Home » പ്രകൃതി » കൃഷി » കുറ്റ്യാടി ജലസേചന പദ്ധതിയുടെ പ്രധാന കനാല്‍ ഇന്നു തുറക്കുന്നു

കുറ്റ്യാടി ജലസേചന പദ്ധതിയുടെ പ്രധാന കനാല്‍ ഇന്നു തുറക്കുന്നു

പെരുവണ്ണാമൂഴിയിലെ കുറ്റ്യാടി ജലസേചന പദ്ധതിയുടെ പ്രധാന കനാല്‍ ഇന്നു തുറക്കുന്നതോടെ ഏറെക്കാലമായി മേഖലയെ അലട്ടിയിരുന്ന കുടിവെള്ള പ്രശ്‌നത്തിന് അറുതിയാകും. വടകര, കൊയിലാണ്ടി താലൂക്കുകളില്‍ പൂര്‍ണമായും കോഴിക്കോട് താലൂക്കില്‍ ഭാഗികമായും പെരുവണ്ണാമൂഴി ഡാമിലെ ജലം ഉപയോഗിക്കാനാകും. കൃഷി ആവശ്യത്തിനാണ് കനാല്‍ തുറക്കുന്നതെങ്കിലും ഇവിടുത്തെ കുടിവെള്ള പ്രശ്‌നത്തിനും ഇത് ഒരു പരിധി വരെ പരിഹാരമാകും.

വടകര ഭാഗത്തേക്കുള്ള വലതുകര കനാലാണ് ആദ്യം തുറക്കുക. ഇരു ഭാഗത്തുമായി 603 കിലോ മീറ്ററാണ് കനാലിന്റെ ദൈര്‍ഘ്യം. വടകരയ്ക്കുള്ള കനാലുകള്‍ ജല സമൃദ്ധമായിക്കഴിഞ്ഞാല്‍ കൊയിലാണ്ടി താലൂക്കിലേക്കു ജലവിതരണത്തിനായുള്ള ഇടതുകര കനാല്‍ തുറക്കും. പെരുവണ്ണാമൂഴിയില്‍ നിന്നു പ്രധാന കനാലിലൂടെ ഒഴുകി രണ്ടാം കിലോമീറ്റര്‍ ഭാഗത്തെ പട്ടാണിപ്പാറയില്‍ നിന്നാണു രണ്ടു ഭാഗത്തേക്കും ജലം നിയന്ത്രിക്കുന്ന ഷട്ടറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കനാലുകള്‍ ഏറെക്കുറെ വൃത്തിയാക്കിയിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തിയാണ് ഗ്രാമ പഞ്ചായത്തുകള്‍ കനാല്‍ വൃത്തിയാക്കിയത്. ജനുവരി അഞ്ചിനുള്ളില്‍ കനാല്‍ തുറക്കാനായിരുന്നു ആദ്യ തീരുമാനം. കനാല്‍ ശുചിയാക്കല്‍ പൂര്‍ത്തിയാക്കാനായി ഇന്നത്തേക്കു നീട്ടുകയായിരുന്നു.

ഡാമിന്റെ പരമാവധി സംഭരണശേഷി 43.51 മീറ്റര്‍ ആണ്. ഡാം ബലപ്പെടുത്താനും സപ്പോര്‍ട്ട് ഡാം നിര്‍മിക്കാനും പദ്ധതിയുണ്ട്. ഏത് വേനലിലും ജലസമൃദ്ധിയാല്‍ അനുഗ്രഹീതമാണു പെരുവണ്ണാമൂഴി ഡാം റിസര്‍വോയര്‍. ബാണാസുര സാഗര്‍ അണക്കെട്ടില്‍ നിന്നുള്ള ജലം വന്‍തോതില്‍ കക്കയത്തെത്തുന്നുണ്ട്. ഇവിടെ നിന്നു വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം പുറന്തള്ളുന്ന വെള്ളം മുഴുവന്‍ എത്തുന്നത് പെരുവണ്ണാമൂഴി റിസര്‍വോയറിലേക്കാണ്. ജപ്പാന്‍ കുടിവെള്ള പദ്ധതി, ചെറുകിട ശുദ്ധജല പദ്ധതി, പ്രവര്‍ത്തി ആരംഭിച്ച പെരുവണ്ണാമൂഴി ജലവൈദ്യുത പദ്ധതി തുടങ്ങിയവയ്‌ക്കെല്ലാമുളള ജലം ഈ ഡാമില്‍ നിന്നാണ്.

Leave a Reply