Home » നമ്മുടെ കോഴിക്കോട് » റിപ്പബ്ലിക് ദിനത്തില്‍ മിഠായിത്തെരുവില്‍ പൊതുജനങ്ങള്‍ക്കായി ഇന്ത്യന്‍ നേവിയുടെ സംഗീത പരിപാടി

റിപ്പബ്ലിക് ദിനത്തില്‍ മിഠായിത്തെരുവില്‍ പൊതുജനങ്ങള്‍ക്കായി ഇന്ത്യന്‍ നേവിയുടെ സംഗീത പരിപാടി

കോഴിക്കോടിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ നേവി ബാന്‍ഡ് സംഘം നഗരത്തില്‍ സംഗീത പരിപാടി അവതരിപ്പിക്കുന്നു. നവീകരിച്ച മിഠായിത്തെരുവിലാണ് റിപ്പബ്‌ളിക്ക് ദിനത്തില്‍ നേവി ബാന്‍ഡ് വിസ്മയിപ്പിക്കുന്ന പ്രകടനവുമായെത്തുന്നത്. 26 ന് വൈകുന്നേരം 6.30 ന് തുടങ്ങുന്ന സംഗീത പ്രകടനം രാത്രി എട്ട് വരെ നീളും.

രാജ്യത്തിനകത്തും വിദേശരാജ്യങ്ങളിലും പ്രധാന നഗരങ്ങളില്‍ മാത്രം പരിപാടി അവതരിപ്പിക്കാറുള്ള ബാന്‍ഡ് കോഴിക്കോടുമായുള്ള ആത്മബന്ധത്തിന്റെ ഭാഗമായാണ് ഇവിടെയെത്തുന്നതെന്ന് കളക്ടര്‍ യു.വി ജോസ് പറഞ്ഞു. ഏഴിമല നാവിക അക്കാദമിയിലെ റിപ്പബ്‌ളിക്ക് ദിന പരേഡിന് ശേഷമാണ് 25 പേരടങ്ങുന്ന ബാന്‍ഡ് സംഘം നഗരത്തിലെത്തുന്നത്. ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ ട്രംപറ്റ്, സാക്സഫോണ്‍, ക്ലാരനറ്റ്, കീബോര്‍ഡ്, ട്യൂബാ, പഞ്ചഹോണ്‍, ഗിറ്റാര്‍, ഫ്‌ലൂട്ട് എന്നീ വാദ്യോപകരണങ്ങളിലൂടെ ശാസ്ത്രീയ സംഗീതവും ലളിത സംഗീതവും സംഘം അവതരിപ്പിക്കും.

കോഴിക്കോടുമായി ചരിത്രപരമായ ബന്ധം ഇന്ത്യന്‍ നാവികസേനയ്ക്കുണ്ട്. സാമൂതിരിയുടെ നാവികഭടന്മാരായ മരക്കാര്‍മാരുടെ ഓര്‍മയ്ക്കായി പേര് നല്‍കിയ മുംബൈ ആസ്ഥാനമായുള്ള ഐഎന്‍എസ് കുഞ്ഞാലി നേവല്‍ ബാന്‍ഡ് ട്രെയിംനിഗ് സെന്ററില്‍ നിന്ന് പരിശീലനം ലഭിച്ചവരാണ് വാദ്യസംഘം. സിംഗപ്പൂര്‍, മലേഷ്യ, മൊറീഷ്യസ്, സീഷെല്‍സ് മുതലായ രാജ്യങ്ങളില്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. സാമൂതിരിയുടെ ഭരണ കാലത്ത് നായര്‍, മുസ്ലീം, ബ്രിട്ടിഷ് പടയാളികളുടെ മാര്‍ച്ചുകള്‍ നടന്നിട്ടുള്ള മിഠായിത്തെരുവിന്റെ വീഥി നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ നേവിയുടെ ബ്രാസ് ബാന്‍ഡ് മാര്‍ച്ചിന് വഴിയൊരുക്കുന്നത്.

നവീകരിക്കപ്പെട്ട മിഠായിത്തെരുവിന് ഇന്ത്യന്‍ നേവി നല്‍കുന്ന അംഗീകാരം കൂടിയാണ് ഈ സംഗീത പരിപാടി. നഗരത്തിലെ സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ രണ്ട് ബാന്‍ഡ് സംഘവും മാര്‍ച്ചില്‍ അണിനിരക്കും. 6.30ന് ആരംഭിക്കുന്ന മാര്‍ച്ചിന് ശേഷം മാനാഞ്ചിറ സ്‌ക്വയറില്‍ ഒരുക്കുന്ന സ്റ്റേജിലായിരിക്കും ടീം പൊതുജനത്തിന് ആസ്വദിക്കാനായി സംഗീത പരിപാടി അവതരിപ്പിക്കുക. ബാന്‍ഡ് സംഗീതത്തിന് ഒപ്പം ജനകീയമായ ഹിന്ദി, ഇംഗ്ലീഷ്, മലയാളം പാട്ടുകളും ഉള്‍പ്പെടുത്തുന്ന പരിപാടി ദേശീയഗാനത്തോടെ സമാപ്പിക്കും.

അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ കെ.പി.അബ്ദുള്‍ റസാഖ്, ക്യാപ്റ്റന്‍ രമേശ് ബാബു, ബിനോയ് വേണുഗോപാല്‍, തഹസില്‍ദാര്‍ ഇ. അനിതകുമാരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply