വൈറ്റ് വാട്ടര്‍ കയാക്കിങ്ങിന് അനുയോജ്യമായ ചാലിപ്പുഴയും ഇരുവഞ്ഞിപ്പുഴയും രാജ്യാന്തര നിലവാരത്തിലുള്ള കയാക്കിങ് കേന്ദ്രമാക്കുന്നതിനു നടപടി സ്വീകരിക്കുമെന്ന് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ ചെയര്മാന് കൂടിയായ കലക്ടര്‍ യു.വി.ജോസ് പറഞ്ഞു. കയാക്കിങ് മേള നടക്കുന്ന പുലിക്കയത്ത് ചാലിപ്പുഴ സന്ദര്‍ശനത്തിനെത്തിയതായിരുന്നു കലക്ടര്‍. രാജ്യാന്തര കയാക്കിങ് ചാംപ്യന്‍ഷിപ് നടക്കുന്ന ഏതാനും ദിവസങ്ങളില്‍ മാത്രം വിദേശിയരടക്കമുള്ള കയാക്കിങ് താരങ്ങള്‍ വന്നു പോകുന്നതിനു പകരം മണ്‍സൂണ്‍ സീസണ് മുഴുവനായും ഈ പുഴകള്‍ കയാക്കിങ്ങിന് സ്ഥിരം വേദിയാക്കി മാറ്റണമെന്നും സാഹസിക ടൂറിസത്തിന് ഏറ്റവും അനുയോജ്യമാണ് തുഷാരഗിരി മേഖലയെന്നും അദ്ദേഹം പറഞ്ഞു.
ഒന്‍പതാം തീയതി കോഴിക്കോട് നടക്കുന്ന ടൂറിസം സെമിനാറില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന വൈറ്റ് വാട്ടര്‍ കയാക്കിങ്ങും റിവര്‍ റാഫ്റ്റിങ്ങും സംബന്ധിച്ചും മലയോര ടൂറിസം വികസനത്തിനായി വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. വിദേശ കയാക്കര്‍മാരുടെ പുഴയിലെ സാഹസിക പ്രകടനങ്ങള്‍ കാണാന്‍ സമയം ചെലവഴിച്ച കലക്ടര്‍, കയാക്കിങ് തോണിയില്‍ കയറി സ്വയം തുഴയുകയും ചെയ്തു. ഭാര്യ പീസമ്മയോടൊപ്പമെത്തിയ കലക്ടര്‍ യു.വി. ജോസ് തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രവും സന്ദര്‍ശിച്ചു.