Home » ധനം » പിന്നിലല്ല മലപ്പുറം; പുതുവര്‍ഷത്തിന് രണ്ടരക്കോടിയുടെ മദ്യസേവ!

പിന്നിലല്ല മലപ്പുറം; പുതുവര്‍ഷത്തിന് രണ്ടരക്കോടിയുടെ മദ്യസേവ!

ഡിസംബര്‍ 31ന് മലപ്പുറം ജില്ലയില്‍ വിറ്റത് 2.47 കോടിയുടെ മദ്യം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അരക്കോടി രൂപയുടെ വര്‍ധന. ഡിസംബര്‍ 30-നെ അപേക്ഷിച്ച് 30 ലക്ഷത്തോളം രൂപയുടെ അധിക വില്‍പ്പനയാണ് 31ന് ഉണ്ടായത്. പുതുവര്‍ഷാഘോഷത്തിന് മദ്യംതന്നെയാണ് മുഖ്യ ആകര്‍ഷണം എന്നാണ് കണക്കുകള്‍ പറയുന്നത്.

ബിവറേജസ് കോര്‍പറേഷന്‍റെ ആറ് ചില്ലറ വില്‍പ്പനകേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. തിരൂര്‍, പെരിന്തല്‍മണ്ണ, മലപ്പുറം, പൊന്നാനി, മഞ്ചേരി, നിലമ്പൂര്‍ എന്നീ ഔട്ട്ലെറ്റുകളില്‍നന്നായി 2.15 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് 1.73 കോടി രൂപയായിരുന്നു. കണ്‍സ്യൂമര്‍ ഫെഡിന്‍റെ മലപ്പുറം ഷോപ്പില്‍നിന്നുമാത്രം 32 ലക്ഷം രൂപയുടെ മദ്യമാണ് ഡിസംബര്‍ 31ന് വിറ്റത്. മുന്‍ വര്‍ഷത്തേക്കാള്‍ അഞ്ച് ലക്ഷം രൂപയുടെ അധിക വില്‍പ്പന.

പൊന്നാനി, എടപ്പാള്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ കാര്യമായ വ്യത്യാസം ഉണ്ടായിട്ടില്ല. എടപ്പാളില്‍ കുറയുകയും ചെയ്തു. എന്നാല്‍ മറ്റ് സ്ഥലങ്ങള്‍ ഈ കുറവ് നികത്തി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31ന് 38.32 ലക്ഷം രൂപയുടെ വില്‍പ്പന നടന്ന തിരൂരില്‍ ഈ 31ന് 58.15 ലക്ഷം രൂപ ലഭിച്ചു. 33.47 ലക്ഷമായിരുന്ന പെരിന്തല്‍മണ്ണയില്‍ 47.27 ലക്ഷമായും 27.04 ലക്ഷമായിരുന്ന മഞ്ചേരിയില്‍ 33.99 ലക്ഷമായും 14.84 ലക്ഷമായിരുന്ന മലപ്പുറത്ത് 16.62 ലക്ഷമായും 35.11 ലക്ഷമായിരുന്ന നിലമ്പൂരില്‍ 48.99 ലക്ഷമായും വില്‍പ്പന ഉയര്‍ന്നു.

കോടതിവിധിയെ തുടര്‍ന്ന് ദേശീയപാതയോരത്തുനിന്ന് മദ്യവില്‍പ്പനശാലകള്‍ മാറ്റിയത് ഉപഭോഗത്തെ ബാധിച്ചില്ലെന്നുവേണം മനസ്സിലാക്കാന്‍.

Leave a Reply