പത്തേമാരികളുടെയും പായ്ക്കപ്പലുകളുടെയും പ്രാചീന സ്മൃതികളുയര്ത്തുന്ന കോഴിക്കോട് നഗരം. ആട്ടവും പാട്ടും ആത്മീയാനുഭവവുമായി കണ്ണിചേര്‍ക്കപ്പെട്ട ഒരു കാലഘട്ടം. കഠിനവും ക്ലേശകരവുമായി ജീവിതം അതിന്റെ വിശ്രാന്തി കണ്ടെത്തിയ രാത്രിജീവിതക്കൂട്ടായ്മകള്. സാധാരണക്കാരന് സ്വന്തം കവിതയും താളക്രമവും കണ്ടെടുത്തതിന്റെ ചരിത്രം. ദിവ്യമായ ഒരു ഭാഷാശാസ്ത്രത്തിന്റെ രൂപപ്പെടല്‍. ഒരു മൂവന്തിയോ അപരാഹ്നമോ തീര്‍ത്ത ചരിത്രപരമായ സംഗീതത്തിന്റെ വിളക്കുമാടങ്ങള്‍. മലബാറിന്റെ സാമൂഹ്യജീവിതത്തിന്റെ കസവും ഞൊറിയും പണിത മാപ്പിളജീവിതത്തിന്റെ ചെരാതുകള്‍..
ഇങ്ങിനെയെല്ലാം മലബാറിന്റെ അറുപതുകള്‍ സാന്ദ്രീകരിച്ച പാട്ടനുഭവത്തിന്റെ പ്രതിനിധിയാണു ദര്‍ബ. ദര്‍ബ മൊയ്തീന് കോയ. പച്ചയില്‍ പച്ചയായ മനുഷ്യന്റെ കഥ ഈ പാട്ടുകാരനില്‍ നിങ്ങള്‍ക്കനുഭവിക്കാം. ഒരു കാലഘട്ടത്തിന്റെ നരവംശശാസ്ത്രം. നാം നമ്മളായിത്തീര്‍ന്ന കഥ. മനുഷ്യര്‍ മനുഷ്യരായിത്തീരുന്നതിന്റെ അര്‍ത്ഥവും അനുബന്ധവും.
ജീവിതപ്പെരുവഴികളെ അതിജീവിക്കുന്ന കലയുടെ ജാലവിദ്യ
ദുര്‍മുഖം കാട്ടുന്ന ജീവിതപ്പെരുവഴികളെ ഒരു സാധാരണക്കാരന് അതിജീവിച്ചതിന്റെ കഥകൂടിയാണത്. ജീവിതദുരിതങ്ങളെ കണ്ഠത്തിലെ നീലയാക്കി പരിവര്‍ത്തിപ്പിക്കുന്ന കലയുടെ ജാലവിദ്യ. കാലത്തിന്റെ കുത്തൊഴുക്കിനെ തന്റെ ശബ്ദവൈഖരിയില് മുറുക്കിക്കെട്ടാനുള്ള ദര്‍ബയുടെ പാടവം അങ്ങിനെ രൂപം കൊണ്ടതാവണം. പാട്ടില്‍ മാത്രമല്ല, ജീവിത തത്വചിന്തയിലും കാഴ്ചപ്പാടിലും ദര്‍ബ വേറിട്ട വീക്ഷണം പുലര്‍ത്തുന്നു. സാമൂഹ്യജീവിതത്തിന്റെ കുടുസ്സുകളെ ഏകാന്തവും അവിശ്രാന്തവുമായ പ്രയത്നം കൊണ്ട് അതിജീവിച്ചതിന്റെ അറബിക്കഥ കൂടിയാണ് ദര്‍ബയുടെ പാട്ടുജീവിതം. പേലവമായ വികാരങ്ങളുടെ ബുദ്ധിശൂന്യതയെ, കാരുണ്യവും കരുത്തും കൊണ്ട് ഇടതൂര്‍ന്ന ഒരു ശാരീരം കൊണ്ട് ദര്‍ബ പകരം വെയ്ക്കുന്നു. വിചാരശീലത്തിന്റെ പ്രകാശം പരത്തുന്ന ദര്‍ബയുടെ ആലാപനം സൂക്ഷ്മമായ ജീവിതസത്യങ്ങളില്‍ കനം വെച്ചതാണ്. ആ ശാരീരത്തില്‍ മുറുക്കിക്കെട്ടിയ കാലത്തിന്റെ ധ്വനിയുണ്ട്. അത് അത്രം എളുപ്പം കൈവന്നു കിട്ടിയ സിദ്ധിയോ പെട്ടെന്നു വെളിപ്പെടുന്ന കരകൗശലമോ അല്ല. കാലവും ദേശചരിത്രവും അതില്‍ സാന്ദ്രീകരിച്ചിരിക്കുന്നു.
