സിനിമാ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബാഹുബലി 2വിന്റെ ചിത്രീകരണത്തിനായി സംവിധായകന് എസ് എസ് രാജമൗലിയും നായിക അനുഷ്കയും ഇന്ന് കണ്ണൂരില്‍. കണ്ണൂരിലെ ലൊക്കേഷനായ കണ്ണവം വനത്തിലാണ് നിര്‍മ്മാതാവ് ശോഭു നാഥിരി അടക്കമുള്ള സംഘം എത്തുന്നത്. രാജമൗലിയ്ക്കൊപ്പം ഭാര്യ രമാ രാജമൗലി, മക്കളായ കാര്‍ത്തികേയ, മയൂഖ എന്നിവരുമുണ്ട്.
ഹൈദരബാദിലെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷമാണ് സംഘം കണ്ണൂരിലെത്തിയത്. ഫൈറ്റ് മാസ്റ്റര്‍ ലീ, നടി അനുഷ്ക, ടെക്നിക്കല്‍ ടീം തുടങ്ങിയവര്‍ ഇന്നലെ ഉച്ചയോടെ തന്നെ കണ്ണൂരില്‍ എത്തിയിരുന്നു. ചിത്രീകരണത്തിനായി സെറ്റ് തയ്യാറാക്കുന്ന പ്രവൃത്തികള്‍ ദിവസങ്ങള്‍ക്ക് മുമ്പെ തന്നെ ആരംഭിച്ചിരുന്നു. കേരളത്തിലെ ലൊക്കേഷനുകള്‍ സിനിമാ സങ്കല്പങ്ങള്ക്ക് മനോഹരവും ഇന്ത്യന്‍ സിനിമയ്ക്കു മുതല്‍ക്കൂട്ടാണെന്നും സംവിധായകന് രാജമൗലി പറഞ്ഞു. പ്രൊഡക്ഷന്‍ കണ്ട്രോളര് അരവിന്ദനാണ് ബാഹുബലി ടീമിന് കണ്ണൂരിലെ ലൊക്കേഷനെ കുറിച്ച് അറിവ് നല്‍കിയത്. കണ്ണവം വനത്തിനുള്ളില്‍ 25 ദിവസത്തെ ഷൂട്ടിംഗ് അനുമതിയാണ് വനം വകുപ്പ് നല്‍കിയിട്ടുള്ളത്. സെറ്റിടല്‍ പൂര്‍ത്തിയായതിനാല്‍ വരും ദിവസങ്ങളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി സംഘം മടങ്ങും.