Home » ന്യൂസ് & വ്യൂസ് » അഴിമതികളും കുംഭകോണങ്ങളും പൊതുസമൂഹത്തിൽ ചർച്ചയാവുന്നത് തടയാനാണ് ബി ജെ പി ആക്രമണം അഴിച്ചുവിടുന്നത്; കോടിയേരി ബാലകൃഷ്ണൻ

അഴിമതികളും കുംഭകോണങ്ങളും പൊതുസമൂഹത്തിൽ ചർച്ചയാവുന്നത് തടയാനാണ് ബി ജെ പി ആക്രമണം അഴിച്ചുവിടുന്നത്; കോടിയേരി ബാലകൃഷ്ണൻ

കോടിയേരിയുടെഫേസ് ബുക്ക് പോസ്റ്റിൽനിന്ന്

ആർ എസ് എസ് – ബി ജെ പി ക്രിമിനലുകൾ മകൻ ബിനീഷിന്റെ വീടിന് നേരെ അക്രമം നടത്തി. കാറിനും കേടുപാടുണ്ടാക്കി. പുലർച്ചെ 3.55നാണ് കല്ലും ബിയർ കുപ്പികളും ഉപയോഗിച്ച് അക്രമം നടത്തിയത്. മക്കളേയും പേരക്കുട്ടികളെയും കാണാനും അവരോടൊപ്പം കഴിയാനും ചില ദിവസങ്ങളിൽ ഞാൻ ഇവിടെ തങ്ങാറുണ്ട്. അത് മനസിലാക്കിയാണ് ആർ എസ് എസ് – ബി ജെ പി ക്രിമിനലുകൾ ആക്രമണം നടത്തിയത്. ഇന്നലെ കണ്ണൂരിൽ ഒരു പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ അക്രമണം നടക്കുന്ന സമയത്ത് ഞാൻ ഇവിടെയുണ്ടായിരുന്നില്ല.
ആർ എസ് എസ് – ബി ജെ പി ക്രിമിനലുകൾ തിരുവനന്തപുരം ജില്ലയിൽ ഇന്നലെ രാത്രി വ്യാപകമായി വീടുകൾക്ക് നേരെ ആക്രമണം നടത്തി. സിപിഐ എം ജില്ലാകമ്മറ്റിയംഗം പുഷ്പലത, കരമന ഹരി, ചാല ഏരിയാ സെക്രട്ടറി എസ് എ സുന്ദർ, ഡി വൈ എഫ് ഐ നേതാവ് ഐ പി ബിനു തുടങ്ങിയവരുടെ വീടുകളും കാറുകളുമൊക്കെ ആർ എസ് എസ് – ബി ജെ പി ക്രിമിനലുകൾ എറിഞ്ഞ് തകർത്തു. കഴിഞ്ഞ ദിവസം സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സി ഐ ടി യു സംസ്ഥാന സെക്രട്ടറിയുമായ കാട്ടാക്കട ശശിയുടെ വീടാണ് ആക്രമിച്ചത്.
ആർ എസ് എസ് – ബി ജെ പി നേതൃത്വം ഇതെന്ത് ഭാവിച്ചാണ്! അവർ നടത്തിയ അഴിമതികളും കുംഭകോണങ്ങളും പൊതുസമൂഹത്തിൽ ചർച്ചയാവുന്നത് തടയാനും വിഷയം മാറ്റാനുമാണ് ഇത്തരത്തിൽ വ്യാപകമായ ആക്രമണം അഴിച്ചുവിടുന്നത്. ഈ അക്രമങ്ങൾക്ക് പിന്നിൽ ആർ എസ് എസ് – ബി ജെ പി സംസ്ഥാന നേതൃത്വത്തിന്റെ ഗൂഡാലോചനയുണ്ട് എന്നതുറപ്പാണ്.
ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങാമെന്നും തുടർന്ന് ഗീബൽസിയൻ തന്ത്രത്തിലൂടെ ഇരവാദം പറഞ്ഞ് നടക്കാമെന്നുമുള്ള കണക്കുകൂട്ടലിലാണ് ആർ എസ് എസ് – ബി ജെ പി നേതൃത്വമുള്ളത്. സഖാക്കൾ ഇത്തരം പ്രകോപനങ്ങളെ കരുതിയിരിക്കണം.
സംസ്ഥാനത്തെ ക്രമസമാധാനം തകർക്കുക എന്ന ഉദ്ദേശത്തോടെ ആർ എസ് എസ് – ബി ജെ പി ക്രിമിനലുകളെ കയറൂരി വിട്ട് അക്രമങ്ങൾ സംഘടിപ്പിക്കുന്ന സംഘപരിവാറിന്റെ വിധ്വംസക പ്രവർത്തനങ്ങളെ ബഹുജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും.

Leave a Reply