മലബാറിന്റെ പ്രാദേശിക ജീവിതചരിത്ര൦
ജ്വലിച്ചു നില്ക്കുന്ന ഓര്‍മകളാണ് ദര്‍ബയുടെ പാട്ടിന്റെ കരുത്തും സൗന്ദര്യവും. മലബാറിലെ ജീവിതത്തിന്റെ അപൂര്‍വമായ പല ഏടുകളും ആ മസ്തിഷ്കത്തിലുണ്ട്. ഉചിതമായ സന്ദര്‍ഭങ്ങളില്‍ പാട്ടിന് ആമുഖമോ അകമ്പടിയോ ആയി കടന്നെത്തുന്ന ആ സ്മരണകള്‍ മലബാറിന്റെ പ്രാദേശിക ജീവിതചരിത്രമാണ്. മാപ്പിളപ്പാട്ടിന്റെ പോയ കാലത്തെ നാഴികക്കല്ലായിത്തീര്‍ന്ന ഗാനങ്ങള്‍ മാത്രമല്ല, പാട്ടുകളുടെ അത്യപൂര്‍വമായ ഖനിശേഖരമുണ്ട് ദര്‍ബയുടെ സൂക്ഷിപ്പില്‍. പലതും പോയ തലമുറയ്ക്കൊപ്പം വിസ്മൃതിയിലാണ്ടതാണ്.
ശ്ലീലാശ്ലീലങ്ങളുടെ അതിര്‍വരമ്പുകള്‍ പലതും ദര്‍ബയുടെ ജീവിതവ്യവഹാരങ്ങളില്‍ പരസ്പരം കൂടിക്കലരുന്നതാണ്. അതിപ്രാദേശികമായ അത്തരം തമാശകളും കഥപറച്ചിലും ദര്‍ബയുടെ സൗഹൃദസദസ്സുകളില്‍ ചിരിയുടെ ഹൃദയൈക്യം പകരുന്നു. ചെപ്പടിവിദ്യകളും പ്രാദേശികവഴക്കങ്ങളും കൊണ്ട് പാട്ടിനു പുറമെ ഒരു സഹൃദയ സദസ്സിനെ മുഴുവന്‍ രസം പിടിപ്പിക്കാനുള്ള ചേരുവ ആ ഭാഷണചാതുരിയിലുണ്ട്. ഗാനമേളകളിലെ സ്റ്റാര്‍ പദവിയില്‍ ജീവിതം കെട്ടിയിടാതെ, തന്റെ പാട്ടിന്റെ സ്മൃതിശേഖരത്തെ സാര്‍ത്ഥകമായ പ്രേക്ഷകവൃന്ദത്തിന് പകരണമെന്ന ദര്‍ബയുടെ നിര്‍ബന്ധബുദ്ധി, അദ്ദേഹത്തിന് പ്രതിബദ്ധനായ ഒരു കലാകാരന്റെ ഭാഗധേയം നല്കുന്നു. ഈ ത്യാജഗ്രാഹ്യബുദ്ധിയാണ് ദര്ബയെ ധിഷണാശാലിയാക്കുന്നത്. ധൈഷണികതയുടെ ഈ പ്രദേശികത്വം നമ്മുടെ കാലത്ത് ദര്ബയെ കൂടുതല്‍ പ്രസക്തനാക്കുന്നു.
