാല്‍ ഇന്ന് അങ്ങിനെയല്ല. ഇന്നു നോവലും കഥയും മാത്രമല്ല വായനയെ സ്വാധീനിക്കുന്നത്. സര്‍ഗാത്മക സാഹിത്യങ്ങള്‍ മാത്രമല്ല, സസ്യങ്ങള്‍, നാട്ടറിവുകള്‍ എന്നു തുടങ്ങി വൈജ്ഞാനികമേഖലയിലെ കൃതികളെല്ലാം വന്‍തോതില്‍ വായിക്കപ്പെടുന്നു.
എന്തൊക്കെ വിഷയങ്ങള്‍ ലഭിക്കുന്നു! വിപുലമായ വായനയാണ് ഇന്ന്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റുപോയ പുസ്തകം മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിന്റെ അഗ്നിച്ചിറകുകള്‍ ആയിരുന്നു. അത് നോവലോ കഥയോ കവിതയോ അല്ല. അങ്ങിനെയുള്ള പുസ്തകങ്ങള്‍ വായിക്കാനാണ് ആളുകള്‍ക്ക് താല്‍പ്പര്യം. അതു കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്നത് നോവലാണ്.
“ഭാരമുള്ള ഭാഷയില്‍ ഏറ്റവും മനോഹരമായി എഴുതിയത് സുഭാഷ് ചന്ദ്രനാണ്”
ഭാഷയില്‍ ഒരു പാട് മാറ്റങ്ങള്‍ വന്നു. പണ്ടുകാലത്ത് ലളിതമായിരുന്നു എഴുത്ത്. അതാണ് നമ്മുടെ പാരമ്പര്യം. ബഷീറിനെത്തന്നെ ഉദാഹരണമായെടുക്കാം. ബഷീര്‍ തലമുറയുടെ ലളിതമായ ഭാഷ ഉപയോഗിച്ചുള്ള രചനയുടെ പാരമ്പര്യമാണു ഞാനും പിന്തുടരുന്നത്. അതുപോയി കുറെക്കൂടി ഭാരമുള്ള ഭാഷയാണ് ഇന്ന് ഉപയോഗിക്കപ്പെടുന്നത്. ഭാഷയുടെ ലാളിത്യം നഷ്ടപ്പെട്ടു.
എന്നാല്‍ ഭാരമുള്ള ഭാഷക്ക് അതിന്റേതായ സൗന്ദര്യമുണ്ട്. അതിനു നല്ല ഉദാഹരണമാണ് സുഭാഷ് ചന്ദ്രന്റെ `മനുഷ്യന് ഒരു ആമുഖം’ എന്ന കൃതി. ഭാരമുള്ള ഭാഷയില്‍ ഏറ്റവും മനോഹരമായി എഴുതിയത് സുഭാഷ് ചന്ദ്രനാണ്. ആഖ്യാനത്തിന്റെ ഒരു ചാരുത, മനോഹാരിത ആ കൃതിക്കുണ്ട്. നീണ്ട വാചകങ്ങളും കുറേ ബിംബങ്ങളെ കൊണ്ടുവരുന്നതുമൊക്കെ ഭാഷയെ ഭാരമുള്ളതാക്കും. ഭാഷക്കു ഭാരമുണ്ടെങ്കിലും സാന്ദ്രമായ സൗന്ദര്യമാണ്. അതു ഭാഷയിലെ വലിയൊരു മാറ്റമാണ്.
“കെട്ടിടം ഉണ്ടാക്കുന്നതുപോലത്തെ എഴുത്ത് നമ്മുടെ നാട്ടിലുമുണ്ട്”
വേറെ തരത്തിലുള്ള ചില മാറ്റങ്ങളുമുണ്ട്. ഇതിനെ നിര്‍മാണം (കണ്‍സ്ട്രക്ഷന്‍) എന്നാണ് പറയുക. ചില നോവലുകളൊക്കെ നിര്‍മ്മാണങ്ങളാണ്. സര്‍ഗാത്മകമായ പ്രവാഹമല്ല, മറിച്ച് അതു നിര്‍മ്മിക്കലാണ്. ഇന്റര്‍നെറ്റില്‍നിന്നും മറ്റും വിവരങ്ങള്‍ ശേഖരിച്ചു കെട്ടിടം ഉണ്ടാക്കുന്നതുപോലെ കൃത്യമായ നിര്‍മ്മിതിയാണത്. ഇതും നമ്മുടെ നാട്ടില്‍ പ്രചാരത്തിലുണ്ട്.
