Home » ന്യൂസ് & വ്യൂസ് » ആധാര്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്

ആധാര്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്

ആധാറില്‍ ഇടക്കാലാശ്വാസം. ആധാര്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. മൊബൈല്‍, ബാങ്ക് അക്കൗണ്ട്‌, പാന്‍ കാര്‍ഡ് എന്നിവയ്ക്കാണ് ഉത്തരവ് ബാധകം. മൊബൈലിന് അനുവദിച്ചിരുന്നത് ഫെബ്രുവരി ആറ് വരെ മാത്രമായിരുന്നു. ബാങ്ക് അക്കൗണ്ട്‌ തുറക്കാന്‍ ആധാര്‍ നമ്പര്‍ മതിയാകും.

ആധാർ നമ്പറും പാൻ നമ്പറും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 31വരെ നീട്ടിയതായി കേന്ദ്ര ധനമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അക്കൗണ്ട് തുടങ്ങുന്നവർ ആറു മാസത്തിനകം ആധാർ, പാൻ നമ്പരുകൾ ലഭ്യമാക്കണമെന്നുമാണു സർക്കാർ അറിയിച്ചത്.

ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരെ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളിലാണ് അഞ്ചംഗ ഭരണഘടനാബഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ആധാറിന്റെ പേരില്‍ സേവനങ്ങള്‍ നിഷേധിക്കരുതെന്ന് സുപ്രീംകോടതി പലതവണ നിര്‍ദേശം നല്‍കിയിട്ടും കേന്ദ്രം ചെവിക്കൊളളുന്നില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാനപരാതി. അതിനാല്‍ ആധാര്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനങ്ങള്‍ സ്റ്റേ ചെയ്യണം. ആധാര്‍ താല്‍പര്യമുളളവര്‍ മാത്രം എടുത്തിയാല്‍ മതിയെന്ന മുന്‍നിലപാടില്‍ കോടതി ഉറച്ചുനില്‍ക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

എല്‍.പി.ജി അടക്കം ആറ് സേവനങ്ങള്‍ക്കാണ് ആധാര്‍ നേരത്തേ നിര്‍ബന്ധമാക്കിയത്. പിന്നീടിത് നൂറ്റിമുപ്പത്തിയൊന്‍പത് സേവനങ്ങള്‍ക്ക് കൂടിയാക്കി. പൗരന്റെ മുഴുവന്‍ പ്രവൃത്തികളും സര്‍ക്കാരിന്റെ നിയന്ത്രണത്തിലാകുമെന്നും ഹര്‍ജിക്കാര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പദ്ധതി എന്ന നിലയില്‍ നിന്ന് നിയമത്തിലേക്ക് മാറിയ സാഹചര്യത്തില്‍ ആധാര്‍ സ്റ്റേ ചെയ്യരുതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. ബാങ്ക് അക്കൗണ്ട് അടക്കം സേവനങ്ങള്‍ ബന്ധിപ്പിക്കാന്‍ മാര്‍ച്ച് മുപ്പത് വരെ സമയം നീട്ടിയതായും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

Leave a Reply