വികാരത്തള്ളിച്ചയേക്കാള് കരുത്തുറ്റ ശബ്ദപ്രപഞ്ചം
വികാരങ്ങളുടെ കുത്തൊഴുക്കില്‍ നഷ്ടപ്രായമായ ധിഷണയെ ദര്‍ബ ഉരുക്കഴിക്കുന്നു. അതുകൊണ്ടാണ് വികാരത്തള്ളിച്ചയേക്കാള് ധീരവും കരുത്തുറ്റതുമാണ് ദര്‍ബ തീര്‍ക്കുന്ന ശബ്ദപ്രപഞ്ചം എന്നു വിശേഷിപ്പിക്കാന്‍ ഇടയാക്കുന്നത്. വികാരതാരള്യങ്ങളെ ചിന്തയുടെയും ധൈഷണികതയുടെയും അരകല്ലില്‍ പരുവപ്പെടുത്തിയെടുക്കുന്ന പാടവമാണ് ദര്‍ബയുടെ ദീര്‍ഘായുസ്സിന്റെ രഹസ്യം. ഒരു ജീവിതത്തിന്റെ കയ്പും കണ്ണീരും ഇവിടെ മധുരോദാരമായിത്തീരുന്നു. ജീവിതത്തിന്റെ കടല്‍ മഷിപ്പാത്രമാക്കിയ കവിയുടെ പരമ്പരയില്‍ നിലകൊള്ളുന്നു, ദര്‍ബ.

‘ദർബ ദ സിംഗർ’ സി.ഡി. പ്രകാശനം. മാമുക്കോയയിൽനിന്ന് മധു മാസ്റ്റർ ആദ്യപ്രതി സ്വീകരിക്കുന്നു. ഗായകൻ വി ടി മുരളി, ആർടിസ്റ്റ്സ് കലക്ടീവിന്റെ അമരക്കാരായ ഹരി നാരായണൻ, കെ കൄഷ്ണൻ, നസീഫ് ചെറുകാവ് എന്നിവരാണ് കൂടെ.
കല്ലായിപ്പുഴ ജന്മം നല്കിയ പാട്ടുകാരന്
കല്ലായിപ്പുഴ ജന്മം നല്കിയ പാട്ടുകാരനാണ് ദര്‍ബ. കല്ലായില്‍ 1939 നവംബര്‍ 18നു ജനിച്ചു. ഉപ്പ: ഉമ്മര്‍ മൂപ്പന്, ഉമ്മ: തിത്തീബി. മൂന്ന് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്. 1957 മുതല്‍ 62വരെ കോഴിക്കോട് പാണ്ടികശാലയിലെ പ്യൂണ്‍ ആയും 62മുതല്‍ 74വരെ കല്ലായി മരമില്തൊഴിലാളിയായും പ്രവര്‍ത്തിച്ചു. മരമില്ലിന്റെ ഇരമ്പുന്ന ശബ്ദത്തിനിടയില്‍ പാടിപ്പാടിയാണ് ഉച്ചത്തില്‍ ആലാപനം നടത്താനുള്ള ധൈര്യവും ശേഷിയും തനിക്കു കൈവന്നതെന്ന് ദര്‍ബ ഓര്‍ക്കുന്നു. അതോടൊപ്പം കല്ലായിപ്പുഴയും കൂട്ടുകാരനും തന്നെ ഗായകനാക്കിയെന്നും കൂട്ടിച്ചേര്‍ക്കുന്നു.
ജേഷ്ഠസഹോദരന് പാടുമായിരുന്നു. അദ്ദേഹത്തില്‍ നിന്നാണ് ഉമര്‍ ഖിസയും ബദര്‍-ഉഹ്ദ് കാവ്യങ്ങളും മോയിന്കുട്ടിവൈദ്യരെയും ദര്‍ബ പരിചയപ്പെടുന്നത്. ഉമ്മമാര് കുട്ടികളെ പാടിയുറക്കുന്ന താരാട്ട് ഇശലുകളും ദര്‍ബയുടെ പാട്ടുജീവിതത്തിന്റെ സ്വാധീനമായി. കടായിക്കല്‍ മോയ്തീന് കുട്ടി ഹാജിയുടെ ഖവാലികളും സൂഫി ഗാനങ്ങളും മാപ്പിളപ്പാട്ടുകളും ദര്‍ബയിലെ പാട്ടുകാരനെ പുതിയ നിലയില്‍ വാര്‍ത്തെടുക്കുന്നതിനു സഹായിച്ചു.