ഭാഷ മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ എന്റെ അനുഭവത്തില്‍ ഏറ്റവും ലളിതമായി എഴുതുന്നതാണ് നല്ലത്. വായനക്കാരെ കൂടെ കൊണ്ടുപോകാന്‍ എഴുത്തിന്റെ ലാളിത്യം, ഭാഷയുടെ ലാളിത്യം ആവശ്യമാണ്. എന്റെ പുതിയ നോവല്‍ `കുട നന്നാക്കുന്ന ചോയി’യില്‍ ഉപയോഗിച്ചത് വളരെ ലളിതമായ ഭാഷ, നാട്ടു ഭാഷ, ആണ്. വളരെ ചെറിയ പ്രദേശത്ത് സംസാരിക്കുന്ന ഭാഷയാണത്. അത് എല്ലാവരും ഇഷ്ടപ്പെട്ടു. ഒരുപാട് പേര് വായിക്കുന്നു. ഞാന്‍ പ്രതീക്ഷിച്ചതിലേറെ വായനക്കാര്‍ പെട്ടെന്നുണ്ടായി. ഏറ്റവും ലളിതമായി വായനക്കാരന്റെ മനസില്‍ തറക്കുന്ന രൂപത്തില്‍ എഴുതുന്നതാണ് നല്ലതെന്നാണ് ഇതില്‍നിന്ന് മനസ്സിലാവുക.
രണ്ടു തരത്തിലുള്ള കൃതികളുണ്ട്. വായനക്കാരന്റെ മസ്തിഷ്കത്തിലേക്കു പോകുന്ന, ബുദ്ധിയിലേക്കു പോകുന്ന, രചനകള്‍. മറ്റൊന്നു ഹൃദയത്തിലേക്കു പോകുന്ന രചനകള്‍. ഞാന്‍ എപ്പോഴും ഇഷ്ടപ്പെടുന്നത് ഹൃദയത്തിലേക്കു കടന്നുചെല്ലുന്ന എഴുത്താണ്. ലളിതമായ ഭാഷ, നാട്ടു ഭാഷ ഉപയോഗിച്ചുള്ള രചനാതന്ത്രമാണ് ഞാന്‍ സ്വീകരിക്കുന്നത്.
ഏതെങ്കിലും സാമൂഹികവിഷയങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കില്‍ ആ സൃഷ്ടി കൂടുതല്‍ വായിക്കപ്പെടുന്നു എന്നതാണ് ഇപ്പോള്‍ കണ്ടുവരുന്ന പ്രവണത. മതസഹിഷ്ണുതയെക്കുറിച്ച് ഒരു കഥയോ കവിതയോ എഴുതിയാല്‍ ആയിരക്കണക്കിനു പേര് പെട്ടെന്നു വായിക്കും. എവിടെയാണ് നമ്മുടെ സാമൂഹ്യബോധം, മാനവികത, നീതി അപകടത്തിലാകുന്നത് അവിടെ എഴുത്തുകാരന് വരണമെന്ന നിര്‍ബന്ധം വായനക്കാര്‍ക്കും സമൂഹത്തിനുമുണ്ട്.
(2)
“വളര്‍ന്നുവരുന്ന അസഹിഷ്ണുത എളുപ്പം ബാധിക്കുക ഇത്തരക്കാരെയാണ്”
രാജ്യത്തു വളര്‍ന്നുവരുന്ന അസഹിഷ്ണുതക്കെതിരെ എഴുത്തുകാര്‍ ശക്തമായി പ്രതിഷേധിക്കുന്നുണ്ട്. എഴുത്തുകാര്‍ക്ക് വലിയ സ്ഥാനമുള്ള കേരളത്തില്‍നിന്നുതന്നെയാണ് ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുന്നത്. കാരണം, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളേക്കാളും എഴുത്തുകാര്‍ക്ക് കേരളത്തില്‍ സാമൂഹ്യാവബോധം കൂടുതലാണ്. അവര്‍ ഈ സാമൂഹ്യമണ്ഡലത്തിന്റെ ഭാഗമാണ്. നമ്മെ അലട്ടുന്ന സാമൂഹ്യപ്രശ്നങ്ങളെ നാം പ്രതിരോധിക്കുന്നുണ്ട്.
