Home » കലാസാഹിതി » എഴുത്തുമേശ » അവർ മനുഷ്യരെ മയക്കുന്നവരാണ്; നിങ്ങൾ അജ്ഞാതരായ ഗുരുക്കന്മാരെ തേടുക

അവർ മനുഷ്യരെ മയക്കുന്നവരാണ്; നിങ്ങൾ അജ്ഞാതരായ ഗുരുക്കന്മാരെ തേടുക

സൂഫീവര്യനെ സന്ദര്‍ശിക്കാനെത്തിയ ഒരു വ്യാപാരി അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു:

“ചില നാടുകളില്‍ ശരിക്കും ഗുരുക്കന്മാരുണ്ട്. അവരുടേതായ സൂത്രവാക്യങ്ങളും സിദ്ധാന്തങ്ങളുമൊക്കെയുള്ള ആത്മീയ ഗുരുഭൂതന്മാരാണവര്‍. നമ്മുടെ നാട്ടിലെ സൂഫിവൃത്തങ്ങളില്‍ ആത്മീയാചാര്യന്മാരുടെ എണ്ണം എന്തേ കുറയുവാൻ കാരണം? ഉള്ളവര്‍ തന്നെ പുറത്ത് അറിയപ്പെടുമ്പോഴേക്കും വെറും അനുകര്‍ത്താക്കളോ മറ്റാരുടെയെങ്കിലും അഭ്യാസമുറകള്‍ വെറുതെ പിൻപറ്റുന്നവരോ ആയിരിക്കും. എന്തുകൊണ്ടാണിങ്ങനെ?”

സൂഫി പറഞ്ഞു:

“രണ്ട് ചോദ്യങ്ങളാണിവ. പക്ഷേ, അവയ്ക്ക് ഉത്തരം ഒന്നുതന്നെ. ഉദാഹരണത്തിന് ഇന്ത്യയുടെ കാര്യമെടുക്കുക. അവിടെ ഗുരുക്കന്മാര്‍ ഇഷ്ടംപോലെ. പുണ്യസ്ഥലങ്ങളില്‍ ആരാധന നടത്തുന്നവരും കുറവല്ല. എന്നാല്‍ സത്യത്തിന്റെ വക്താക്കളായി അറിയപ്പെടുന്ന സൂഫികള്‍ കുറച്ചേയുള്ളൂ. ഗുരുക്കന്മാരും അവരുടെ അനുയായികളും ക്രീഡകളിലേര്‍പ്പെട്ടു കഴിയുന്നവരാണ്. സൂഫികളാകട്ടെ ആരും കാണാത്ത അധ്വാനത്തിലും. അതാണ് കാരണം.”

“സൂഫീ കര്‍മ്മം ഇല്ലെങ്കില്‍ മാനുഷ്യകം തന്നെ ഇല്ലാതാകും. ഇന്ത്യയില്‍ അനേകം പാമ്പാട്ടികളുണ്ടെന്നറിയാമല്ലോ; അറിയപ്പെടുന്ന ഗുരുക്കന്മാരാകട്ടെ, മനുഷ്യരെ മയക്കുന്നവരാണ്. അവര്‍ ജനത്തെ രസിപ്പിക്കുന്നു. അജ്ഞാതരായ സൂഫിവര്യന്മാരാകട്ടെ ജനങ്ങള്‍ക്കുവേണ്ടി രഹസ്യമായ ജോലികളിലേര്‍പ്പെട്ടിരിക്കുകയാണ്. ആ രഹസ്യഗുരുക്കന്മാരെ തേടുക എന്നതാകട്ടെ മനുഷ്യന്റെ ജോലി. വിനോദം തേടിപ്പോകുകയെന്നത് കുട്ടികളുടെ പണിയാണ്.”

(കടപ്പാട്: സൂഫി കഥകൾ. റാസ്ബെറി ബുക്‌സ്)

Leave a Reply