Home » കലാസാഹിതി » മോയിന്‍കുട്ടി വൈദ്യര്‍ മഹോത്സവം തുടങ്ങി; 27 മുതല്‍ കൊണ്ടോട്ടിയിൽ

മോയിന്‍കുട്ടി വൈദ്യര്‍ മഹോത്സവം തുടങ്ങി; 27 മുതല്‍ കൊണ്ടോട്ടിയിൽ

മാപ്പിള കലാ അക്കാദമിയുടെ വാര്‍ഷിക പരിപാടിയായ വൈദ്യര്‍ മഹോത്സവം- മാനവീയം ഇശലിമ്പം-തുടങ്ങി. തിരുവനന്തപുരത്തെ മാനവീയം വീഥിയില്‍ എം.എ ബേബി ഉദ്ഘാടനംചെയ്തു. 27 മുതല്‍ കൊണ്ടോട്ടിയിലെ മാപ്പിള കലാ അക്കാദമിയിലാണ് വിപുലമായ പരിപാടികള്‍.

27ന് രാവിലെ 10 മണിക്ക് വിദ്യാര്‍ഥികള്‍ക്കുളള ചിത്രരചനാ പരിശീലനത്തോടെയാണ് വൈദ്യര്‍ സ്മാരകത്തിലെ പരിപാടികള്‍ക്ക് തുടക്കമാവുക. പകല്‍ രണ്ടിന് ഭിന്നശേഷിക്കാരുടെയും കുടുംബശ്രീ അംഗങ്ങളുടെയും കലാമേള അരങ്ങേറും. വൈകുന്നേരം ആറുമണിക്ക് നടക്കുന്ന കലാസായാഹ്നം എ. പി അഹമ്മദ് ഉദ്ഘാടനം ചെയ്യും. സംഗീതശില്‍പ്പം, വൈദ്യര്‍ ഒരു കാവ്യ വിസ്മയം ഡോക്യുമെന്‍ററി പ്രദര്‍ശനം, പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികളുടെ അവതരണം എന്നിവയുണ്ടാകും.

28ന് സാഹിത്യ സെമിനാറില്‍ ഹുസ്നുല്‍ ജമാല്‍ ബദറുല്‍ മുനീര്‍-ബഹുവിധ വായന എന്ന വിഷയത്തില്‍ ഡോ. വി ഹിക്മത്തുള്ള, ലിസി മാത്യു, നൗഫല്‍, ഷെറിന്‍ ബിഎസ് എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും. പകല്‍ രണ്ടിന് അക്കാദമി വിദ്യാര്‍ഥികളുടെ അരങ്ങേറ്റം നടക്കും. ഒ. എം കരുവാരക്കുണ്ട് ഉദ്ഘാടനംചെയ്യും.

വൈകിട്ട് ഏഴുമണിക്ക് പാട്ടുകാരുടെ കൂടിച്ചേരല്‍ പാട്ടിമ്പം അരങ്ങേറും.
29ന് രാവിലെ 10ന് മലയാള കാവ്യ പാരമ്പര്യം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ സംഗീതനാടക അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനംചെയ്യും. എം എന്‍ കാരശ്ശേരി അധ്യക്ഷനാകും.

ദാര്‍ശനിക കാവ്യങ്ങള്‍ എന്ന വിഷയത്തില്‍ വി മധുസൂദനന്‍ നായര്‍, പ്രണയകാവ്യങ്ങള്‍ എന്ന വിഷയത്തില്‍ ജി ഉഷാകുമാരി, ഇതിഹാസകാവ്യങ്ങള്‍ എന്ന വിഷയത്തില്‍ അഡ്വ. എം കേശവന്‍ നായര്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും. വൈകിട്ട് 4.30ന് പാടിപ്പറയല്‍ മത്സരവും മാപ്പിളകലകളുടെ അവതരണവുമുണ്ടാകും. രാത്രി എട്ടിന് മലയാള സിനിമയിലെ മാപ്പിളപ്പാട്ടുകളിലൂടെ ഒരു യാത്ര-ജയകൃഷ്ണന്‍ ഷോ അരങ്ങേറും. കെ വി അബൂട്ടി ഉദ്ഘാടനംചെയ്യും.

30ന് സമാപനദിവസം രാവിലെ 10ന് മാപ്പിളപ്പാട്ട് രചനാ മത്സരത്തോടെ പരിപാടി ആരംഭിക്കും. വി. എം. കുട്ടി ഉദ്ഘാടനംചെയ്യും. 11 മുതല്‍ 1-30 വരെ ചിത്രരചനാ മത്സരം നടക്കും. പകല്‍ 2-30ന് നടക്കുന്ന കവിയരങ്ങ് ബാലകൃഷ്ണന്‍ ഒളവട്ടൂര്‍ ഉദ്ഘാടനംചെയ്യും. വൈകിട്ട് 6.30ന് സാംസ്കാരിക മന്ത്രി എ. കെ. ബാലന്‍ സമാപന സമ്മേളനം ഉദ്ഘാടനംചെയ്യും. മാനവീയം വേദി സഹൃദയര്‍ക്കായ് തുറന്നുകൊടുക്കും.  പി കെ കുഞ്ഞാലിക്കുട്ടി എം പി, ടി വി ഇബ്രാഹിം എംഎല്‍എ എന്നിവര്‍ പങ്കെടുക്കും. രാത്രി 8 മണിക്ക് വിളയില്‍ ഫസീല നയിക്കുന്ന മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ വൈദ്യര്‍ രാവ് അരങ്ങേറും.

Leave a Reply