അങ്ങിനെയുള്ള കാഴ്ചപ്പാടല്ല ഉത്തരേന്ത്യയില്‍ ഉള്ളത്. ഞാന്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നപ്പോള്‍ അവിടെയുള്ള പല സാഹിത്യകാരന്മാരുമായും ബന്ധമുണ്ടായിരുന്നു. ഒരിക്കലുമവര്‍ സമൂഹത്തെക്കുറിച്ചോ സമൂഹത്തിലെ പ്രശ്നങ്ങളെക്കുറിച്ചോ പറയുന്നതു കേട്ടിട്ടില്ല. ഇത്തരക്കാരെയാണ് അസഹിഷ്ണുത എളുപ്പം ബാധിക്കുക.
“അതിനാൽ മലയാളി എഴുത്തുകാരെ ഫാസിസം ടാര്‍ഗറ്റ് ചെയ്യും”
പ്രബുദ്ധരാണ് മലയാളികള്‍. ആ പ്രബുദ്ധത അസഹിഷ്ണുതയെയും മതഫാസിസത്തിന്റെ വരവിനെയും തടഞ്ഞു നിര്‍ത്തും. പക്ഷേ അങ്ങിനെ തടഞ്ഞുനിര്‍ത്താനുള്ള പ്രബുദ്ധത മറ്റു സംസ്ഥാനങ്ങളില്‍ ഇല്ല. അതുകൊണ്ട് അവിടെ മതഫാസിസ്റ്റുകള്ക്ക് കടന്നുചെല്ലാന്‍ എളുപ്പമാണ്. അവിടെ അവര്‍ക്ക് ശല്യമെന്നു തോന്നുന്നവരെ വകവരുത്താനും എളുപ്പമാണ്. മതഫാസിസം അവിടെ എഴുത്തുകാരെ ടാര്‍ഗറ്റ് ചെയ്യുന്നില്ല. കാരണം അവിടെ അവര്‍ എഴുത്തുകാരെ ശല്യക്കാരായി കാണുന്നില്ല. കേരളത്തില്‍ എഴുത്തുകാര്‍ക്ക് സാമൂഹ്യാവബോധം കൂടുതലാണ്. അതുകൊണ്ട് ഫാസിസം ടാര്‍ഗറ്റ് ചെയ്യുക അവരെയാകും. കല്‍ബുര്‍ഗിയെ കൊന്നതുപോലെ വല്ലതും കേരളത്തില്‍ സംഭവിച്ചാല്‍ അതിന്റെ പ്രത്യാഘാതം ഭയങ്കരമായിരിക്കും.
“പുരസ്കാരത്തിന്റെ കൂടെ ലഭിച്ച ആദരം തിരിച്ചുകൊടുക്കുന്നതെങ്ങനെ!”
പുരസ്കാരം തിരിച്ചു നല്‍കുന്നതിനോട് വ്യക്തിപരമായി വിയോജിപ്പുണ്ട്. എനിക്ക് അവാര്‍ഡ് തന്നത് ബിജെപിയല്ല. കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്ന അവാര്‍ഡ് എന്തിന് ഞാന്‍ ബിജെപി സര്‍ക്കാരിനു തിരിച്ചുകൊടുക്കണം. അതില്‍ യുക്തിയില്ല. പുരസ്കാരത്തിന്റെ കൂടെ എനിക്ക് ആദരവും ലഭിച്ചു. പുരസ്കാരം എനിക്ക് സമൂഹത്തില്‍ കൂടുതല്‍ വലിപ്പം ഉണ്ടാക്കി. ഈ വലിപ്പം എനിക്കു തിരിച്ചുകൊടുക്കാനാകുമോ. ഫാസിസത്തിനെതിരെ എഴുത്തില്‍ കൂടി പ്രതികരിക്കുക എന്നതാണ് എന്റെ നിലപാട്.
“ഫാസിസ്റ്റ് ഭീഷണി വേണ്ട വിധം തിരിച്ചറിയേണ്ടിയിരിക്കുന്നു”
വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് കേരളത്തില്‍ വളരെ നിര്‍ണായകമാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി കുറച്ചെങ്കിലും വോട്ടും സീറ്റും വര്‍ധിപ്പിച്ചു. ഇത് തിരിച്ചറിയേണ്ട വസ്തുതയാണ്. അതിനെക്കുറിച്ച് മുഖ്യധാരാ രാഷ്ട്രീയ പാര്‍ടികള്‍ എത്രമാത്രം ബോധവാന്മാരാണെന്ന് അറിയില്ല. അവരിപ്പോഴും കുടുംബകലഹവും സൗന്ദര്യപ്പിണക്കവുമായൊക്കെയാണ് കഴിയുന്നത്.
