സ്വകാര്യ ബസ്സുകളെ കുറിച്ചുള്ള ആക്ഷേപങ്ങള്‍ നിരവധിയാണ്. സ്വകാര്യ ബസ്സ് ചില ജീവനക്കാരുടെ ആളുകളോടുള്ള പെരുമാറ്റവും, തമ്മില്‍ തമ്മിലുള്ള മത്സരവും, മറ്റു പ്രശ്നങ്ങളും തീരാതലവേദനയാണ് എക്കാലത്തും. എന്നാല്‍ ഈ മാസം പതിനെട്ടിന് ഇവര്‍ മത്സരിച്ച് സര്‍വ്വീസ് നടത്തുന്നത് മൂന്നു ജീവിതങ്ങളെ രക്ഷിക്കാനായി. ഒരു ദിവസം മുഴുവനും ഓടിക്കിട്ടുന്ന പണം ജീവകാരുണ്യപ്രവര്‍ത്തനത്തിനായി മാറ്റിവെച്ച് മാതൃകയാവുകയാണ് ബസ് ജീവനക്കാര്‍.
കോഴിക്കോട്-ബാലുശ്ശേരി റൂട്ടിലെ ഇരുപത്തിയഞ്ചോളം ബസ്സുകളാണ് തങ്ങളുടെ ഒരു ദിവസത്തെ വരുമാനത്തുക മൂന്നു രോഗികള്‍ക്കായി നല്‍കുന്നത്. ഇരു വൃക്കകളും തകര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഷബീബ, സുല്‍ഫത്ത്, സുരേഷ് എന്നിവര്‍ക്കുള്ള ചികിത്സാസഹായത്തിനാണ് സ്വകാര്യ ബസ്സുകളുടെ കൂട്ടായ്മയായ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രംഗത്തെത്തിയിരിക്കുന്നത്.
ഇരുപത്തിയഞ്ചോളം ബസുകളാണ് ഈ മാസം 18ന് സര്‍വ്വീസ് നടത്തി വരുമാനം പൂര്‍ണ്ണമായും രോഗികള്‍ക്ക് നല്കാന് തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ അന്നേ ദിവസം ബൈക്ക്, കാര്‍ യാത്രകള്‍ ഒഴിവാക്കി പരമാവധി കൂട്ടായ്മയോട് സഹകരിക്കണമെന്ന് ചെയര്മാന് എം പി ഹമീദും, വൈസ്ചെയര്‍മാനുമായ എം പി അസയിനാരും അഭ്യര്‍ത്ഥിച്ചു. കഴിയാവുന്ന വിദ്യാര്‍ത്ഥികള്‍ യാത്രാ ഇളവ് ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സ്കൂളുകള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും ഭാരവാഹികളറിയിച്ചു. വരും ദിവസങ്ങളില്‍ ബസ്സുകളിലെ പാട്ടിനു പകരം സഹായ അഭ്യര്ത്ഥനകളായിരിക്കും കേള്‍ക്കുക.
കൂടാതെ പേരാമ്പ്ര- വടകര റൂട്ടിലെ പതിനഞ്ച് സ്വകാര്യ ബസ്സുകളും നാളെ സഹായ സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. ഇരുവൃക്കകളും തകരാറിലായി ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസ് നടത്തി വരുന്ന യുവതിക്ക് വൃക്ക മാറ്റിവക്കുന്നതിനുള്ള സഹായത്തിനായാണ് നാളെ പതിനഞ്ചോളം ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നത്.