Home » ആരോഗ്യം » തിരൂര്‍ വെറ്റില ഇനി കേരളത്തിന്‍റെ പൈതൃക സ്വത്ത്

തിരൂര്‍ വെറ്റില ഇനി കേരളത്തിന്‍റെ പൈതൃക സ്വത്ത്

ആറന്മുള കണ്ണാടിക്കും പയ്യന്നൂര്‍ പവിത്ര മോതിരത്തിനുമൊപ്പം തിരൂര്‍ വെറ്റിലയും ഇനി കേരളത്തിന്‍റെ പൈതൃകത്തെ അടയാളപ്പെടുത്തും. തിരൂര്‍ വെറ്റിലയുടെ പാരമ്പര്യത്തെയും ഔഷധഗുണത്തെയും കുറിച്ചുള്ള പഠനവും ഭൂസൂചികാ രജിസ്ട്രേഷന്‍ നടപടിയും പൂര്‍ത്തിയായി. കാര്‍ഷിക സര്‍വകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ സമിതി നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തീകരിച്ചത്.

ഒരു ഉല്‍പ്പന്നത്തിന്‍റെ ഗുണമേന്മ അത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സ്ഥലവുമായി ഭൂമിശാസ്ത്രപരമായി ബന്ധപ്പെട്ടുകിടക്കുകയാണെങ്കില്‍ അത് ആ പ്രദേശത്തിന്‍റെ സ്വന്തം സ്വത്തായി പ്രഖ്യാപിക്കുന്നതാണ് ഭൂസൂചികാ രജിസ്ട്രേഷന്‍.

ഇന്ത്യയില്‍ ഇന്ന് ലഭിക്കുന്നതില്‍ ഏറ്റവും മുന്തിയ വെറ്റിലയാണ് തിരൂര്‍ വെറ്റില. ഇതിന്‍റെ പ്രത്യേക സുഗന്ധവും എരിവും വലിപ്പവുമെല്ലാം അന്യൂനമാണ്. ആ പ്രദേശത്തിന്‍റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് ഈ വ്യത്യസ്തതക്ക് കാരണമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

കേരളത്തില്‍നിന്ന് കാര്‍ഷിക ഉല്‍പ്പന്നങ്ങളും കരകൗശല ഉല്‍പ്പന്നങ്ങളുമായി നിരവധി ഇനങ്ങള്‍ ഇപ്പോള്‍തന്നെ ഭൂസൂചികാ രജിസ്റ്ററില്‍ കയറിപ്പറ്റിയിട്ടുണ്ട്. അതില്‍ ആദ്യത്തേത് ആറന്മുള കണ്ണാടിയാണ്. പയ്യന്നൂര്‍ പവിത്ര മോതിരം, നവര നെല്ല്, പാലക്കാടന്‍ മട്ട, ആലപ്പുഴ കയര്‍, വാഴക്കുളം പൈനാപ്പിള്‍, കുത്താംപള്ളി ദോത്തി, കുത്താംപള്ളി സില്‍ക്, മലബാര്‍ പെപ്പര്‍ തുടങ്ങിയവയെല്ലാം പട്ടികയിലുണ്ട്.

തിരൂര്‍ വെറ്റിലയ്ക്ക് ഇപ്പോള്‍തന്നെ ആഗോള കമ്പോളത്തില്‍ നല്ല ഡിമാന്‍ഡുണ്ട്. ഭൂസൂചികാ രജിസ്ട്രേഷന്‍കൂടി ലഭിക്കുന്നതോടെ ഇതിന്‍റെ മൂല്യം വര്‍ധിക്കും.

Leave a Reply