Home » നമ്മുടെ കോഴിക്കോട് » റോഡപകടങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ട്രാഫിക് പൊലീസ് ഒരുങ്ങുന്നു: ഇരുചക്ര വാഹനങ്ങള്‍ക്ക് പ്രത്യേക പാത

റോഡപകടങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ട്രാഫിക് പൊലീസ് ഒരുങ്ങുന്നു: ഇരുചക്ര വാഹനങ്ങള്‍ക്ക് പ്രത്യേക പാത

കോഴിക്കോട്: റോഡപകടങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ കോഴിക്കോട് ട്രാഫിക് പൊലീസ്ഒരുങ്ങുന്നു. മാതൃകാ റോഡ് ഒരുക്കിയും തിരക്കേറിയ റോഡുകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് പ്രത്യേക പാതയൊരുക്കിയും അപകടങ്ങള്‍ കുറയ്ക്കാനുള്ള പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനുള്ള ഒരുക്കത്തിലാണ് സിറ്റി ട്രാഫിക് പൊലീസ്.

എലത്തൂര്‍ മുതല്‍ പാവങ്ങാട് വരെ മാതൃകാ റോഡ് ആക്കിമാറ്റാനാണ് തീരുമാനം. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനം കഴിഞ്ഞു. റസിഡന്റ്‌സ് അസോസിയേഷന്‍, പിഡബ്‌ള്യുഡി അധികൃതര്‍, കോര്‍പറേഷന്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തി അഭിപ്രായം സ്വരൂപിച്ചു. അപകടങ്ങള്‍ കുറച്ച് യാത്രാ സൌഹൃദ റോഡാക്കി മാറ്റുകയാണ് ലക്ഷ്യം. റോഡിനിരുവശവും കൈവരികള്‍ നിര്‍മിച്ചും ശാഖാ റോഡുകളില്‍നിന്ന് പ്രധാന റോഡുകളിലേക്ക് പ്രവേശിക്കുന്നിടത്ത് ഹമ്പുകള്‍ നിര്‍മിച്ചും ഡ്രൈവിങ്ങിനിടെ കാഴ്ചയ്ക്ക് തടസ്സമാകുന്ന മരക്കൊമ്പുകള്‍ മുറിച്ചുമാറ്റിയും സുഗമമായ യാത്ര ഒരുക്കുകയാണ് ലക്ഷ്യം. തെരുവ് വിളക്കുകള്‍ മാറ്റിസ്ഥാപിക്കും. മാഞ്ഞുപോയ സീബ്രാലൈനുകള്‍ നേരെയാക്കും.

റോഡിനിരുവശവും പൊലീസിന്റെയും റസിഡന്റ്‌സ് അസോസിയേഷനുകളുടെയും സഹകരണത്തോടെ കാടുവെട്ടിത്തെളിച്ച് വൃത്തിയാക്കല്‍ നടന്നുകൊണ്ടിരിക്കുകയാണ്. പൂളാടിക്കുന്ന് വേങ്ങേരി റോഡ് ഇതിനകം വൃത്തിയാക്കിക്കഴിഞ്ഞു. റസിഡന്റ്‌സ് അസോസിയേഷനുകളെയും ബന്ധപ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍. തിരക്കേറിയ റോഡുകളില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് പ്രത്യേക പാത ഒരുക്കാനും പദ്ധതിയുണ്ട്. തൊണ്ടയാട് മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള റോഡാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കുന്നത്. ഇരുചക്രവാഹനങ്ങള്‍ കൂടുതലായും അപകടത്തില്‍ പെടുന്നത് കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമാണിത്.

പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നതിനൊപ്പം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനാണ് തീരുമാനം. റോഡ് നിയമങ്ങളെകുറിച്ചും അപകടം കുറയ്ക്കാനുമുള്ള ബോധവല്‍ക്കരണം നടത്തുന്നതിനായി പുതിയസ്റ്റാന്‍ഡിനോട് ചേര്‍ന്ന് ഒരു സ്റ്റാള്‍ ഒരുക്കാനുള്ള തീരുമാനവുമുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ സ്റ്റാള്‍ നിര്‍മാണം പൂര്‍ത്തിയാകും. മുഴുവന്‍ ബസ് ജീവനക്കാര്‍ക്കും ട്രാഫിക് നിയമങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ ക്‌ളാസുകള്‍ നടത്തും.

Leave a Reply