Home » നമ്മുടെ കോഴിക്കോട് » മിഠായിത്തെരുവില്‍ വാഹനങ്ങള്‍ നിരോധിക്കില്ല; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും കലക്ടര്‍

മിഠായിത്തെരുവില്‍ വാഹനങ്ങള്‍ നിരോധിക്കില്ല; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും കലക്ടര്‍

മിഠായിത്തെരുവില്‍ വാഹനങ്ങള്‍ നിരോധിക്കില്ലെന്നും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കലക്ടര്‍ യു.വി. ജോസ്. വ്യാപാരികള്‍ക്കു ദോഷമുണ്ടാക്കുന്നതൊന്നും ചെയ്യില്ല. ഗതാഗത നിയന്ത്രണം ഏതു തരത്തില്‍വേണമെന്ന് നിശ്ചയിക്കാന്‍ ഒരുതലത്തില്‍കൂടി ചര്‍ച്ച നടത്തേണ്ടതുണ്ട്. മിഠായിത്തെരുവിലെ വ്യാപാരികളുമായുള്ള മുഖാമുഖത്തില്‍ പ്രസംഗിക്കുകയായിരുന്നു കലക്ടര്‍. മിഠായിത്തെരുവിന്റെ രാവുകള്‍ക്കു ഭംഗിപകരാന്‍ മനോഹരമായ വൈദ്യുതി വിളക്കുകള്‍ ഒരുങ്ങുകയാണ്.
ഇതിന്റെ പരിപാലനം സ്വകാര്യ ഏജന്‍സിയെ ഏല്‍പിക്കും. അതിനുള്ള ചെലവ് വിളക്കുകളില്‍ വയ്ക്കുന്ന പരസ്യങ്ങളിലൂടെയാണ് കണ്ടെത്തുക. തറയില്‍ പാകിയ കോബിള്‍ സ്റ്റോണിന്റെ പരിപാലനവും തെരുവു വൃത്തിയാക്കുന്നതും തല്‍ക്കാലം ഊരാളുങ്കല്‍ സൊസൈറ്റി തന്നെ ഏറ്റെടുക്കും. പിന്നീട് സ്വകാര്യ ഏജന്‍സിക്ക് കൈമാറും. പാകിയ കല്ലുകള്‍ക്കിടയിലെ അഴുക്കുകള്‍ യന്ത്രമുപയോഗിച്ച് വലിച്ചെടുക്കുകയാണു ചെയ്യുക. തെരുവ് സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാക്കും.
ഏതാനും ദിവസങ്ങള്‍ക്കകം മുഖ്യമന്ത്രി നിര്‍വഹിക്കാന്‍ പോകുന്ന നവീകരിച്ച തെരുവിന്റെ ഉദ്ഘാടനം ഗംഭീരമാക്കാന്‍ വ്യാപാരികളുടെ സഹകരണവും കലക്ടര്‍ അഭ്യര്‍ഥിച്ചു. കോഴിക്കോടിന്റെ പൈതൃകമൊന്നും നാലാളുകാണാന്‍ വിധം പ്രദര്‍ശിപ്പിക്കാന്‍ നമുക്കു കഴിഞ്ഞിട്ടില്ല. ഗുജറാത്തി തെരുവും കുറ്റിച്ചിറയും വലിയങ്ങാടിയുമെല്ലാം സഞ്ചാരികള്‍ക്കു വിരുന്നാകും വിധം ഒരുക്കാനുള്ള പദ്ധതി വരുന്നുണ്ടെന്നും യു.വി. ജോസ് പറഞ്ഞു.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംഘടിപ്പിച്ച പരിപാടിയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ. സേതുമാധവന്‍, എ.വി.എം. കബീര്‍, എം. ഷാഹുല്‍ ഹമീദ്, കെ.പി. അബ്ദുല്‍ റസാഖ്, കെ.എം. ഹനീഫ, എം.കെ. ഗംഗാധരന്‍, പി.വി. ഉസ്മാന്‍ കോയ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply