Home » നമ്മുടെ കോഴിക്കോട് » ഗെയില്‍ സമരത്തിനെതിരായ പൊലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് തിരുവമ്പാടി മണ്ഡലത്തില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

ഗെയില്‍ സമരത്തിനെതിരായ പൊലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് തിരുവമ്പാടി മണ്ഡലത്തില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

തിരുവമ്പാടി മണ്ഡലത്തില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. ഗെയില്‍ സമരത്തിനെതിരായ പൊലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് യുഡിഎഫ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. മലപ്പുറം ജില്ലയിലെ കീഴുപറമ്പ്, അരീക്കോട്, കാവനൂര്‍ പഞ്ചായത്തുകളിലും ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതായി സമരസമിതി അറിയിച്ചു.

ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായെത്തിയ നാട്ടുകാരും പൊലീസും തമ്മില്‍ മുക്കത്ത് സംഘര്‍ഷമുണ്ടാവുകയായിരുന്നു. വൈകീട്ട് മുക്കം പൊലീസ് സ്‌റ്റേഷനു മുന്നില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം നഗരത്തിന്റെ മറ്റു മേഖലകളിലേക്കും വ്യാപിച്ചു. പ്രതിഷേധക്കാര്‍ പൊലീസ് വാഹനം തല്ലിത്തകര്‍ത്തു. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് നാട്ടുകാര്‍ക്ക് നേരെ ഗ്രനേഡ് ഉപയോഗിച്ചു.
പൊലീസ് അറസ്റ്റ് ചെയ്തവരെ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് എം.ഐ ഷാനവാസ് എം.പി, മുന്‍ എം.എല്‍.എ മോയിന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ സമരസമിതി പ്രവര്‍ത്തകര്‍ പൊലീസ് സ്‌റ്റേഷനുമുന്നില്‍ ഉപവാസമിരിക്കുകയും ചെയ്തു. അതിനിടെ സമരക്കാരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ വലിയ സംഘര്‍ഷമായി മാറുകയായിരുന്നു.
എരഞ്ഞിമാവില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വേ നടത്താനെത്തിയ ഉദ്യോഗസ്ഥരുടെ വാഹനം സമരക്കാര്‍ അക്രമിച്ചതോടെയാണ്
സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
സമരക്കാര്‍ രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളും പൊലീസ് വാഹനവും തകര്‍ത്തിരുന്നു.

Leave a Reply