Home » പ്രകൃതി » കൃഷി » വിഷുവിന് വിരുന്നൂട്ടാന്‍ സിപിഎം

വിഷുവിന് വിരുന്നൂട്ടാന്‍ സിപിഎം

സി പി എം നേതൃത്വത്തിലുള്ള ജനകീയ ജൈവപച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ 710.2 ഏക്കറില്‍ കൂട്ടുകൃഷി സംഘടിപ്പിക്കാനൊരുങ്ങുകയാണ് ജൈവപച്ചക്കറി കൃഷി സമിതി. വിഷുവിന് വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യവുമായാണ് പദ്ധതി സംഘടിപ്പിക്കുന്നത്.

ജില്ലയിലെ 13 മണ്ഡലങ്ങളിലും പദ്ധതി നടപ്പാക്കും. വിവിധ കാര്‍ഷിക സംഘടനകള്‍, കാര്‍ഷിക ക്ലബ്ബുകള്‍, കൃഷി വകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കുറ്റ്യാടി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥലത്ത് കൂട്ടുകൃഷി (142 ഏക്കര്‍). നാദാപുരമാണ് തൊട്ടുപിന്നില്‍–136 ഏക്കര്‍. തിരുവമ്പാടി –98, വടകര–70, ബാലുശേരി–65, കുന്നമംഗലം–50, കൊയിലാണ്ടി– 47, കൊടുവള്ളി– 30.5, എലത്തൂര്‍–30, പേരാമ്പ്ര–20, ബേപ്പൂര്‍–12.7, കോഴിക്കോട് സൌത്ത്–നാല്, കോഴിക്കോട് നോര്‍ത്ത്–നാലര ഏക്കര്‍ എന്നിങ്ങനെയാണ് മണ്ഡലംതിരിച്ചുള്ള കണക്ക്. ഇവയ്ക്ക് പുറമെ വ്യക്തിഗത കൃഷിയും നടക്കും. മണ്ഡലത്തില്‍ ചുരുങ്ങിയത് 500 പേരെങ്കിലും പദ്ധതിയില്‍ പങ്കാളികളാകുമെന്ന് ശില്‍പ്പശാല വിലയിരുത്തി.

പഞ്ചായത്തുകള്‍,  മുനിസിപ്പാലിറ്റികള്‍,  കോര്‍പറേഷന്‍ എന്നീ തദ്ദേശസ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിലാണ് കൃഷി നടത്തുക. ഓരോ തദ്ദേശ സ്ഥാപനവും അവരുടെ പരിധിയില്‍ ഇതിനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കര്‍ഷകസംഘവും കര്‍ഷകതൊഴിലാളി യൂണിയനും ഉള്‍പ്പെടെയുള്ള കര്‍ഷക സംഘടനകളുടെ മേല്‍നോട്ടത്തില്‍ വാര്‍ഡ് തലത്തിലും വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഓരോ മേഖലയ്ക്കും കണ്‍വീനര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ മേല്‍നോട്ടത്തിലാണ് കൃഷിയുടെ മുന്നൊരുക്കങ്ങള്‍ നടക്കുക.

കര്‍ഷകര്‍ക്കുള്ള വിത്ത്, വളം എന്നിവ സൗജന്യമായി നല്‍കും. കര്‍ഷകരെ സഹായിക്കാന്‍ ഓരോ പഞ്ചായത്തിലും ബയോ ക്ലിനിക്കുകള്‍ ആരംഭിക്കും. കൃഷിക്കാര്‍ക്ക് വിദഗ്ധ ഉപദേശവും സാങ്കേതികസഹായം നല്‍കുകയുമാണ് ലക്ഷ്യം. ജൈവവള നിര്‍മാണത്തിലും പരിശീലനം നല്‍കും. ഈ മാസം 23ന് ഒരാഴ്ച നീളുന്ന പച്ചക്കറി കൃഷിയുടെ നടീല്‍ ഉത്സവം നടക്കും. വാര്‍ഡ് തലത്തില്‍ പച്ചക്കറി വിപണനത്തിനും സൗകര്യമൊരുക്കുന്നുണ്ട്.

കഴിഞ്ഞ ഓണത്തിന് ജില്ലയില്‍ 17 ലക്ഷം രൂപയുടെ ജൈവപച്ചക്കറികളാണ് സിപിഐ എം നേതൃത്വത്തില്‍ സംഘടിപ്പിച്ച കൂട്ടായ്മ വഴി വിറ്റഴിച്ചത്. 47 സ്റ്റാളുകളായിരുന്നു തുറന്നത്. 180 ഓളം ഏക്കറിലായിരുന്നു കൃഷി. ഇത്തവണ എല്ലാ വാര്‍ഡുകളിലും കൃഷി ആരംഭിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

Leave a Reply