Home » ഇൻ ഫോക്കസ് » മുത്തലാഖ് ബില്‍ ഇന്ന് പാര്‍ലമെന്റില്‍

മുത്തലാഖ് ബില്‍ ഇന്ന് പാര്‍ലമെന്റില്‍

മുത്തലാഖ് നിരോധിക്കാനുള്ള ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലുന്നതു നിയമവിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന ബില്ലാണു കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ അവതരിപ്പിക്കുക. വേണ്ടത്ര ചര്‍ച്ചകള്‍ നടത്താതെയാണു കരടു തയാറാക്കിയതെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം. ബില്‍ പാര്‍ലമെന്റിന്റെ സംയുക്തസമിതിക്കു വിടണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടേക്കും.

മുസ്‌ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്‍ എന്ന പേരിലാണു പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. മൂന്നു തലാഖുകളും ഒറ്റത്തവണചൊല്ലി വിവാഹ മോചനം തേടുന്ന രീതിയാണു മുത്തലാഖ്. മുത്തലാഖ് ചൊല്ലുന്ന പുരുഷനു മൂന്നുവര്‍ഷംവരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണു ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം പ്രാബല്യത്തില്‍ വന്നാല്‍ മുത്തലാഖിനു വിധേയമാകുന്ന ഭാര്യയ്ക്കു ഭര്‍ത്താവിനെതിരെ പൊലീസിനെ സമീപിക്കുകയോ, നിയമസഹായം തേടുകയോ ചെയ്യാവുന്നതാണ്. പ്രായപൂര്‍ത്തിയാകാത്ത മക്കളെ തനിക്കൊപ്പം വിടണമെന്നു ഭാര്യയ്ക്കു കോടതിയോട് ആവശ്യപ്പെടാം.

വിവാഹമോചനശേഷം സ്ത്രീക്കും കുഞ്ഞിനും ജീവനാംശത്തിന് അര്‍ഹതയുണ്ടെന്നും ബില്ലില്‍ പറയുന്നു. വാക്കാലോ എഴുതിയോ എസ്എംഎസ്- വാട്‌സാപ്പ് തുടങ്ങിയ സന്ദേശസംവിധാനങ്ങളിലൂടെയോ ഉള്ള ഒറ്റത്തവണ മുത്തലാഖ് അസാധുവാകും. ജമ്മു കശ്മീര്‍ ഒഴികെ രാജ്യമെങ്ങും ബാധകമാകുന്നതാണു നിയമം. ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലിയുള്ള ഇസ്‌ലാമിക വിവാഹമോചന രീതി നിയമവിരുദ്ധമാണെന്നു സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് കഴിഞ്ഞ ഓഗസ്റ്റ് 22നു വിധിച്ചിരുന്നു.

Leave a Reply