കാത്തിരിപ്പിന് ആശ്വാസമായി, ബ്രസീല്‍ ഇതിഹാസതാരത്തെ കാത്ത് ആയിരങ്ങളാണ് ദിവസമെണ്ണിയിരുന്നത്. ഒടുവില്‍ ആ സ്വപ്നം യാഥാര്‍ത്ഥ്യമാവുകയായിരുന്നു. റൊണാള്‍ഡീന്യോയുടെ ചിത്രം പതിച്ച പ്ലക്കാര്‍ഡുകളുമായി ആര്‍പ്പുവിളികളോടെ നഗരം ഒട്ടാകെ ആവേശതിമര്‍പ്പിലായിരുന്നു. കോഴിക്കോട്ടെത്തുന്ന റൊണാള്‍ഡീന്യോയെ വരവേറ്റത് ജനസാഗരമായിരുന്നു.
ചടങ്ങുതുടങ്ങുന്നതിനും എത്രയോ മുമ്പ് നഗരം ഫുട്ബോള്‍ പ്രേമികള്‍ കൈയടക്കിക്കഴിഞ്ഞു. രാവിലെ മുതലേ ബീച്ചിലേക്കൊഴുകുന്ന ആളുകളുടെ എണ്ണം പതിവിലും കൂടുതലായിരുന്നു. സൂര്യനസ്തമിക്കും മുമ്പേ ബീച്ച് നിറഞ്ഞു. വേലിക്കെട്ടുകള്‍ക്കപ്പുറം ആര്‍പ്പുവിളിച്ചും പ്രിയതാരത്തിന്റെ ചിത്രമടങ്ങിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചും ആരാധകര്‍ അദ്ദേഹത്തെ കാത്തിരുന്നു.
ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ കടപ്പുറത്തെ വേദിയിലേക്ക് രാത്രി ഏഴരയോടെ എത്തിയ റൊണാള്‍ഡീന്യോയെ ആരവങ്ങള്തീര്ത്താണ് ജനം എതിരേറ്റത്. വേലിക്കെട്ടുകള്‍ ഭേദിച്ച് വേദിക്ക് താഴേക്കിറങ്ങിയ ജനത്തെ നിയന്ത്രിക്കാന്‍ പോലീസ് കുറച്ചൊന്നുമല്ല പ്രയാസം നേരിടേണ്ടി വന്നത്. റോഡും പരിസരവും ഒരുപോലെ ജനത്തിരക്ക്. ഫുട്ബോള്‍ പ്രേമികളുടെ ‘റൊണാള്‍ഡീന്യോ’ എന്ന ആവര്‍ത്തിച്ച വിളികള്‍ കടലോരത്ത് മുഴങ്ങിക്കൊണ്ടേയിരുന്നു.
കോഴിക്കോട് കടപ്പുറത്തുനിറഞ്ഞ ആരാധകരെ സാക്ഷിയാക്കി നാഗ്ജി ഫുട്ബോളിന്റെ ഔപചാരിക ഉദ്ഘാടനം റൊണാള്‍ഡിന്യോ നിര്‍വഹിച്ചു. ഫെബ്രുവരി അഞ്ച് മുതല്‍ 21 വരെയാണ് മത്സരങ്ങള്‍. ഏഴ് വിദേശ ടീമുകളുള്‍പ്പെടെ എട്ട് ടീമുകളാണ് 21 വര്‍ഷത്തിനുശേഷം തിരിച്ചെത്തുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. അര മണിക്കൂര്‍മാത്രം വേദിയിലുണ്ടായിരുന്ന റൊണാള്‍ഡീന്യോ ആവേശംപകര്‍ന്ന നിമിഷങ്ങളാണ് സമ്മാനിച്ചത്. ആരാധകര്‍ക്കിടയിലേക്ക് പലവട്ടം കൈവീശി, ചുംബനങ്ങള്‍ വായുവിലൂടെ പറത്തിവിട്ടു. ആവേശം മൊബൈലില്‍ പകര്‍ത്തി. തലകുനിച്ച് സദസ്സിനെ വണങ്ങി. വീണ്ടും കൈവീശി– ‘സന്തോഷമുണ്ട്, നന്ദി’ എന്നീ വാക്കുകളില്‍ എല്ലാം സമര്‍പ്പിച്ചു.
നാഗ്ജി ട്രോഫി നാഗ്ജി കുടുംബാംഗം സന്ദീപ് മേത്തയില്‍ നിന്നും റൊണാള്‍ഡിന്യോ ഏറ്റുവാങ്ങി. തുടര്‍ന്ന് ജില്ലാ ഫുട്ബാള്‍ അസോസിയേഷന് പ്രസിഡന്റ് ഡോ. സിദ്ധിഖ് അഹമ്മദ്, സെക്രട്ടറി പി ഹരിദാസന് എന്നിവര്‍ക്ക് ട്രോഫി കൈമാറി. ഇവര്‍ ട്രോഫി ടൂര്‍ണമെന്റിന്റെ പ്രമോട്ടര്‍മാരായ മോണ്ടിയാല്‍ സ്പോര്‍ട്സ് അധികൃതരെ എല്‍പ്പിച്ചു. മോണ്ടിയാല്‍ സ്പോര്‍ട്സ് ചെയര്മാന് ഹിഫ്സു റഹ്മാന് അധ്യക്ഷനായി. എ പ്രദീപ്കുമാര്‍ എംഎല്‍എ സ്വാഗതം പറഞ്ഞു.
സൗദി അറേബ്യയില്‍നിന്നും രാവിലെ നെടുമ്പാശേരിയിലെത്തിയ താരത്തെ പ്രത്യേകവിമാനത്തില്‍ ഒമ്പതരയോടെ കരിപ്പൂരിലെത്തിച്ചു. ആവേശം അണപൊട്ടി ഒഴുകിയെത്തിയ മലബാറിലെ കാല്‍പ്പന്തുകളി ആരാധകരുടെ തിക്കും തിരക്കും കാരണം റൊണാള്‍ഡീന്യോയ്ക്ക് പുറത്തിറങ്ങാന്‍ ഒരു മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നു. ‘ഫുട്ബാള്‍ ഫോര്‍ പീസ്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 8.30ന് നടക്കാവ് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിര്‍വഹിക്കും. തുടര്‍ന്ന് കോര്പറേഷന് ഇഎംഎസ് സ്റ്റേഡിയവും സന്ദര്‍ശിച്ച ശേഷം പതിനൊന്നോടെ കോഴിക്കോടിനോട് യാത്ര പറയും.