Home » നമ്മുടെ കോഴിക്കോട് » വീണ്ടുമൊരു വിമോചന സമരം???

വീണ്ടുമൊരു വിമോചന സമരം???

കോഴിക്കോടിന്റെ മണ്ണില്‍ കേരള സാഹിത്യോത്സവത്തിന് തുടക്കം

ഉന്നതവിദ്യാഭ്യാസ രംഗത്ത് നേട്ടമുണ്ടാക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ തുറന്ന കുമ്പസാരം ആവശ്യമാണെന്ന് മലയാള സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ ജയകുമാര്‍.

ഭരണം മാറുന്നതിനോടൊപ്പം തന്നെ പാഠ്യവിഷയങ്ങള്‍ക്കും മാറ്റം സംഭവിക്കുന്നു.പൊതുജനങ്ങളും വിദ്യാര്‍ത്ഥികളും ഇവ ചോദ്യം ചെയ്യുന്നില്ല. നേതാക്കളുടെ അഭിപ്രായങ്ങളെ അതേപടി വിശ്വസിക്കുകയാണ് പൊതുജനം ചെയ്യുന്നതെന്നതെന്നും ജയകുമാര്‍ ചര്‍ച്ചയില്‍ പറഞ്ഞു.

രാഷ്ട്രീയ നേതാക്കള്‍ക്ക് നേരെയുള്ള വെല്ലുവിളി കൂടിയായിരുന്നു ചര്‍ച്ച. കേരളത്തിലെ ഉന്നത വിദ്യാഭ്യാസം എന്നും ചോദ്യചിഹ്നത്തിലാണ്. ഇന്നത്തെ വിദ്യാഭ്യാസം എന്നത് വിദ്യാര്‍ത്ഥികളില്‍ രക്ഷിതാക്കള്‍ അടിച്ചേല്‍പ്പിക്കുന്ന ഒന്നായി തീര്‍ന്നിരിക്കുന്നു. പലപ്പോഴും രക്ഷിതാക്കളുടെ തീരുമാനമായിമാറുന്നു കുട്ടികളുടെ വിദ്യാഭ്യാസം . മികവിന്റെ വിദ്യാഭ്യാസം വളരെ വിരളമാണ്. ഏതെങ്കിലുമൊരു ബിരുദം നേടുന്നത് പി.എസ്.സി യിലേക്കുള്ള ചവിട്ടുപടിയായിട്ട് മാത്രമാണ് വിദ്യാര്‍ത്ഥികള്‍ കാണുന്നതെന്ന് ഡോ. ജാന്‍സി ജെയിംസ് സംവദിച്ചു. വിദ്യാഭ്യാസമാണ് വളര്‍ച്ചയിലേക്കുള്ള മാധ്യമമെന്നത് എല്ലാവരും മറക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസരംഗത്ത് മികവാര്‍ന്ന പ്രവര്‍ത്തനം കേരളം കാഴ്ചവെക്കുന്നു എന്ന് പറയുമ്പോഴും നമ്മുടെ ന്യൂനതകള്‍ നാം കാണുന്നില്ല , പഠനവും ഗവേഷണവും ഒരുനാണയത്തിന്റെ രണ്ട് വശങ്ങളാണ് ഗവേഷണ കേന്ദ്രങ്ങളുടെ അഭാവവും അതിനോടുള്ള വിദ്യാര്‍ത്ഥികളുടെ അവജ്ഞയും ഈ രംഗത്തുള്ള അനന്തസാധ്യതകളാണ് കുട്ടികള്‍ക്ക് അലഭ്യമാക്കുന്നതെന്ന് വിദ്യാഭ്യാസ വിചക്ഷണനും കരിയര്‍ഗുരുവുമായ ബി എസ് വാര്യര്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും കൃത്യമായ അവബോധം കോഴ്‌സുകളെ കുറിച്ച് ആവശ്യമാണെന്ന് ഡോ. പ്രസാദ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം കച്ചവടമായിക്കഴിഞ്ഞ കേരളത്തില്‍ അവയ്‌ക്കെതിരായ സമരങ്ങള്‍ അടിച്ചൊതുക്കപ്പെടുകയാണെന്നും സര്‍ക്കാര്‍ പോലും ഇതിന് ഒത്താശ പാടുകയാണെന്നും ഈയടുത്ത് നടന്ന ചില സംഭവങ്ങള്‍ ഉദ്ധരിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉന്നത വിദ്യാഭ്യാസം പ്രശ്‌നങ്ങളും സാധ്യതകളും എന്ന വിഷയത്തില്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കയായിരുന്നു ഇവര്‍.
സ്ഥിതി ഇങ്ങനെ തുടര്‍ന്നാല്‍ വീണ്ടുമൊരു വിമോചന സമരത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ ഇറങ്ങേണ്ടി വരും എന്ന പൊതു അഭിപ്രായത്തില്‍ സംവാദം അവസാനിച്ചു.

Leave a Reply