കോഴിക്കോട് നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമായി പൂളാടിക്കുന്ന്-വെങ്ങളം ബൈപാസ് സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. റോഡിലെ അവസാന ഘട്ടമായ പൂളാടിക്കുന്ന്– വെങ്ങളം ബൈപാസ് ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും
വൈകീട്ട് നാലിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പാലോറമല ജങ്ഷനില്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഇതോടെ ഇടിമൂഴിക്കല്‍ മുതല്‍ വെങ്ങളം വരെയുള്ള 28.4 കി.മീ ബൈപാസ് യാഥാര്‍ഥ്യമാകും.
സംസ്ഥാന സര്‍ക്കാര്‍ സ്പീഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 144.06 കോടി ചെലവിട്ടാണ് 5.1 കി.മീറ്ററില്‍ പൂളാടിക്കുന്ന് മുതല്‍ വെങ്ങളം വരെയുള്ള അവസാനഘട്ട ജോലി പൂര്‍ത്തീകരിച്ചത്. കരാറെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി സര്‍ക്കാര്‍ നിര്‍ദേശിച്ചതിലും മൂന്നുമാസം മുമ്പാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും ബൃഹത്തായ റോഡ് പ്രവൃത്തി നിശ്ചയിച്ച തിയ്യതിക്കു മുമ്പ് പൂര്‍ത്തിയാക്കുന്നത്. മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവൃത്തി നടത്തിയാണ് ഈ നേട്ടം കൈവരിച്ചത്.
1981ലും- 82ലുമാണ് ബൈപാസിന്റെ അലൈന്മെന്റ് അനുമതിയായത്. കെ.പി. ഉണ്ണികൃഷ്ണന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയായിരിക്കേ കൈക്കൊണ്ട നടപടികളാണ് ബൈപാസ് യാഥാര്‍ഥ്യമാക്കിയത്.
45 മീറ്റര്‍ വീതിയിലായി നാലുവരിപ്പാതക്ക് വിവിധ ഘട്ടങ്ങളിലായി 49.716 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തത്. രാമനാട്ടുകര മുതല്‍ പന്തീരാങ്കാവ് വരെയുള്ള നിര്‍മാണ പ്രവൃത്തി തിരുവനന്തപുരം ആസ്ഥാനമായ ശ്രീധന്യ കണ്‍സ്ട്രക്ഷനാണ് ഏറ്റെടുത്ത് നടത്തിയത്. 370 മീറ്റര്‍ നീളമുള്ള അറപ്പുഴ പാലം പണി കൊച്ചി ആസ്ഥാനമായ ഏഷ്യന്‍ ടെക് ഏറ്റെടുത്ത് 2002ല്‍ ഉദ്ഘാടനം നടത്തി. പന്തീരാങ്കാവ് മുതല്‍ വെങ്ങളം വരെയുള്ള നിര്‍മാണ ജോലികള്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് ഏറ്റെടുത്ത് എല്ലാ റീച്ചുകളും കാലാവധിക്ക് മുമ്പ് വൈവിധ്യത്തോടെ പൂര്‍ത്തീകരിച്ചത്.
പൂളാടിക്കുന്നിനും വെങ്ങളത്തിനുമിടക്ക് ബൈപാസിന് ഇരുവശത്തും സര്‍വിസ് റോഡും നിര്‍മിച്ചു. 490 മീറ്ററില്‍ 13 സ്പാനുകളിലായി കോരപ്പുഴക്കും 190 മീറ്ററില്‍ അഞ്ച് സ്പാനുകളിലായി പുറക്കാട്ടിരി പുഴക്കും പാലം പണിതു. നാല് വലിയ അടിപ്പാതകളും പതിനഞ്ചോളം നടപ്പാതകളും നിര്‍മിച്ചിട്ടുണ്ട്. റോഡിന് ഇരുവശങ്ങളിലുമായി ഗാഡ് റെയില്‍ സംവിധാനവും പൂര്‍ത്തീകരിച്ചു. ഇതുമൂലം അപകടങ്ങളില്‍പ്പെടുന്ന വാഹനം താഴേക്ക് പതിക്കുന്നത് ഒഴിവാകുമെന്ന് ഊരാളുങ്കല്‍ സൊസൈറ്റി അസി. എന്‍ജിനീയര്‍ പി. സുനില്‍കുമാര്‍ പറഞ്ഞു. മൂന്ന് ജങ്ഷനുകളിലും സിഗ്നല്‍ സംവിധാനം, കാല്‍നട യാത്രക്കാര്‍ക്കായി സര്‍വിസ് റോഡുകളില്‍നിന്ന് പടികള്‍, കോരപ്പുഴ പാലത്തില്‍ സോളാര്‍ ലൈറ്റുകള്‍, പെയിന്റിങ്, സൈന്‍ ബോര്‍ഡുകള്‍, മണ്ണിട്ടുയര്‍ത്തിയ റോഡ് ഇടിയാതിരിക്കാനായി പാവ്ഡ് ഷോള്‍ഡര്‍,
ജങ്ഷനുകളില്‍ പൂന്തോട്ടം, പക്ഷികള്‍ക്ക് കൂടൊരുക്കിയ ബേഡ്സ് ക്രാഡില്‍, പലഭാഗത്തും ഇരുവശങ്ങളിലും മരങ്ങള്‍, ചെടികള്‍ എന്നിവയും വെച്ച് മലബാറിലെ മനോഹരമായ ബൈപാസാക്കി മാറ്റിയിരിക്കുകയാണ് പൂളാടിക്കുന്ന്-വെങ്ങളം ബൈപാസ്. എക്സിക്യൂട്ടിവ് എന്‍ജിനീയറായ ഇ.കെ. ഹൈദ്രു, അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍മാരായ കെ.പി. ചന്ദ്രന്, പി. സുനില്‍കുമാര്‍ എന്നിവരായിരുന്നു നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്.
ബൈപാസ് പൂര്‍ത്തിയായതോടെ വെങ്ങളത്തുനിന്ന് 28 കിലോമീറ്റര്‍കൊണ്ട് രാമനാട്ടുകരയിലെത്താം. കോഴിക്കോട് നഗരത്തിലെ ഗതാഗതക്കുരുക്കില്‍ അകപ്പെടാതെ മാംഗ്ലൂര്‍, കണ്ണൂര്‍ ഭാഗങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് മലപ്പുറം ഭാഗത്തേക്കും മലപ്പുറം ഭാഗത്തുനിന്ന് കണ്ണൂര്‍ ഭാഗത്തേക്കും എളുപ്പത്തില്‍ കടന്നുപോകാന്‍ ബൈപാസ് സഹായകമാകും.