Home » ന്യൂസ് & വ്യൂസ് » കൊച്ചി മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

കൊച്ചി മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് കുതിപ്പ് നൽകുന്ന കൊച്ചി മെട്രോ റെയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിനു മുന്നിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിലായിരുന്നു ഉദ്ഘാടനം. മെട്രോ യാത്രക്കാർക്കായുള്ള കൊച്ചി വൺ സ്മാർട്ട് കാർഡ് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പുറത്തിറക്കി. മെട്രോയ്ക്കുവേണ്ടിയുള്ള മൊബൈൽ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയനും പുറത്തിറക്കി. ഗവർണർ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ, മന്ത്രി തോമസ് ചാണ്ടി, കെ.വി.തോമസ് എംപി, മേയർ സൗമിനി ജയിൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. കേരളത്തിന്റെ സ്വപ്ന പദ്ധതിയുടെ ‌ഉദ്ഘാടനം നിർവഹിച്ച പ്രധാനമന്ത്രിക്ക് കൊച്ചി മെട്രോയുടെ മാതൃക മുഖ്യമന്ത്രി സമ്മാനിച്ചു.

രാവിലെ 10.15ന് പ്രത്യേക വിമാനത്തില്‍ ഐഎന്‍എസ് ഗരുഡ നാവിക വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി, പാലാരിവട്ടം മെട്രോ സ്റ്റേഷന്റെ ഉദ്ഘാടനത്തിനുശേഷം കൊച്ചി മെട്രോയിൽ യാത്രചെയ്തു. പാലാരിവട്ടം മുതൽ പത്തവടിപ്പാലം വരെയും തിരിച്ചുമായിരുന്നു പ്രധാനമന്ത്രിയുടെയും സംഘത്തിന്റെയും കന്നി മെട്രോ യാത്ര. തുടർന്നായിരുന്നു കൊച്ചി മെട്രോയുടെ ഉദ്ഘാടനം. കെഎംആർ‌എൽ എംഡി ഏലിയാസ് ജോർജ് സ്വാഗത പ്രസംഗത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. സ്വാഗതപ്രസംഗത്തിന്റെ സമയത്ത് മെട്രോമാൻ ഇ.ശ്രീധരന്റെ പേര് പരാമർശിക്കപ്പെട്ടപ്പോൾ സദസിൽനിന്ന് വൻ കരഘോഷം ഉയർന്നത് ശ്രദ്ധേയമായി. ഉദ്ഘാടന ചടങ്ങിൽ വേദിയിൽ ഇടം നൽകിയവരുടെ ‌ആദ്യ പട്ടികയിൽനിന്ന് ശ്രീധരന്റെ പേര് ഒഴിവാക്കിയത് കേരളത്തിൽ വൻ രാഷ്ട്രീയവിവാദമായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ആദ്യം വേദിയിൽ ഇടമുണ്ടായിരുന്നില്ല. പിന്നീട്, മുഖ്യമന്ത്രിയുടെ ഓഫിസ് പ്രത്യേകം ഇടപെട്ടാണ് ഇരുവർക്കും വേദിയിൽ സ്ഥാനം നൽകിയത്.

കേരളത്തിൽ നിന്നുള്ള എല്ലാ എംപിമാർക്കും എംഎൽഎമാർക്കും ചടങ്ങിലേക്കു ക്ഷണക്കത്തു നൽകിയിയിരുന്നു. ഫ്രഞ്ച്, ജർമൻ കോൺസുലേറ്റ് ജനറൽമാരും ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡറും ചടങ്ങിൽ പങ്കെടുത്തു. ആക്സിസ് ബാങ്ക് എംഡി ശിഖ ശർമ, മെട്രോയ്ക്കു വിദേശവായ്പ നൽകിയ ഫ്രഞ്ച് വികസന ഏജൻസി(എഎഫ്ഡി)യുടെ ഇന്ത്യയിലെ മേധാവി നിക്കോളാസ് ഫെർണേജ് എന്നിവരും ചടങ്ങിനെത്തി.

ആലുവ മുതൽ തൃപ്പൂണിത്തുറ വരെയാണു മെട്രോയുടെ ഒന്നാം ഘട്ടമെങ്കിലും പാലാരിവട്ടം വരെയുള്ള ഭാഗമാണു പൂർത്തിയായത്. എംജി റോഡിൽ മഹാരാജാസ് കോളജ് വരെയുള്ള 18 കിലോമീറ്റർ ദൂരം രണ്ടു മാസത്തിനകം പൂർത്തിയാകും; തൃപ്പൂണിത്തുറയിലേക്ക് എത്താൻ രണ്ടു വർഷവും. കാക്കനാട് ഇൻഫോ പാർക്കിലേക്കുള്ള രണ്ടാംഘട്ട വികസനത്തിനു കേന്ദ്രാനുമതി കാത്തിരിക്കുകയാണ്.

Leave a Reply