സംഗീത ക്ലബ്ബ് സംസ്കൃതിയുടെ സൄഷ്ടി
അറുപതുകളിലെ കല്ലായിയിലെയും കോഴിക്കോട്ടെയും ജീവിതത്തില്‍ സംഗീതം പ്രധാന ചേരുവയായിരുന്നു. ബാബുരാജും അബ്ദുല്‍ ഖാദറും വിന്‍സന്റ് മാഷും സംഗീതജീവിതം നയിച്ച, കോഴിക്കോട്ടെ മാളികപ്പുരകളിലും മെഹ്ഫിലുകളിലും കല്ല്യാണപ്പുരകളിലും ഗാനമേളകളിലും നിത്യസാന്നിധ്യമായിരുന്നു ദര്‍ബ. മലബാറിലെ സംഗീത ക്ലബ്ബ് സംസ്കൃതിയുടെ ഉല്പന്നം. സ്ത്രീ ആസ്വാദകരുടെ ഇടയില്‍ ദര്ബയ്ക്ക് നല്ല ആസ്വാദക വൃന്ദമുണ്ട്. പ്രശസ്തിക്കോ പണത്തിനോ പിന്നാലെ അലയാത്ത ഈ കലാകാരനെത്തേടി ഏതാനും അംഗീകാരങ്ങളും ബഹുമതികളും എത്തിയിട്ടുണ്ട്.
പാട്ടും കവിതയും നിറയുന്ന ഭാഷണം
കല്ലായി മരവ്യവസായത്തിലെ മൂപ്പനായിരുന്ന ദര്‍ബയുടെ പിതാവ് കലാസ്വാദകനായിരുന്നു. സഹോദരനില്‍ നിന്നാണ് മാപ്പിളപ്പാട്ടിലെ മദ്ഹ് ഗാനങ്ങളുടെയും നബി സ്തുതികളെയും ശേഖരം ദര്‍ബ സ്വന്തമാക്കിയത്. അക്കാലത്തെ മഹാനുഭാവന്മാരായ മാപ്പിളപ്പാട്ടു കവികളും ഗായകന്മാരുമായുണ്ടായ സഹവാസം മാപ്പിളപ്പാട്ടിന്റെ എല്ലാ മേഖലയും അന്വേഷിച്ച് ഹൃദിസ്ഥമാക്കാന്‍ സഹായിച്ചു.
അഞ്ചാം ക്ലാസുകാരനായ ദര്‍ബയുടെ ജീവിതാനുഭവം, ഏതു പാണ്ഡിത്യ പ്രഘോഷകനെയും അതിശയിപ്പിക്കുന്നതാണ്. നര്‍മ്മബോധം തുളുമ്പുന്ന ദര്‍ബയുടെ ഭാഷണംതന്നെ പാട്ടും കവിതയും നിറയുന്നതാണ്. അസാധാരണമായ ഓര്‍മശക്തി സൂക്ഷിക്കുന്ന ഈ കലാകാരന്റെ ശേഖരത്തില്‍ നാം കേട്ടു മറക്കുകയും പാടിപ്പതിയുകയും ചെയ്ത നിരവധി ഗാനങ്ങളുണ്ട്. പാട്ടിന് ആമുഖമായും അനുബന്ധമായും ദര്‍ബ നടത്താറുള്ള ആഖ്യാനങ്ങള്‍, മലബാറിന്റെ പ്രാദേശിക ജീവിതത്തില്‍ നിന്നുള്ള ഏടുകളാണ്. നമ്മുടെ പ്രാദേശിക ചരിത്രത്തിന്റെ കൈവഴികള്‍ നിറഞ്ഞതാണ്. പോയകാലത്തെ പ്രസിദ്ധരായ എസ് എം കോയ, ബിച്ചംക്ക, മമ്മദുമുസ്തഫ, ബിച്ചമ്മുസ്താദ് എന്നീ വാദ്യവിദഗ്ധന്മാരോടൊപ്പമെല്ലാം ദര്‍ബ നിരവധി വേദികള്‍ പങ്കിട്ടുണ്ട്.
