Home » കലാസാഹിതി » എഴുത്തുമേശ » എല്ലാം പൊറുക്കുന്നവനാണ് ദൈവം

എല്ലാം പൊറുക്കുന്നവനാണ് ദൈവം

തന്റെ അയല്‍പക്കത്ത് താമസിച്ചിരുന്ന താന്തോന്നിയായ ഒരു യുവാവിന്റെ മ്ലേച്ഛമായ പെരുമാറ്റം മാലിക് ഇബ്‌നു ദീനാറിന്റെ മനസ്സിനെ മഥിച്ചു. ആരെങ്കിലും ഇടപെട്ട് സംഗതി നേരെയാക്കുമെന്നു ധരിച്ച് കുറേക്കാലം അദ്ദേഹം പ്രത്യേകിച്ച് നടപടിയൊന്നും കൈക്കൊണ്ടില്ല. ഒടുവില്‍ ആ യുവാവിനെപ്പറ്റി ജനങ്ങള്‍ മുഴുവനും പരാതികള്‍ ഉന്നയിക്കുവാൻ തുടങ്ങി.

അപ്പോള്‍ മാലിക് അയാളെ ചെന്നുകണ്ട് ശകാരിച്ചു. ദുര്‍നടപടികള്‍ വെടിയുവാൻ പറഞ്ഞു. പക്ഷേ, താൻ സുല്‍ത്താന് പ്രിയപ്പെട്ട ആളാണെന്നും ഇഷ്ടപ്പെട്ടത് ചെയ്യുന്നതില്‍ നിന്ന് തന്നെ തടയുവാൻ ആര്‍ക്കും കഴിയില്ലെന്നുമായി, ആ ചെറുപ്പക്കാരൻ.

മാലിക് പറഞ്ഞു, അദ്ദേഹം സുല്‍ത്താനെ കാണാൻ പോകയാണെന്ന്. അതുകേട്ട് യുവാവ് മാലിക്കിന് ഉറപ്പുനല്‍കി. തന്റെ കാര്യത്തില്‍ സുല്‍ത്താന് മനംമാറ്റം ഉണ്ടാവില്ല.

”അങ്ങനെയാണെങ്കില്‍,” മാലിക് പറഞ്ഞു, ”ഞാൻ താങ്കളുടെ കാര്യം മുകളില്‍ വാഴുന്ന സ്രഷ്ടാവിനെ അറിയിക്കും.” തന്നെ അധിക്ഷേപിക്കാൻ കഴിയാത്തവിധം എല്ലാം പൊറുക്കുന്നവനാണ് ദൈവം എന്നായിരുന്നു യുവാവിന്റെ മറുപടി.

മാലിക് ആകെ ചിന്താക്കുഴപ്പത്തിലായി. അദ്ദേഹം ചെറുപ്പക്കാരനെ അവന്റെ പാട്ടിനു വിട്ടു.

പക്ഷേ, സംഗതി കൂടുതല്‍ വഷളാവുകയാണുണ്ടായത്. അയാള്‍ക്കെതിരെ ജനങ്ങള്‍ മുറവിളി ഉയര്‍ത്തി. അയാളെ ചെന്നുകണ്ട് താക്കീതു ചെയ്യുന്നതിനായി മാലിക് വീണ്ടും പുറപ്പെട്ടു.

യുവാവിന്റെ വീട്ടിലേക്ക് നടന്നടുക്കവെ കുറച്ചപ്പുറത്തുനിന്നും ഒരു ശബ്ദം വിളിച്ചു പറയുന്നതായി മാലിക് കേട്ടു: ”എന്റെ കൂട്ടുകാരനെ തൊടരുത്!”

മാലിക് ഞെട്ടിപ്പോയി. ആകെ കുഴഞ്ഞ മനസ്സുമായി യുവാവിന്റെ അടുക്കലേക്കു നടന്നുചെന്നു. തന്നെ കണ്ടയുടനെ, താന്തോന്നിയായി യുവാവ്, മാലിക് വീണ്ടും വന്നതെന്തിനെന്ന് ചോദിച്ചു.

മാലിക് പറഞ്ഞു: ”എനിക്ക് താങ്കളെ ശാസിക്കാൻ ആവില്ല, പക്ഷേ, സംഭവിച്ചതെന്താണെന്ന് ഞാൻ താങ്കളോട് പറയണം.” എന്നിട്ട് അശരീരി കേട്ട അനുഭവം മാലിക് വിവരിച്ചു.

അതുകേട്ട് ദുര്‍വൃത്തൻ പറഞ്ഞു: ”ഞാൻ അദ്ദേഹത്തിന്റെ സുഹൃത്താണെങ്കില്‍ എനിക്കുള്ളതെല്ലാം ഞാനിതാ അദ്ദേഹത്തിന് നല്‍കുന്നു.”

സമ്പത്ത് മുഴുവനും വെടിഞ്ഞുകൊണ്ട് അയാള്‍ ഒരു നാടോടിയായി മാറി.

പിന്നീടൊരു ദിവസം മാലിക് ഇബ്‌നു ദീനാര്‍ ഇയാളെ മക്കയില്‍ വെച്ച് കണ്ടു.
യുവാവ് പറഞ്ഞു: ‘ഞാൻ എന്റെ സുഹൃത്തിനെ കാണാൻ വന്നതാണ്.”
പിന്നെ അയാള്‍ മരണമടയുകയും ചെയ്തു.

(കടപ്പാട്: സൂഫി കഥകൾ. റാസ്ബെറി ബുക്‌സ്)

Leave a Reply