Home » നമ്മുടെ കോഴിക്കോട് » വരള്‍ച്ചയെ നേരിടാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍

വരള്‍ച്ചയെ നേരിടാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍

കോഴിക്കോട് നഗരത്തില്‍ കുടിവെള്ളക്ഷാമം ഇപ്പോഴും നേരിടുന്ന പ്രദേശങ്ങള്‍ അനവധിയാണ്. അതിനാല്‍ നഗരത്തില്‍ കുടിവെള്ളവിതരണം കാര്യക്ഷമമാക്കാന്‍ കോര്‍പ്പറേഷന്‍റെ നിര്‍ദേശം. നിലവിലെ പദ്ധതികള്‍ കൂടുതല്‍ വിപുലമാക്കി കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ വെള്ളമെത്തിക്കുന്നതിനുള്ള ക‍ൂടുതല്‍ പരിപാടികള്‍ക്ക് നിര്‍ദേശം നല്‍കുകയാണ് കോര്‍പ്പറേഷന്‍.

നഗരത്തില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ അവശേഷിക്കുന്ന ഭാഗത്ത് വിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികളുള്‍പ്പെടെ മറ്റു അനുബന്ധ പ്രവ‍ൃത്തികളും വേഗത്തിലാക്കി നഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള പരിപാടികളാണ് കോര്‍പ്പറേഷന്‍ നടത്തുന്നത്.

മേയര്‍ വി.കെ.സി. മമ്മദ്കോയയുടെ ചേംബറില്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെയും ജപ്പാന്‍ കുടിവെള്ളപദ്ധതി ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നത്.  ഇതു സംബന്ധിച്ച് നഗരത്തില്‍ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന്‍ നടത്തുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മേയര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായ പദ്ധതികളുടെ പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കെ ബാക്കി പ്രവൃത്തികള്‍കൂടി ഉടന്‍ നിര്‍വ്വഹിക്കണമെന്ന് മേയര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.  എല്ലാ അങ്കണവാടികളിലും സ്കൂളുകളിലും കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.

ജൈക്ക പദ്ധതി പ്രകാരം 434 കിലോമീറ്ററാണ് വിതരണലൈന്‍ സ്ഥാപിക്കേണ്ടത്. ഇതില്‍ 192 കിലോമീറ്റര്‍ പൈപ്പ് സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്. ഇനി 242 കിലോമീറ്ററാണ് സ്ഥാപിക്കാന്‍ ബാക്കിയുള്ളത്. നഗരസഭയിലെ ചെറുവണ്ണൂര്‍, ബേപ്പൂര്‍, എലത്തൂര്‍ പ്രദേശങ്ങളില്‍ ജപ്പാന്‍ പദ്ധതി വഴി കുടിവെള്ളം വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മേയര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എലത്തൂര്‍ മേഖലയിലേക്ക് കുടിവെള്ള വിതരണം നടത്തുന്നതിനായി തലക്കുളത്തൂര്‍ ടാങ്കില്‍നിന്ന് പൂളാടിക്കുന്ന് ടാങ്കിലേക്ക് വെള്ളം എത്തിച്ച് വിതരണം നടത്തുന്നതിനുള്ള നടപടികളും കോര്‍പ്പറേഷന്‍ നടത്തും.

ചെറുവണ്ണൂര്‍, ബേപ്പൂര്‍ മേഖലകളില്‍ ജപ്പാന്‍ കുടിവെള്ളപദ്ധതി പ്രകാരം പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തി അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനും എരവത്തുകുന്ന്, തളി, കോവൂര്‍, മെഡിക്കല്‍ കോളജ്, ഈസ്റ്റ്ഹില്‍ തുടങ്ങിയ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനുമുള്ള നടപടികളും  സ്വീകരിച്ചിട്ടുണ്ട്. നഗരസഭയില്‍ കുടിവെള്ളക്ഷാമമുള്ള പ്രദേശങ്ങളില്‍ പൈപ്പ്ലൈന്‍ നീട്ടുന്നതിനും മറ്റും ആവശ്യമായ പ്രവൃത്തികള്‍ പദ്ധതി ഭേദഗതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിക്കുന്നതിനും തീരുമാനമുണ്ട്.

Leave a Reply