കണ്ണു നനയിപ്പിക്കുന്ന മനോഹര ഗാനങ്ങള്‍
മാപ്പിളപ്പാട്ടിന്റെ കാല്പനികത നിഴലിക്കുന്ന ഇശലുകളുടെ രാജകുമാരന് ആയിരിക്കെത്തന്നെ, മതഭക്തി തുളുമ്പുന്ന ഗാനങ്ങളും ദര്‍ബയുടെ ആലാപനത്തില്‍ വരുന്നു. മാലപ്പാട്ടുകളും മദ്ഹ് കാവ്യങ്ങളും കിസ്സപ്പാട്ടുകളും കെസ്സുകളും യുദ്ധഗാനങ്ങളും അവയിലുണ്ട്. പ്രവാചകന്റെയും അനുരചന്മാരുടെയും മക്കയിലെ ക്ലേശജീവിതത്തെയും അവര്‍ തങ്ങളുടെ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനായി അനുഭവിച്ച പ്രയാസങ്ങളെയും പ്രതിസന്ധികളെയൂം ചിത്രീകരിക്കുന്ന കണ്ണു നനയിപ്പിക്കുന്ന ഗാനങ്ങള്‍ അതിമനോഹരമായി ദര്‍ബ പാടുന്നു. തിരൂര്‍ ഷായുടെ കൂടെ തിരൂര്‍, കുറ്റിപ്പുറം, പൊന്നാനി ഭാഗങ്ങളില്‍ ഒരുകാലത്ത് ദര്‍ബ സ്ഥിരം ഗായകനായിരുന്നു. രാഷ്ട്രീയ പാര്‍ടികളുടെ ഗായകനായും പേരെടുത്തിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ടിയുടെയും മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും നിരവധി രാഷ്ട്രീയ പ്രചാരണ യോഗങ്ങളില്‍ വേദികള്‍ പങ്കിട്ടു. ലക്ഷദ്വീപിലും ഇത്തരം പരിപാടികളില്‍ പങ്കെടുത്തു. കേരളത്തിലെ ജന്മി കുടിയാന് ബന്ധത്തിന്റെ ചരിത്രം ആവിഷ്കരിക്കുന്ന ചരിത്ര ഗാനങ്ങളും ദര്‍ബ പാടുന്നു.
ആര്‍ടിസ്റ്റ്സ് കലക്ടീവിലൂടെ പുനഃപ്രവേശം
മലബാറിലെ മാപ്പിള ജീവിതത്തിന്റെയും സൂഫി പാരമ്പര്യത്തിന്റെയും നേരവകാശിയായ ദര്‍ബ മൊയ്തീന്‍കോയയുടെ പാട്ടുജീവിതം ടാവലേഴ്സ് ആര്‍ടിസ്റ്റ്സ് കലക്ടീവ് ആണ് അടുത്ത കാലത്ത് പുനരവതരിപ്പിച്ചത്. 1996ല്‍ ഹരിനാരായണന്റെ നേതൃത്വത്തില്‍ നിലവില്‍ വന്ന ട്രാവലിങ് ആര്‍ടിസ്റ്റ്സ് കലക്ടീവ് രാജ്യത്തിനകത്തും പുറത്തും നടത്തി വരുന്ന നിരവധി കലാകൂട്ടായ്മകളിലും സംഗീതസംഗമങ്ങളിലും ഏറ്റവും ഒടുവിലത്തേതായി കോഴിക്കോട് ടൗൺഹാളിൽ ‘ഒരു നക്ഷത്രരാവിൽ ദർബ പാടുന്നു’ എന്ന പേരിൽ അരങ്ങേറി.
നമ്മുടെ പ്രാദേശിക ജീവിതവൈവിധ്യത്തിന്റെയും പാട്ടുപാരമ്പര്യത്തിന്റെയും ഈ ഫോക്ക് അനുഭവം, വര്‍ത്തമാന സമൂഹത്തിന്റെ രാഷ്ട്രീയ ശരീരത്തിനേറ്റ മുറിവുകള്‍ക്ക് സാന്ത്വനവും ചികിത്സയുമാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചാണ്, ആദ്യം കൊണ്ടോട്ടിയിലും പിന്നീട് കോഴിക്കോട്ടും, ദർബക്ക് വേദിയൊരുക്കാൻ മുന്നിട്ടിറങ്ങിയത്. വിവിധ മേഖലകളില്‍ വൈവിധ്യമാര്‍ന്ന രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്, സൗകര്യപ്രദമായ സന്ദര്‍ഭങ്ങളില്‍ വ്യത്യസ്തമായ സ്ഥലങ്ങളില്‍ സംഗമിച്ച്, താന്താങ്ങളുടെ കലായാത്രയിലെ അനുഭവങ്ങള്‍ പങ്കു വെയ്ക്കുകയും പുതിയ പരിപാടികള്‍ ആവിഷ്കരിച്ച് അവതരിപ്പിക്കുകയും ചെയ്യുക എന്ന സങ്കല്പനത്തിന്റെ അടിസ്ഥാനത്തിൽ ട്രാവലേഴ്സ് ആര്‍ടിസ്റ്റ്സ് കലക്ടീവ് ഒരുക്കിയ ‘ദർബ പാടുന്നു’, ദർബയെ ഒരിക്കൽക്കൂടി മലബാറിലെ സംഗീതാനുവാചകരിലേക്ക് വീണ്ടെടുക്കുന്നതിന് നിമിത്തമായി.
