പീടികക്കോലായകളിലും ആല്‍ത്തറകളിലും റോഡോരത്തെ കലുങ്കിലും പുഴയിറമ്പിലും ഒരുകാലത്ത് പൂത്തിരുന്ന സൗഹൃദങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇനി പുതിയ വേദി. തിരുവനന്തപുരത്തെ മാനവീയം വീഥിയുടെ മാതൃകയില്‍ സഹൃദയര്‍ക്ക് ഒത്തുചേരാനും തങ്ങളുടെ സര്ഗസൃഷ്ടികള് അവതരിപ്പിക്കാനും സംവാദത്തിലേര്‍പ്പെടാനും കൊണ്ടോട്ടിയിലെ മോയിന്‍കുട്ടി വൈദ്യര് സ്മാരകാങ്കണത്തിലാണ് മാനവീയം വേദിക്ക് തുടക്കമായത്. ഇനി എല്ലാ വെള്ളിയാഴ്ചകളിലും ഇവിടെ തുറന്ന സംവാദങ്ങള്‍ക്ക് വേദിയാകും.
നാട്ടിന്‍പുറങ്ങളില്‍ വായനശാലകളും കലാസമിതികളും സജീവമായിരുന്ന കാലത്ത് ചര്‍ച്ചകള്‍ക്കും വളര്‍ന്നുവരുന്ന പ്രതിഭകളുടെ കലാപ്രകടനങ്ങള്‍ക്കും അവസരമുണ്ടായിരുന്നു. എന്നാല്‍ കലാസമിതികള്‍ അപ്രത്യക്ഷമാവുകയും വായനശാലകള്‍ കേവലം പുസ്തകവിതരണശാലയോ പുസ്തക സംഭരണശാലയോ ആയി മാറുകയും ചെയ്യുമ്പോള്‍ നഷ്ടപ്പെട്ടത് പൊതുഇടങ്ങള്കൂടിയാണ്. കൊണ്ടോട്ടിയെ സംബന്ധിച്ച് കൊണ്ടോട്ടി നേര്‍ച്ച ഇത്തരം സൗഹൃദ കൂട്ടായ്മയുടെ വേദികൂടിയായിരുന്നു. നേര്‍ച്ച നിന്നതോടെ ആണ്ടിലൊരിക്കലുള്ള ആ കൂട്ടായ്മയ്ക്കും ഇടിവുപറ്റി. ഇവയുടെയെല്ലാം വീണ്ടെടുപ്പിനുള്ള വേദിയാകും ഇതെന്നാണ് പ്രതീക്ഷ.
എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരമാണ് മാനവീയം വേദി സഹൃദയര്ക്കായി ഒരുങ്ങുക എന്ന് മാപ്പിള കലാ അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട് പറഞ്ഞു. കലാപാരമ്പര്യവും സാംസ്കാരിക പെരുമയുമുള്ള കൊണ്ടോട്ടിയില്‍ ഇതൊരു പുതിയ അനുഭവമായിരിക്കും. ആര്‍ക്കും തങ്ങളുടെ സൃഷ്ടികളുടെ അരങ്ങേറ്റം നടത്തുന്നതിന് അവസരമുണ്ടാകും. ഏത് വിഷയത്തെക്കുറിച്ചുമുള്ള ആരോഗ്യപരമായ സംവാദത്തിന് വേദിയാവുകവഴി മാനവീയം വേദി കൊണ്ടോട്ടിയുടെ സര്ഗചൈതന്യമായി മാറും.