Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് നിന്ന് ബാംഗ്ലൂരിലേക്ക് അത്യാഡംബര സർവീസുമായി കര്‍ണാടക ആര്‍. ടി. സി

കോഴിക്കോട് നിന്ന് ബാംഗ്ലൂരിലേക്ക് അത്യാഡംബര സർവീസുമായി കര്‍ണാടക ആര്‍. ടി. സി

കോഴിക്കോട്ടുനിന്ന് ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കര്‍ണാടക ആര്‍. ടി. സി. അത്യാഡംബര ബസ് സര്‍വീസ് തുടങ്ങുന്നു. കോഴിക്കോടിനൊപ്പം സേലം, കോയമ്പത്തൂര്‍, തിരുപ്പതി, മടിക്കേരി എന്നിവിടങ്ങളില്‍നിന്നും സര്‍വീസ് തുടങ്ങും. രണ്ടുമാസത്തിനുള്ളില്‍ ഇത്തരം ബസുകള്‍ ഓടിത്തുടങ്ങും. നിലവില്‍ കര്‍ണാടകയിലെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് ഇത്തരം ഫ്‌ളൈ ബസുകള്‍ ഓടിക്കുന്നുണ്ട്.
ശൗചാലയവും ഭക്ഷണം പാചകംചെയ്യാനുള്ള സംവിധാനവും ഉള്‍പ്പെടുന്നതാണ് ഫ്‌ളൈ ബസുകള്‍. 2013-ല്‍ മൈസൂരുവില്‍നിന്നാണ് ആദ്യമായി ബെംഗളൂരു വിമാനത്താവളത്തിലേക്ക് ഇത്തരം ബസുകള്‍ തുടങ്ങിയത്. ആദ്യവര്‍ഷം പതിനഞ്ചുലക്ഷം രൂപയുടെ നഷ്ടമുണ്ടായെങ്കിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ലാഭത്തിലായി. പിന്നീട് മികച്ച സ്വീകാര്യതയാണ് ബസിന് ലഭിച്ചത്. ഇതോടെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഫ്്‌ളൈ ബസുകള്‍ ഓടിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കോഴിക്കോട്ടുനിന്നുള്ള ബസിന്റെ ടിക്കറ്റ് നിരക്കും സമയവും പിന്നീട് തീരുമാനിക്കും. ഏതൊക്കെ ഭക്ഷണമാണ് ബസില്‍ ലഭ്യമാക്കേണ്ടതെന്ന കാര്യം കോര്‍പ്പറേഷന്‍ ആലോചിച്ചുവരികയാണ്. മുതിര്‍ന്നവര്‍ക്ക് 800 രൂപയും കുട്ടികള്‍ക്ക് 650 രൂപയുമാണ് മൈസൂരുവില്‍നിന്ന് നിലവില്‍ ഈടാക്കുന്ന ടിക്കറ്റ് നിരക്ക്.
കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന ബസ് ബെംഗളൂരു വിമാനത്താവളത്തിലെത്തിയ ശേഷമായിരിക്കും ശാന്തിനഗര്‍ ബസ്സ്റ്റാന്‍ഡിലേക്ക് പോകുക. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്ക്കുമാത്രമല്ല, നാട്ടിലേക്കും നാട്ടില്‍നിന്ന് ബെംഗളൂരുവിലേക്കുമുള്ള യാത്രക്കാര്‍ക്കും ഫ്‌ളൈ ബസ് പ്രയോജനപ്പെടും.
15 ബസുകളാണ് കര്‍ണാടക ആര്‍. ടി.സി. ഇത്തവണ വാങ്ങുന്നത്. ഇതില്‍ പത്തുബസുകള്‍ മൈസൂരു, കുന്ദാപുര തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഓടുന്ന പഴയ ഫ്്‌ളൈ ബസുകള്‍ക്കുപകരം ഓടിക്കും. കൂടുതല്‍ സൗകര്യമുള്ള ബസുകളാണ് പുതിയത്. രണ്ടുവശങ്ങളിലും രണ്ടുസീറ്റുകളാണ് ഇതിലുണ്ടാകുക. പഴയ ബസുകളില്‍ ഒരു വശത്ത് മൂന്നുസീറ്റുകളാണ് ഉണ്ടായിരുന്നത്. ബസിനുള്ളില്‍ സൗകര്യം കുറയുന്നെന്ന യാത്രക്കാരുടെ പരാതിയെത്തുര്‍ന്നാണ് പഴയ ബസുകളില്‍ മാറ്റം വരുത്താന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. പുതിയ ബസുകളിലെ സീറ്റുകള്‍ക്ക് പിറകിലുള്ള എല്‍.ഇ.ഡി. സ്‌ക്രീനുകള്‍ കൂടുതല്‍ മികച്ചതായിരിക്കും. നൂറോളം ടി.വി. ചാനലുകള്‍ കാണാനുള്ള സൗകര്യവും ഉള്‍പ്പെടുത്തും.

Leave a Reply