വാതില്ക്കല് ഭൂതം വന്നുനില്ക്കുമ്പോഴും നാം സൗന്ദര്യപ്പിണക്കവുമായും കുടുംബകലഹവുമായും നില്‍ക്കുന്നത് ശരിയല്ല. മതഫാസിസത്തെ തടയാന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും യോജിക്കേണ്ടത് അനിവാര്യമാണ്. ഇടതുപക്ഷത്തിന്റെ ചരിത്രപരമായ ബാധ്യതയാണ് ഇത്.
“ജനനന്മക്കായി പ്രവര്‍ത്തിക്കാത്ത ഭരണകൂടങ്ങള്‍ ഏറെ വാഴില്ല”
കേരളത്തിലെ രാഷ്ട്രീയം വളരെയധികം കലങ്ങിമറിഞ്ഞ് ജീര്‍ണിച്ചിരിക്കുകയാണ്. അഴിമതി കാരണം സാധാരണ മനുഷ്യന് ജനാധിപത്യത്തില്‍ വിശ്വാസം നഷ്ടപ്പെട്ടുപോകുന്ന അവസ്ഥയാണ് ഇപ്പോള്‍ കേരളത്തില്‍. കെ എം മാണി സംഭവം ഇതിനുദാഹരണമാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത മാണിയാണ് ഇങ്ങിനെ അഴിമതി നടത്തിയത്. സ്വാഭാവികമായും ജനങ്ങള്‍ക്ക് ജനാധിപത്യത്തില്‍ വിശ്വാസം നഷ്ടപ്പെടുകയാണുണ്ടാകുക.
യുപിഎ സര്‍ക്കാര്‍ എന്തുമാത്രം അഴിമതിയാണ് നടത്തിയത്! തങ്ങള്‍ വോട്ട് ചെയ്ത് അധികാരത്തിലേറ്റിയത് അഴിമതി നടത്താനാണോയെന്ന് ജനം സ്വയം ചോദിക്കും. അതിനുള്ള അവരുടെ പ്രതികരണം വയലന്റായിരിക്കും. ജനങ്ങളെ മറന്നുള്ള ഭരണം ജനാധിപത്യത്തിനു തന്നെ ഭീഷണിയാണെന്നോര്ക്കണം. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അവിടെ കയ്യടക്കുക തീവ്രവാദവും മതഫാസിസവുമായിരിക്കും. ജനനന്മക്കായി പ്രവര്‍ത്തിക്കാത്ത ഭരണകൂടങ്ങള്‍ക്കു നിലനില്‍പ്പുണ്ടാകില്ല.
“ഇന്ദിരഗാന്ധിയെ കെട്ടുകെട്ടിച്ച പാവങ്ങളിലാണ് ഇന്ത്യയുടെ ഭാവി”
ഇന്ത്യന്‍ ജനതക്ക് അപകടം തിരിച്ചറിയാനുള്ള കഴിവുണ്ട്. ബീഹാറിലെ ബിജെപിയുടെ തോല്‍വി നമുക്കു കാണിച്ചു തരുന്നത് അതാണ്. ജനങ്ങള്‍ ശരിയായ നിമിഷത്തില്‍ ശരിയായ തീരുമാനമെടുക്കും. അടിയന്തരാവസ്ഥക്കുശേഷം നാം അതു കണ്ടതാണ്. വിദ്യാഭ്യാസമില്ല, രാഷ്ട്രീയമില്ല എന്നൊക്കെ പറഞ്ഞ് നമ്മള് എഴുതിത്തള്ളുന്ന പാവങ്ങളാണ് ബീഹാറിലും ഉത്തരേന്ത്യയിലുമൊക്കെ.
എന്നാല്‍ അവരാണ് ചരിത്രപരമായ ദൗത്യം ശരിയായ രീതിയില്‍ നിര്‍വഹിക്കുന്നത്. അവര്‍ക്ക് അപകടം മണത്തറിയാനുള്ള കഴിവുണ്ട്. അടിയന്തിരാവസ്ഥക്കുശേഷം ഇന്ദിരാ ഗാന്ധിയെ കെട്ടുകെട്ടിച്ചത് അവരാണ്.