Home » ഇൻ ഫോക്കസ് » കോഴിക്കോട് ഒരുങ്ങുന്നു, ആയുര്‍വേദ പാരമ്പര്യത്തെ ഓര്‍മ്മപ്പെടുത്താന്‍

കോഴിക്കോട് ഒരുങ്ങുന്നു, ആയുര്‍വേദ പാരമ്പര്യത്തെ ഓര്‍മ്മപ്പെടുത്താന്‍

മൂന്നാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന് കോഴിക്കോട് നഗരം വേദിയൊരുങ്ങുന്നു. ജനുവരി 31 മുതല്‍ ഫെബ്രുവരി നാലു വരെയാണ്  ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ സ്വപ്നനഗരിയില്‍വെച്ച് അരങ്ങേറുന്നത്.

മറഞ്ഞുപോയ ആയുര്‍വേദ പാരമ്പര്യത്തെ വീണ്ടെടുക്കുകയും ആധുനിക ചികിത്സകളോടൊപ്പം ആയുര്‍വേദത്തിന്‍റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക എന്നിവയാണ് ഫെസ്റ്റിന്‍റെ പ്രധാന ലക്ഷ്യം. സ്ത്രീകളുടെ ആരോഗ്യം എന്ന വിഷയത്തിന് ഫെസ്റ്റ് പ്രാമുഖ്യം കൊടുക്കുന്നത്. ഇത് മൂന്നാം തവണയാണ് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന് കോഴിക്കോട് സാക്ഷ്യം വഹിക്കുന്നത്.

പഞ്ചദിന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ ഉദ്ഘാടനം 31 ന് വൈകീട്ട് അഞ്ച് മണിയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അധ്യക്ഷനായിരിക്കും.

ദേശീയ-വിദേശ രാഷ്ട്രനേതാക്കളും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആയുര്‍വേദ വിദഗ്ധരും ഉള്‍പ്പെടെ അയ്യായിരത്തോളം പ്രതിനിധികള്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കും. മേള അരങ്ങേറുന്ന അഞ്ച് ദിനങ്ങളിലായി സംഘടിപ്പിക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ പ്രദര്‍ശനത്തില്‍ അഞ്ഞൂറ് പ്രമുഖ സ്ഥാപനങ്ങള്‍ പങ്കാളികളാവും. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ നിര്‍വ്വഹിക്കും. ജനുവരി 31 മുതല്‍ ഫെബ്രുവരി 3 വരെ ‘സ്ത്രീകളും ആരോഗ്യവും’ എന്ന മുഖ്യവിഷയത്തിലും ഇരുപത്തിയഞ്ചോളം അനുബന്ധ വിഷയങ്ങളിലുമായി രാജ്യാന്തര സെമിനാറുകള്‍ നരക്കും.

ആധുനിക ചികിത്സാശാസ്ത്രങ്ങള്‍ക്കൊപ്പം ആയുര്‍വേദ ഗവേഷണത്തിന് സാഹചര്യമൊരുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആയുര്‍വേദ ജീവശാസ്ത്രത്തില്‍ അറുപതോളം സിമ്പോസിയങ്ങള്‍ സംഘടിപ്പിക്കും. ഡോ. വന്ദനശിവ, ഡോ. ദിലീപ് സിന്‍ഹ, ഡോ. ആന്റോണിയോ മെറാന്‍ഡി, ഡോ. രാജേഷ് കെട്ടേച്ച, പ്രൊഫ. ഓള്‍ഗ അസോവ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കും.

ഫെബ്രുവരി1 ന് നടക്കുന്ന ആയുര്‍വേദ ഐക്യദാര്‍ഢ്യസമ്മേളനം ജ്ഞാനപീഠം ജേതാവ് എം ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 1, 2 തീയ്യതികളിലായി നടക്കുന്ന ആയുര്‍വേദ വ്യാപാരമേള മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ആയുഷ്‌വകുപ്പിന്റെയും സംസ്ഥാന സര്‍ക്കാറിന്റെ വിവിധ വകുപ്പുകളുടെയും പങ്കാളിത്തത്തോടെ സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷനാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

ഫെസ്റ്റിവലിനോടനുബന്ധിച്ച് ഫെബ്രുവരി 2 ന് രാവിലെ 11 മണിയ്ക്ക് നടക്കുന്ന ‘വിഷന്‍ കോണ്‍ക്ലേവ്’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിന്  സൗജന്യ മള്‍ട്ടിസ്‌പെഷ്യാലിറ്റി ക്ലിനിക്ക് സംഘടിപ്പിക്കുമെന്ന് ആയുര്‍വേദ ഹോസ്പിറ്റല്‍ മാനെജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികള്‍  അറിയിച്ചിട്ടുണ്ട്. അഞ്ചു ദിവസങ്ങളിലും രാവിലെ 9.30 മുതല്‍ രാത്രി 8.30വരെ പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളില്‍ കേരളത്തിലെ പ്രമുഖരായ 25 ഹോസ്പിറ്റലുകളുടെ യൂണിറ്റുകള്‍ സൗജന്യ പരിശോധന നടത്തി 15 ലക്ഷം രൂപയിലധികം വിലവരുന്ന ഔഷധങ്ങള്‍ വിതരണം ചെയ്യും.

Leave a Reply