കോഴിക്കോട് കളക്ടര്‍ ബ്രോ വെറും വാക്ക് പറയില്ല എന്ന് തെളിയിച്ചിരിക്കുകയാണ്. കുളം വൃത്തിയാക്കിയവര്‍ക്ക് ബിരിയാണി ഓഫര്‍ വാഗ്ദാനം നല്കിയ കളക്ടര്‍ ബ്രോ വാക്കുപാലിച്ചു, കൊയിലാണ്ടി പിഷാരിക്കാവ് ചിറ വൃത്തിയാക്കിയ മിടുക്കന്മാര്ക്കാണ് കളക്ടറുടെ വക സ്പെഷ്യല്‍ ബിരിയാണി.
ജലസമ്പത്ത് സംരക്ഷിക്കുന്നതിനെക്കുറിച്ചും നാടുകളില്‍ ഉപയോഗമില്ലാതെ നശിച്ചുകൊണ്ടിരിക്കുന്ന ചിറകളെക്കുറിച്ചും കളക്ടര്‍ എന്‍ പ്രശാന്ത് ദിവസങ്ങള്‍ക്ക് മുന്‍പ് ഫേയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. കുളം വൃത്തിക്കാന്‍ രംഗത്തിറങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ ചിലവില്‍ ‘ബിരിയാണി’ വാങ്ങിത്തരുമെന്നും കളക്ടര്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
ജനകീയ കളക്ടറുടെ ബിരിയാണി വാഗ്ദാനം ഏറ്റെടുത്താണ് കോഴിക്കോട് കൊല്ലം പിഷാരിക്കാവ് നിവാസികള്‍ വര്‍ഷങ്ങളായി പായലും ചെളിയും നിറഞ്ഞ് ഉപയോഗയോഗ്യമല്ലാതായിരുന്ന ചിറ വൃത്തിയാക്കിയത്. 14 ഏക്കര്‍ വിസ്തീര്‍ണ്ണമുളള ചിറയാണ് നാട്ടുകാര്‍ ചേര്‍ന്ന് വൃത്തിയാക്കിയത്. കുളം വൃത്തിയാക്കിയവര്‍ക്ക് മുന്‍പ് പറഞ്ഞ പോലെ ബിരിയാണി വാങ്ങിക്കൊടുക്കാന്‍ കളക്ടറും മറന്നില്ല. ചിറക്ക് സമീപം തന്നെ കലവറയൊരുക്കി കുളംകോരാന്‍ നേതൃത്വം കൊടുത്തവര്‍ക്ക് നല്ല കോഴിക്കോടന്‍ ബിരിയാണി ഉണ്ടാക്കിക്കൊടുത്ത് ബ്രോ വാക്കുപാലിച്ചു.
കുളം കോരിയവരെ ഫേയ്സ്ബുക്കിലൂടെ അഭിനന്ദിച്ച് കളക്ടര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്.