Home » നമ്മുടെ മലപ്പുറം » മലപ്പുറത്തെ പുലാമന്തോള്‍ മുസ്ലിം പള്ളിക്ക് ഇഎംഎസ് പള്ളി എന്ന പേരു വന്നതിനു പിന്നിലെ കഥ

മലപ്പുറത്തെ പുലാമന്തോള്‍ മുസ്ലിം പള്ളിക്ക് ഇഎംഎസ് പള്ളി എന്ന പേരു വന്നതിനു പിന്നിലെ കഥ

ചരിത്രമുറങ്ങുന്ന മലപ്പുറത്തെ പുലാമന്തോള്‍ മുസ്ലിം പള്ളിക്ക് ഇഎംഎസ് പള്ളിയെന്ന് പേരുവന്നതിനു പിന്നിലെ കഥപറഞ്ഞു കൊണ്ട് എംഎ ബേബിയുടെ ഫേസ് ബുക് പോസ്റ്റ്

ഫേസ് ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം

പുലാമന്തോളിൽ സഖാവ് ഇഎംഎസ് സർക്കാർ നിർമാണാനുമതി നല്കിയ പള്ളി സന്ദർശിച്ചപ്പോൾ. ഈ പള്ളി ഇഎംഎസ് പള്ളി എന്നും അറിയപ്പെടുന്നു. അതിനു പിന്നിലെ കഥ ഇതാണ്.

പുതിയ ഒരു സർക്കാർ ഹൈസ്ക്കൂളിന് തറക്കല്ലിടുന്നതിന് വേണ്ടി മുഖ്യമന്ത്രി സഖാവ് ഇ.എം.എസ്സ് 1957ൽ പുലാമന്തോളിൽ വന്നു. അന്ന് പുലാമന്തോളിലെ മുസ്ലീം പള്ളി കാലപഴക്കത്താൽ പൊളിഞ്ഞു് ഉപയോഗ ശൂന്യമായിരുന്നു. സ. ഇ എം.എസ്സിന് പുലാമന്തോളിൽ നൽകിയ സ്വീകരണത്തിൽ പള്ളിപുതുക്കി പണിയുന്നതിന് സർക്കാർ അനുമതിക്ക് തടസ്സമുണ്ടെന്നും അത് മറികടക്കാൻ സഹായിക്കണമെന്നും പുലാമന്തോളിലെ പാർട്ടി സഖാക്കളും മുസ്ലീം വിശ്വാസികളും ചേർന്ന് നിവേദനം നൽകി. അപേക്ഷ വായിച്ച ശേഷം പള്ളി സന്ദർശിക്കുകയും തിരുവനന്തപുരത്തെത്തിയാൽ അനുമതി ഉത്തരവ് അയക്കാം എന്നും സഖാവ് ഉറപ്പ് നൽകി. പക്ഷെ ഓർഡർ പാലക്കാട്ട് കലക്ടേറേറ്റിൽ തടഞ്ഞുവെച്ചതിനാൽ കിട്ടിയില്ല. വിവരമന്വോഷിക്കുന്നതിന് വേണ്ടി സഖാവ് കെ വി രാമൻ, സഖാവു്.മലവട്ടത്ത് മമ്മദ്, മൂലത്തിൽ മായിൻഹാജി എന്നീ മൂന്നു പേർ തിരുവനന്തപുരത്തേക്ക് ചെന്നു. സെക്രട്ടറിയേറ്റിൽ എത്തിയ സംഘത്തിന് മുഖ്യമന്ത്രിയെ കാണാനുള്ള അനുവാദം (സന്ദർശനസമയല്ലാതിരുന്നതിനാൽ) )നിഷേധിക്കപ്പെട്ടപ്പോൾ ഇ എം.എസ്സിനെ കാണാൻ അന്റെ സമ്മതം വേണ്ടാ എന്ന് ഉച്ചത്തിൽ, മമ്മദ് പറഞ്ഞതു് മുഖ്യമന്ത്രി കേൾക്കുകയും, ശബ്ദത്തിൽ നിന്ന് ആളെ മനസിലാക്കി പുറത്തു വന്ന് സംഘത്തെ മുറിയിലേക്ക് കൂട്ടികൊണ്ടു പോവുകയും ചെയ്തു. നിങ്ങൾ പുലാമന്തോളിൽ എത്തുമ്പോഴേക്ക് ഓർഡർ എത്തും എന്ന് പറഞ്ഞ് ഈ എം എസ് സംഘത്തെ തിരിച്ചയക്കുകയും പിറ്റെ ദിവസം തന്നെ അനുമതി പുലാമന്തോളിൽ ലഭിക്കുകയും ചെയ്തൂ.

ഖിലാഫത് സമരത്തെ തുടർന്ന് ബ്രട്ടീഷ് ഗവൺമന്റ് കൊണ്ടുവന്ന ഒരു നിയമമായിരുന്നു മുസ്ലീം പള്ളികൾ പുതുക്കി പണിയുന്നതിനും കേടുപാടുകൾ തീർക്കുന്നതിനും പുതുതായി നിർമിക്കുന്നതിനും സർക്കാർ അനുമതി വേണം എന്നത്. പുലാമന്തോളിലെ സഖാക്കളുടെ ഈ നിവേദനത്തിന്റെ ഫലമായി മേൽപറഞ്ഞ നിയമം തന്നെ ഇ എം എസ് സർക്കാർ എടുത്തു മാറ്റി.1952ൽ നടന്ന അസംബ്ലി തെരെഞ്ഞെടുപ്പിൽ മദിരാശി സംസ്ഥാനത്ത് മന്ത്രിസഭ രൂപീകരിക്കാൻ കോൺഗ്രസിന് ഒരു എംഎൽഎയുടെ കുറവുണ്ടായിരുന്നു. അന്ന് മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിൽ നിന്നും ലീഗിന് അഞ്ച് എംഎൽഎമാർ ഉണ്ടായിരുന്നു. ആ അഞ്ചുപേരുടെ പിന്തുണയോടു കൂടിയാണ് രാജാജിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന മന്ത്രിസഭ 5 കൊല്ലം ഭരിച്ചതു്. 5 മുസ്ലീം ലിഗ് എംഎൽഎമാരുടെ പിൻതുണ കൊണ്ടുള്ള ഭരണമായിട്ടും മേൽ പറഞ്ഞ നിയമം മാറ്റിക്കാൻ കഴിഞ്ഞില്ല എന്നതും കമ്മ്യൂണിസ്റ്റ് സർക്കാറാണ് ആ നിയമം മാറ്റി സ്വന്തമായി സ്ഥലമുള്ളവർക്ക് പള്ളി പണിയാനുള്ള അവസരവും പുതുക്കിപ്പണിയാനുള്ള സ്വാതന്ത്ര്യവും നൽകിയത് എന്നതും ഇന്നും വളരെ പ്രസക്തമാണ് .

Leave a Reply