Home » നമ്മുടെ കോഴിക്കോട് » ക്രിസ്തുമസ്-പുതുവത്സരാഘോഷം: പ്രത്യേകഭക്ഷണങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്

ക്രിസ്തുമസ്-പുതുവത്സരാഘോഷം: പ്രത്യേകഭക്ഷണങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്

കോഴിക്കോട്: ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ ഉത്പാദിപ്പിക്കുന്ന പ്രത്യേകഭക്ഷണങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇതിനായി ജില്ലയിലെ ബേക്കറികളിലും കേക്ക് മിക്സിങ് യൂണിറ്റുകളിലും കേന്ദ്രീകരിച്ചു നടത്തുന്ന ക്രിസ്മസ് സ്പെഷല്‍ ഡ്രൈവ് രണ്ടാം ഘട്ടത്തിലേക്ക്. ആദ്യഘട്ടം പൂര്‍ത്തിയായപ്പോള്‍ നിര്‍മാണരംഗത്തുള്ളവര്‍ ജാഗ്രത പാലിക്കുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷ ഇന്റലിജന്‍സ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.എസ്. ജനാര്‍ദനന്‍ പറഞ്ഞു.

സാധാരണ ക്രിസ്മസിന്റെ ഭാഗമായി ഇറങ്ങുന്ന കേക്കുകള്‍ ആകര്‍ഷകമാക്കാനായി നിറങ്ങളും മാരകരാസവസ്തുക്കളും ചേര്‍ക്കാറുണ്ട്. ഇത് തടയുന്നതിനായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കീഴില്‍ മൂന്ന് ഘട്ടങ്ങളിലായി റെയ്ഡ് നടത്തും. ജില്ലയിലെ കേക്ക് നിര്‍മാണ യൂണിറ്റുകള്‍, ബേക്കറികള്‍, കേക്ക് മിക്സിങ് പരിപാടികള്‍, തുടങ്ങിയ ഇടങ്ങളിലാണ് പരിശോധനകള്‍. കേക്കിന് അമിതമായി നിറം, രുചി എന്നിവ നല്‍കുന്ന രാസവസ്തുക്കള്‍ ചേര്‍ക്കുന്നുണ്ടോ, കേക്കിന്റെ പാക്കിങ് ലേബലില്‍ എല്ലാ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തുന്നുണ്ടോ, വൃത്തിശൂന്യമായ അന്തരീക്ഷത്തിലാണോ കേക്കുകള്‍ നിര്‍മിക്കുന്നത് തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇത് കൂടാതെ ഭക്ഷ്യവസ്തുക്കള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന എസന്‍സ്, വസ്തുക്കള്‍ എന്നിവയുടെ കാലാവധി, ഗുണനിലവാരം എന്നിവയും പരിശോധിക്കും.

പരിശോധന രണ്ടാംഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പ്രിന്റ് ചെയ്ത സ്ഥാപനത്തിന്റെ ലേബല്‍ പലരും ഭക്ഷ്യ പദാര്‍ഥത്തിന്റെയൊപ്പം ഭക്ഷണം പാക്ക് ചെയ്യുന്ന കവറിനുള്ളില്‍ വെക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് 3000 രൂപ വരെ ഈടാക്കിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. സംശയം തോന്നിയ കടകളില്‍നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലത്തിനനുസരിച്ച് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കും.

പരിശോധന നടത്തുന്നതിനു മുമ്പുതന്നെ നിര്‍മാണ യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസുകളും കൃത്യമായ നിര്‍ദേശങ്ങളും നല്‍കിയിരുന്നു. ഇതുകൂടാതെ ഇടവിട്ട് പലപ്പോഴായി നടത്തിയ പരിശോധനകളും ഫലം കണ്ടെന്നും അദ്ദേഹം പറഞ്ഞു. 20 മുതല്‍ 24 വരെ മൂന്നാംഘട്ട പരിശോധനകള്‍ നടക്കും.

Leave a Reply