കൊണ്ടോട്ടിയിലെ മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽ അതിന് ഏതാനും മാസങ്ങൾക്കുമുമ്പ് ദർബ പാടിയത് അസുലഭ വിരുന്നായി സംഗീതാസ്വാദകർ സ്വീകരിച്ചു.
‘ദര്‍ബ ദ സിംഗര്‍’: ഒരു വീഡിയോ ചരിത്രരേഖ
ദർബയുടെ സംഗീതവഴികളെ അനുധാവനം ചെയ്യാനുള്ള ട്രാവലേഴ്സ് ആര്‍ടിസ്റ്റ്സ് കലക്ടീവിന്റെ പരിശ്രമം ഈടുള്ള മറ്റൊരു കലാസൄഷ്ടിയുടെ പിറവിക്കു കൂടി വഴിവെച്ചു. സാംസ്കാരിക രംഗത്ത് ആരോഗ്യകരമായ ഒരു വീക്ഷണത്തിലൂടെ, ഒരു പുതിയ കലാപ്രയോഗത്തിന്റെ വഴിയില്‍ ചരിക്കുന്ന കലക്ടീവിനുവേണ്ടി പ്രദീപ് ചെറിയാൻ തയ്യാറാക്കിയ ‘ദര്‍ബ ദ സിംഗര്‍’ എന്ന ഹ്രസ്വചിത്രമാണാ സൄഷ്ടി. തീർത്തും സ്വാഭാവികമായ ലൊക്കേഷനുകളിൽ, ഹരി നാരായണന്റെ വാദ്യാകമ്പടിയിൽ ദർബ പാടിയ പാട്ടുകൾ കോർത്തിണക്കിയതാണ് പ്രദീപ് ചെറിയാന്റെ ഡോക്യുമെന്ററി. ദൄശ്യമാധ്യമ പരിചരണത്തിൽ ‘ക്ലാസിക്കൽ’ എന്നു വിളിക്കാവുന്ന രീതി പിന്തുടർന്ന് നിർമിച്ച ഈ ഡോക്യുമെന്ററി ഒരു മണിക്കൂർ ദൈർഘ്യമുള്ളതാണ്. ദർബയുടെ സംഗീതത്തിന്റെ ഒരു സമഗ്ര ദൄശ്യശില്പമാണത്.
ദർബയെ കേൾക്കാനും ഹ്രസ്വചിത്രം കാണാനും
ദർബയെ കേൾക്കാനും ഹ്രസ്വചിത്രം കാണാനും ആര്‍ടിസ്റ്റ്സ് കലക്ടീവ് ഒരുക്കിയ സംവിധാനമുണ്ട്. ചിത്രത്തിന്റെ പകർപ്പുകൾ 200 രൂപക്ക് ആവശ്യക്കാർക്ക് അയച്ചുകൊടുക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് കൺവീനർ നസീഫ് ചെറുകാവുമായി ബന്ധപ്പെടാം. ഫോൺ 9895452914. കോഴിക്കോട് മലബാർ പാലസിൽ പ്രവർത്തിക്കുന്ന റാസ്ബറി പുസ്തകശാലയിലും കോപ്പി കിട്ടും.
ദർബ മൊയ്തീൻ കോയയുടെ ഏതാനും പാട്ടുകൾ ഈ ലിങ്കിൽ കേൾക്കാം:
http://keralaeditor.com/darba-moideen-koya/
(ദർബയുടെ കൊണ്ടോട്ടിയിലെ പരിപാടിക്കായി ആര്‍ടിസ്റ്റ്സ് കലക്ടീവിനുവേണ്ടി പി പി ഷാനവാസ് തയ്യാറാക്കിയ കുറിപ്പാണ് ഉള്ളടക്കത്തിന് അവലംബം. ചിത്രങ്ങൾക്ക് കടപ്പാട് ബിജു ഇബ്രാഹിം)