അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധ നേടിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗം ചിത്രീകരിക്കാന്‍ കേരളത്തിലേക്ക് വീണ്ടുമെത്തുന്നു എന്ന് വാര്ത്തയെത്തിയപ്പോള് മുതല്‍ സിനിമ പ്രേമികള്‍ ആവേശത്തിലായിരുന്നു. അത് കണ്ണൂരിലാണെന്ന് അറിഞ്ഞപ്പോള്‍ കണ്ണൂരുകാരെ പോലെ തന്നെ ബാഹുബലിയുടെ രണ്ടാംഭാഗത്തിനായി കാത്തിരിക്കുന്ന കേരളത്തിലെ സിനിമാ പ്രേക്ഷകര്‍ക്ക് ആവേശം ഇരട്ടിയായി. പഴശ്ശിരാജയടക്കം നിരവധി സിനിമകള്‍ക്ക് വേദിയായ കണ്ണൂരിലെ കണ്ണവം വനത്തിലാണ് ബാഹുബലിയുടെ ഷൂട്ടിംഗ് നടക്കുന്നത്. ഷൂട്ടിംഗിനുള്ള സെറ്റ് ക്രമീകരിക്കുന്ന പരിപാടികള്‍ കഴിഞ്ഞ ദിവസമാണ് കണ്ണവം വനത്തില്‍ ആരംഭിച്ചത്. പക്ഷെ അതോടൊപ്പം തന്നെ വിവാദങ്ങളും ആരോപണങ്ങളും സെറ്റിട്ട് തുടങ്ങിയിരുന്നു. കണ്ണവം വനത്തില്‍ ഷൂട്ടിംഗ് അനുവദിച്ചതിനെ ചൊല്ലിയാണ് ബാഹുബലിയ്ക്കെതിരെ ഒരുകൂട്ടര്‍ തിരിഞ്ഞിരിക്കുന്നത്. വനമേഖലയിലെ ഷൂട്ടിംഗ് നിയമ വിരുദ്ധമാണെന്നും നിയമം ലംഘിച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നതെന്നുമാണ് ബാഹുബലിയ്ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം. എന്നാല്‍ ഇതിനെതിരെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കണ്ണൂര്‍ ഫോറസ്റ്റ് ഡിവിഷന് ഓഫീസര്‍. ബാഹുബലിയുടെ ഷൂട്ടിംഗിനായി അതിന്റെ അണിയറ പ്രവര്‍ത്തകര്‍ നിയമം ലംഘിച്ചിട്ടില്ലെന്നാണ് വിശദീകരണം. ഷൂട്ടിംഗിനായി അനുവാദം ചോദിച്ച് വനം വകുപ്പില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ പരിശോധിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. ബാഹുബലിയുടെ ഷൂട്ടിംഗിനായി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ വനം വകുപ്പിന്റെ നിര്‍ദ്ദേശം അറിയിക്കുകയും അത് പൂര്‍ണമായി അംഗീകരിക്കാമെന്ന് സംഘം രേഖാമൂലം ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. അത് മാത്രമല്ല 25 ദിവസത്തെ ഷൂട്ടിംഗിനായി പ്രതിദിനം 15000 രൂപ നിരക്കില്‍ മൂന്നര ലക്ഷത്തോളം രൂപ വനം വകുപ്പിലേക്ക് നല്‍കിയിട്ടുണ്ട്. രാത്രി വനത്തില്‍ ഷൂട്ടിംഗിന് അനുവാദമില്ല. പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങള്‍ വനത്തില്‍ നിക്ഷേപിക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. ഇതടക്കമുള്ള എല്ലാ നിര്‍ദ്ദേശങ്ങളും സംഘം പാലിക്കുന്നുണ്ടെന്നും. ലംഘിച്ചാല്‍ ഷൂട്ടിംഗ് നിര്ത്തിവെയ്പ്പിക്കുമെന്നാണ് വനം വകുപ്പിന്റെ നിലപാട്. തല്കാലം ബാഹുബലിയ്ക്കെതിരെയുള്ള ആരോപണത്തില്‍ കഴമ്പില്ലെന്നും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ കണ്ണൂരിലെ ഷൂട്ടിംഗ് സാധ്യതകള്‍ ഇല്ലാതാക്കുമെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.