Home » ന്യൂസ് & വ്യൂസ് » ദിലീപിന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ വീഴ്ച കൊണ്ടല്ല: ഡിജിപി

ദിലീപിന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ വീഴ്ച കൊണ്ടല്ല: ഡിജിപി

ദിലീപിന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ വീഴ്ച കൊണ്ടല്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കോടതിയുടെ നിയമപരമായ നടപടി മാത്രമാണ് ജാമ്യം. നിയമപരമായി ഉടനെ കുറ്റപത്രം സമര്‍പ്പിക്കേണ്ട ആവശ്യമില്ല. കുറ്റപത്രം സമര്‍പ്പിക്കാന്‍ സമ്മര്‍ദ്ദമില്ലെന്നും ഡിജിപി പറഞ്ഞു.

85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. ജയിലിന് പുറത്ത് സഹപ്രവര്‍ത്തകരും ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരും വന്‍ വരവേല്‍പ്പാണ് ദിലീപിന് വേണ്ടി തയ്യാറാക്കിയത്. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷാ സംവിധാനങ്ങളും ജലിയിന് പുറത്ത് ഒരുക്കിയിരുന്നു.
ആരാധകര്‍ ലഡു വിതരണം ചെയ്തും ദിലീപിന്റെ വലിയ കട്ടൗട്ടില്‍ മാലയിട്ടുമാണ് സന്തോഷം പങ്കിട്ടത്. ദിലീപിനെ മോചിപ്പിക്കാനുള്ള അങ്കമാലി മജിസ്‌ട്രേറ്റിന്റെ ഉത്തരവുമായി സഹോദരന്‍ അനൂപാണ് ആലുവ സബ്ജയിലിലെത്തിച്ചത്.

കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.സോപാധിക ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 35 പേജുള്ള ജാമ്യഹര്‍ജിയാണ് ദിലീപ് സമര്‍പ്പിച്ചത്. അന്വേഷണം അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. ഗൂഢാലോചനക്കേസ് ആയതിനാല്‍ ഇനി ജയിലില്‍ തുടരേണ്ടതില്ലെന്നും കോടതി അറിയിച്ചു.

1. പാസ്‌പോര്‍ട്ട്‌ മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിക്കണം.
2. ഒരു ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കണം.
3. രണ്ട് ആള്‍ ജാമ്യവും നല്‍കണം.
4. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്.
5. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം.

ജസ്റ്റിസ് സുനില്‍ തോമസാണ് വിധി പറഞ്ഞത്. അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം അവസാന ഘട്ടത്തിലാണെന്ന വാദം കോടതി അംഗീകരിച്ചു.

Leave a Reply