Home » ന്യൂസ് & വ്യൂസ് » സംസ്ഥാന സമിതിയിലെ വിമര്‍ശനം ശരിവച്ച് പി.ജയരാജന്‍

സംസ്ഥാന സമിതിയിലെ വിമര്‍ശനം ശരിവച്ച് പി.ജയരാജന്‍

സംസ്ഥാന സമിതിയിലെ വിമര്‍ശനങ്ങള്‍ ശരിവച്ച് പി. ജയരാജന്‍. സ്വയം വിമര്‍ശനം നടത്തി ഉള്‍ക്കൊള്ളേണ്ടത് ഉള്‍ക്കൊള്ളുമെന്ന് ജയരാജന്‍ പറഞ്ഞു. വിമർശനവും സ്വയം വിമർശനവുമില്ലെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടിയില്ല. എന്നെ വളർത്തിയ പാർട്ടിക്ക് എന്നെ വിമർശിക്കാനും അധികാരമുണ്ട്. യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ജയരാജന്‍ പറഞ്ഞു. തന്നോട് ആലോചിച്ചിട്ടല്ല ആൽബം തയാറാക്കിയത്. പാർട്ടി തീരുമാനിച്ച കാര്യങ്ങളാണ് കണ്ണൂർ ജില്ലാഘടകത്തിൽ നടക്കുന്നത്. കണ്ണൂരിനു മാത്രമായി പ്രത്യേകതയൊന്നുമില്ലെന്നും ജയരാജൻ വ്യക്തമാക്കി.

ജയരാജന്‍ സ്വയം മഹത്വവത്കരിക്കുകയാണെന്ന് സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. മഹത്വവത്കരണത്തിന്റെ ഭാഗമായി ജയരാജന്‍ ജീവിതരേഖയും നൃത്തശില്‍പ്പവും തയ്യാറാക്കിയെന്നും പാര്‍ട്ടിക്ക് അതീതനായി വളരാനുള്ള ജയരാജന്റെ നീക്കം അനുവദിക്കാനാകില്ലെന്നുമാണ് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയത്. ജയരാജന്റെ ഇത്തരം പ്രവൃത്തികള്‍ കണ്ണൂര്‍ ജില്ലയിലെ എല്ലാ ഘടകങ്ങളിലും റിപ്പോര്‍ട്ട് ചെയ്യാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

അതേസമയം തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെതിരെ വികാരഭരിതനായാണ് പി.ജയരാജന്‍ സംസ്ഥാന സമിതിയില്‍ പ്രതികരിച്ചത്. രേഖകള്‍ തയ്യാറാക്കിയതില്‍ തനിക്ക് പങ്കില്ലെന്നും കെ.കെ.രാഗേഷ് എംപിയാണ് രേഖകള്‍ തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞതായാണ് വിവരം.

പാര്‍ട്ടി നടപടികളില്‍ പ്രതിഷേധിച്ചു സംസാരിച്ച ജയരാജന്‍ പാര്‍ട്ടി നീക്കം അമ്പരിപ്പിക്കുന്നതാണെന്നും ഇങ്ങനെയാണെങ്കില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്നും അറിയിച്ചു. തുടര്‍ന്ന് സംസ്ഥാന സമിതി യോഗത്തില്‍ നിന്ന് അദ്ദേഹം ഇറങ്ങി പോകുകയും ചെയ്തു.

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജയരാജനെതിരെ സിപിഐഎം നേതൃത്വം നടപടി സ്വീകരിക്കാനൊരുങ്ങുന്നതെന്നാണ് പുറത്തു വരുന്ന സൂചനകള്‍. ജയരാജനെ അനുകൂലിച്ച് ഇറങ്ങിയ രേഖകള്‍ സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ചയായി. ചര്‍ച്ചയ്ക്കും ജയരാജന്റെ മറുപടിക്കും ശേഷം അവ സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയും ചെയ്തു.

തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച വാര്‍ത്തകള്‍ക്കിടെ ചേര്‍ന്ന സിപിഐഎം സംസ്ഥാന സമിതിയില്‍ തീര്‍ത്തും അപ്രതീക്ഷിതമായാണ് ജയരാജനെതിരെ നീക്കങ്ങള്‍ ഉണ്ടായത്. ജയരാജനെതിരെ ചില നീക്കങ്ങള്‍ നടക്കുന്നതായി സൂചനകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇത്ര കടുത്ത നടപടിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവെന്ന് പുറത്തറിഞ്ഞിരുന്നില്ല.

Leave a Reply