Home » ഇൻ ഫോക്കസ് » മംഗളം ഫോണ്‍കെണി: ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ചതായി മുഖ്യമന്ത്രി ചാനല്‍ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ

മംഗളം ഫോണ്‍കെണി: ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ചതായി മുഖ്യമന്ത്രി ചാനല്‍ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ

മുന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി വിവാദത്തില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. 16 ശുപാര്‍ശകളാണ് റിപ്പോര്‍ട്ടിലുള്ളത്.

ശശീന്ദ്രനെതിരെ വാർത്ത നൽകിയ ചാനലിനെതിരെ നിയമനടപടി സ്വീകരിക്കണം. ഇതിനായി കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിനു കത്തെഴുതും. മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണം. ചാനല്‍ മേധാവി ആര്‍ അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടി സ്വീകരിക്കണം. പ്രസ് കൗണ്‍സിലിനെ മീഡിയ കൗണ്‍സിലാക്കി മാറ്റണം. ദൃശ്യമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം വേണം. റിപ്പോര്‍ട്ടിന്റെ കോപ്പി ബ്രോഡ്കാസ്റ്റിംഗ് മിനിസ്റ്ററിക്ക് നല്‍കണം തുടങ്ങിയവയാണ് ശുപാര്‍ശകള്‍. വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഒരു സമിതിയേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഫോണ്‍ വിളി കേസിലെ ഗൂഢാലോചന ഡിജിപി അന്വേഷിക്കും. ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു. മാധ്യമപ്രവര്‍ത്തകരുമായി മന്ത്രിമാര്‍ ഇടപെടുന്നതിന് പെരുമാറ്റച്ചട്ടം വേണം.

ചാനലിന് സ്വയം നിയന്ത്രണം ഇല്ലായിരുന്നു. ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. കമ്മീഷന്റെ ചില ശുപാർശകളിൽ റിപ്പോർട്ട് നൽകുന്നതിനായി ഒരു കമ്മിറ്റിയെ സർക്കാർ നിയമിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച് സർക്കാർ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മംഗളം ചാനല്‍ പുറത്തുവിട്ട ഓഡിയോയില്‍ കേട്ടത് എ.കെ.ശശീന്ദ്രന്റെ ശബ്ദമാണെന്ന് തെളിഞ്ഞില്ല. റേറ്റിംഗ് കൂട്ടാന്‍ നടത്തിയ ഗൂഢാലോചനയായിരുന്നു അതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ശശീന്ദ്രന് മന്ത്രിയാകാന്‍ തടസമില്ലെന്നും എന്‍സിപിയാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply