Home » നമ്മുടെ കോഴിക്കോട് » പുതിയാപ്പ ഫിഷിങ് ഹാർബർ നവീകരണത്തിന് 14.24 കോടിയുടെ പദ്ധതി

പുതിയാപ്പ ഫിഷിങ് ഹാർബർ നവീകരണത്തിന് 14.24 കോടിയുടെ പദ്ധതി

പുതിയാപ്പ ഫിഷിങ് ഹാര്‍ബറില്‍ 200 മീറ്റര്‍ പുതിയ ജെട്ടി നിര്‍മാണത്തിനും നിലവിലുള്ളതിന്റെ അറ്റകുറ്റപ്പണികള്‍ക്കുമായി കേന്ദ്ര പദ്ധതിയായ രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍ (ആര്‍കെവിവൈ) 14.24 കോടി അനുവദിക്കും. ഇന്നലെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനതല എംപവര്‍മെന്റ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ചെലവിന്റെ 50% സംസ്ഥാന സര്‍ക്കാരും 50% കേന്ദ്രസര്‍ക്കാരും വഹിക്കും. ജെട്ടിയിലുള്ള അപ്രോച്ച് റോഡ്, ഹാര്‍ബറിലെ വൈദ്യുതീകരണം തുടങ്ങിയ പ്രവൃത്തികളും ഇതില്‍പെടും. എട്ടു മുതല്‍ 10 മീറ്റര്‍ വരെ നീളമുള്ള മല്‍സ്യബന്ധന ബോട്ടുകള്‍ ഹാര്‍ബറില്‍ അടുപ്പിച്ചു മല്‍സ്യ വിപണനം നടത്തുന്നതരത്തിലാണ് ഇപ്പോഴത്തെ ഡിസൈന്‍. എന്നാല്‍ 18 മുതല്‍ 25 മീറ്റര്‍ വരെ വലുപ്പമുള്ള ബോട്ടുകളാണ് ഇപ്പോള്‍ മല്‍സ്യബന്ധനത്തിനായി ഉപയോഗിക്കുന്നത്.

നിലവിലുള്ള ജെട്ടിയുടെ നീളവും, ഉയരവും വലിയ ബോട്ടുകള്‍ക്ക് ഹാര്‍ബറില്‍ അടുത്ത് മല്‍സ്യം ഇറക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. നിലവിലുള്ളതിനെക്കാള്‍ ഉയരമുള്ളതും 100 മീറ്റര്‍ നീളത്തിലുമുള്ള രണ്ടു ജെട്ടികള്‍ കൂടി പുതിയാപ്പ ഹാര്‍ബറില്‍ നിര്‍മിക്കുമ്പോള്‍ ഈ പ്രശ്നത്തിന് പരിഹാരമാകും. ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഫെബ്രുവരിയില്‍ പുതിയാപ്പ സന്ദര്‍ശിച്ചപ്പോള്‍ ഹാര്‍ബറിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സര്‍ക്കാര്‍ പ്രഥമപരിഗണന നല്‍കുമെന്ന് മല്‍സ്യത്തൊഴിലാളികളെ അറിയിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് തയാറാക്കിയ പദ്ധതിക്കാണ് ആര്‍കെവിവൈ സ്‌കീമില്‍ അംഗീകാരം ലഭിച്ചത്.
പുതിയാപ്പ ഹാര്‍ബര്‍ 1996ലാണു കമ്മിഷന്‍ ചെയ്തത്.
നിലവില്‍ 275 മീറ്റര്‍ കീവാള്‍, 2044 ചതുരശ്ര മീറ്റര്‍ ലേലപ്പുര, 400 ചതുരശ്ര മീറ്റര്‍ ഗിയര്‍ഷെഡ് ലോക്കര്‍ മുറികള്‍, കന്റീന്‍, ഇന്റേണല്‍ റോഡ്, പാര്‍ക്കിങ് ഏരിയ എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ട്.

Leave a Reply