Home » കലാസാഹിതി » എഴുത്തുമേശ » പെണ്ണുങ്ങൾക്ക് ഗുണമുള്ള ഭാഷയല്ല മലയാളം; അത് പുരുഷനുവേണ്ടിയുള്ളത്: എം എൻ കാരശ്ശേരി

പെണ്ണുങ്ങൾക്ക് ഗുണമുള്ള ഭാഷയല്ല മലയാളം; അത് പുരുഷനുവേണ്ടിയുള്ളത്: എം എൻ കാരശ്ശേരി

മലയാള ഭാഷയോ സംസ്കാരമോ സ്ത്രീകള്‍ക്ക് ഒരു വിലയും നല്‍കുന്നില്ലെന്നും അവരെ ഭാഷയക്ക് ഉള്‍ക്കൊള്ളാനായിട്ടില്ലെന്നും എം എന്‍ കാരശ്ശേരി. അമ്മയെ തല്ലിയാലും രണ്ടുപക്ഷമുണ്ടെന്ന ചൊല്ല് ലോകത്ത് മലയാളത്തിലല്ലാതെ മറ്റൊരു ഭാഷയിലുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. വൈദ്യര്‍ മഹോത്സവത്തോടനുബന്ധിച്ച് നടന്ന മലയാള കാവ്യപാരമ്പര്യം എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു കാരശ്ശേരി.

സാംസ്കാരികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നത് എന്ന് നമ്മള്‍ മേനിനടിക്കുന്ന കേരളത്തില്‍ ഇന്നുവരെ ഒരു വനിത മുഖ്യമന്ത്രിയായിട്ടില്ല. കെ ആര്‍ ഗൗരി മുഖ്യമന്ത്രിയാകുമെന്ന് ഒരു ഘട്ടത്തില്‍ നാം വിചാരിച്ചിരുന്നെങ്കിലും സംഭവിച്ചില്ല. പ്രധാനമന്ത്രി, രാഷ്ട്രപതി എന്നീ സ്ഥാനങ്ങളിലെല്ലാം വനിതകള്‍ വന്നു. വിവരമില്ല എന്ന് നമ്മള്‍ കളിയാക്കുന്ന പല സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരായി സ്ത്രീകള്‍ വന്നു. സാംസ്കാരിക കേരളത്തില്‍ അതൊരു പ്രശ്നമേ ആകുന്നില്ല.

കഥകളും കവിതകളും മലയാളത്തിലെഴുതിയിരുന്ന മാധവിക്കുട്ടിക്ക് തന്‍റെ ആത്മകഥ ഇംഗ്ലീഷിലെഴുതേണ്ടിവന്നു. മൈ സ്റ്റോറി എന്നതിന്‍റെ പരിഭാഷയാണ് നമുക്ക് വായിക്കാന്‍ പറ്റിയത്. ആ ചിന്തകളെ ഒരിയ്ക്കലും മലയാളത്തിന് ഉള്‍ക്കൊള്ളാനാവുമായിരുന്നില്ല.

പെണ്ണുങ്ങള്‍ക്ക് ഗുണമുള്ള ഭാഷയല്ല മലയാളം. മണ്ണും പെണ്ണും ചവിട്ടുന്നിടത്തോളം നന്നാവും എന്ന ചൊല്ല് മലയാളം സ്ത്രീകളെ എങ്ങനെ അടയാളപ്പെടുത്തുന്നു എന്നതിന് ഉദാഹരണമാണ്. അമ്മയെ ഞങ്ങള്‍ മറന്നാലും അങ്കമാലി മറക്കില്ല എന്ന മുദ്രാവാക്യം സ്ത്രീക്ക് നല്‍കുന്ന വിലയും ഓര്‍ക്കാവുന്നതാണ്.

മലയാള ഭാഷതന്നെ പുരുഷനുവേണ്ടിയുള്ളതാണ്. അവനവന്‍റെ ഭാഷ എന്നല്ലാതെ അവളവളുടെ ഭാഷയില്ല.

നമ്മള്‍ക്ക് ഇപ്പോഴും ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാമോ എന്നതിനെക്കുറിച്ച് തര്‍ക്കിക്കേണ്ടിവരുന്നു. പള്ളിയില്‍ ഇന്നുവരെ ഒരു വനിത ബാങ്ക് വിളിച്ചിട്ടില്ല. ഇങ്ങനെ സ്ത്രീകളെ അരികുവല്‍ക്കരിക്കുന്നതില്‍ കേരളത്തെ സംബന്ധിച്ചിടത്തോളം അത്ഭുതമില്ല. അമ്മയുടെ തലയറുത്ത പരശുരാമന്‍റെ പേരിലാണല്ലോ കേരളം അറിയപ്പെടുന്നത്.

സംസ്കൃതത്തിലെ ഏക കവി എന്ന് അറിയപ്പെടുന്ന കാളിദാസന്‍റെ ശാകുന്തളം നാലാമംഗത്തിലെ നാലു ശ്ലോകങ്ങളാണ് പവിത്രമായ കാവ്യമായി കരുതപ്പെടുന്നത്. അതില്‍ പറയുന്നത് സപത്നിമാരെ സ്നേഹിക്കണമെന്നാണ്. ഇന്ന് ചില മതപണ്ഡിതര്‍ പറയുന്നതും ഇതുതന്നെയാണ്, നാലുകെട്ടിയാല്‍ സ്വര്‍ഗത്തില്‍ കൂടുതല്‍ കിട്ടുമെന്ന്.

മലയാള കാവ്യപാരമ്പര്യത്തിന് സ്ത്രീവാദം, ദളിത് വാദം, പരിസ്ഥിതിവാദം എന്നീ ധാരകള്‍ ഇന്ന് സ്വാധീനിച്ചിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply