Home » നമ്മുടെ കോഴിക്കോട് » നവീകരിച്ച മിഠായിത്തെരുവ് ഇന്നു മുഖ്യമന്ത്രി നാടിനു സമര്‍പ്പിക്കും

നവീകരിച്ച മിഠായിത്തെരുവ് ഇന്നു മുഖ്യമന്ത്രി നാടിനു സമര്‍പ്പിക്കും

നവീകരിച്ച മിഠായിത്തെരുവ് ഇന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിക്കും. വൈകിട്ട് ഏഴിന് മാനാഞ്ചിറ മൈതാനത്തെ തുറന്ന വേദിയിലാണ് ഉദ്ഘാടനം. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ടൂറിസം വകുപ്പിന്റെ 6.26 കോടി രൂപ ഉപയോഗിച്ചാണ് എസ്‌കെ പ്രതിമ മുതല്‍ മേലേ പാളയം റോഡ് വരെയുള്ള 400 മീറ്റര്‍ തെരുവില്‍ പദ്ധതി നടപ്പാക്കിയത്. കോഴിക്കോട് പട്ടണത്തില്‍ മറ്റെവിടെയുമില്ലാത്ത വൈവിധ്യക്കാഴ്ചകളാണ് മിഠായിത്തെരുവില്‍ ഒരുങ്ങുന്നത്. ചിത്രപ്പണിയെ ഓര്‍മപ്പെടുത്തുന്ന കരിങ്കല്‍ പാതയും ചരിത്രം തുടിച്ചു നില്‍ക്കുന്ന ചുമര്‍ ചിത്രങ്ങളും ആധുനിക സുരക്ഷാ സംവിധാനങ്ങളുമായാണ് തെരുവ് പുതിയ നാളുകളെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്.

പദ്ധതിയുടെ ഭാഗമായി തെരുവിലുടനീളം ഫയര്‍ ഹൈഡ്രന്റുകള്‍ സ്ഥാപിക്കുകയും 1250 സ്ഥാപനങ്ങളിലേക്കുമുള്ള വൈദ്യുതി, ടെലിഫോണ്‍ കണക്ഷനുകള്‍ ഭൂഗര്‍ഭ കേബിളുകള്‍ വഴിയാക്കുകയും ചെയ്തു. കടകളിലെ അഗ്‌നിശമന സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കി. റോഡില്‍ കോബിള്‍ സ്റ്റോണുകള്‍ പാകുകയും തെരുവിനു മുകളിലായി പ്രത്യേക ഫ്രെയിം സ്ഥാപിച്ച് വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഇതോടൊപ്പം എസ്‌കെ പ്രതിമയോടു ചേര്‍ന്ന് എസ്‌കെ സ്‌ക്വയറും തയാറാക്കിയിട്ടുണ്ട്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പ്രവൃത്തിയുടെ കരാര്‍ ഏറ്റെടുത്തത്. ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും ടി.പി. രാമകൃഷ്ണനും പങ്കെടുക്കും.

ഫെബ്രുവരിയിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്നായിരുന്നു അഗ്‌നിസുരക്ഷയ്ക്കു പ്രാധാന്യം നല്‍കി നവീകരണം നടത്താന്‍ തീരുമാനം.

Leave a Reply