Home » കണ്ണേറ് » പെണ്ണ് ദുഷ്ടയും കള്ളിയും വിശ്വസിക്കാന്‍ കൊള്ളാത്തവളുമാണ്

പെണ്ണ് ദുഷ്ടയും കള്ളിയും വിശ്വസിക്കാന്‍ കൊള്ളാത്തവളുമാണ്

കേരളലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം ദിനം , വേദി മൂന്ന് തൂലികയില്‍ മലയാള സിനിമാമേഖലയില്‍ അടുത്തിടെ ആരംഭിച്ച വുമണ്‍ ഇന്‍ സിനിമ കലക്ടീവ് (WCC) യിലെ പ്രധാന അംഗങ്ങളും , സിനിമാപ്രവര്‍ത്തകരുമായ പെണ്‍പ്പട തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുന്നു. നിറഞ്ഞ സദസ്സില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകരും ഫോട്ടോഗ്രാഫര്‍മാരും ഇത് പകര്‍ത്തുന്ന തിരക്കിലാണ്.

ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള തിക്കും തിരക്കും കോഴിക്കോട് ബീച്ചില്‍ അനുഭവപ്പെടാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ഇതിനെ ഒന്നും ഗൗനിക്കാതെ ഒന്നിലും ഇടപെടാതെ ഒരുമനുഷ്യന്‍ മൂന്നാം സ്റ്റേജിന് പിറകിലെ വാട്ടര്‍ ടാങ്കിന് ചുവട്ടില്‍ തന്റെ വ്യാപാരങ്ങളില്‍ മുഴുകി കഴിയുന്നു.

അറുപതോ അതിലധികമോ പ്രായം, വാര്‍ദ്ധക്യം തളര്‍ത്തിയ ശരീരം , കഷണ്ടിത്തലയില്‍ നരച്ച കുറച്ച് മുടികള്‍ എഴുന്നു നില്‍ക്കുന്നു. പേര് കൊയ്യാപ്പ. രണ്ട് വര്‍ഷത്തിലധികമായി ബീച്ചിലും പരിസരത്തുമായി ജീവിക്കുന്ന ഈ മനുഷ്യന്‍ നല്ല വിദ്യാഭ്യാസം നേടിയവനും അത്യാവശ്യം നല്ല സൗകര്യങ്ങള്‍ അനുഭവിച്ച് തന്നെ ജീവിച്ച വ്യക്തിയുമാണ്. മൂന്ന് പെണ്‍മക്കള്‍ അടങ്ങുന്ന കുടുംബവുമായുള്ള ബന്ധം ഉപേക്ഷിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. തൊഴില്‍ ചെയ്യുവാനുള്ള ആരോഗ്യമോ അതിന് പറ്റിയ പ്രായമോ അല്ലായെങ്കിലും കുടുംബത്തിലേക്ക് തിരിച്ച് പോകാന്‍ ഇദ്ദേഹം തയ്യാറല്ല.

മഴയും വെയിലും ഒരുപോലെ അനുഭവിക്കും, പഴഞ്ചാക്കും കടലാസും വിരിച്ച തറയില്‍ കിടക്കുമ്പോള്‍ ഓണം വിഷു പെരുന്നാള്‍ ദിനങ്ങളില്‍ കുട്ടികളോ മുതിര്‍ന്നവരോ ബീച്ചില്‍ വിതരണം ചെയ്യുന്ന ഭക്ഷണം കഴിച്ച് തൃപ്തിപ്പെടും. ഇങ്ങനെ പോകുന്നു ഇങ്ങേരുടെ ജീവിതം.

ഏറ്റവും വലിയ കള്ളി സ്ത്രീയാണെന്നും അവള്‍ ദുഷ്ടയാണെന്നും അവളെ വിശ്വസിക്കരുതെന്നും ബീഡി വലിച്ച് കൊണ്ട് മൂപ്പര്‍ ഒച്ചത്തില്‍ പിറുപിറുക്കുന്നുണ്ടായിരുന്നു. കുടുംബവും സമൂഹവും അദ്ദേഹത്തിലേല്‍പ്പിച്ച കറുത്ത അനുഭവങ്ങളാവാം അവയില്‍ പ്രതിഫലിക്കുന്നത്. ഇത് പോലെ എത്രയെത്ര ജീവിതങ്ങള്‍…

റിപ്പോർട്ട് : ശരണ്യ എം 
ഫോട്ടോ: ഫാത്തിമ പർവീന

Leave a Reply