Home » നമ്മുടെ കോഴിക്കോട് » മതാധിഷ്ഠിതമായ ഹിംസ ഇന്ത്യയ്ക്ക് വെല്ലുവിളി : കെ സച്ചിദാനന്ദൻ

മതാധിഷ്ഠിതമായ ഹിംസ ഇന്ത്യയ്ക്ക് വെല്ലുവിളി : കെ സച്ചിദാനന്ദൻ

പ്രാദേശിക സംസ്‌കാരത്തെയും വിശ്വാസത്തെയും നശിപ്പിച്ച് കൊണ്ട് നമ്മുടെ ഭൂതകാലത്തിന് ഭാവി ഇല്ലാതാക്കുന്നതരം ഹിംസാത്മകമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് കവിയും നിരൂപകനുമായ കെ സച്ചിദാനന്ദന്‍.

കേരള സാഹിത്യോത്സവത്തിന്റെ വേദിയില്‍ മൂന്നാം ദിനം കവിതയും പ്രതിരോധവും എന്ന വിഷയത്തില്‍ പ്രഭാഷണം അവതരിപ്പിക്കയായിരുന്നു അദ്ദേഹം.

സമൂഹത്തില്‍ കവിയുടെയും കവിതയുടെയും പ്രാധാന്യത്തെക്കുറിച്ചും മതാധിഷ്ഠിതമായ ഹിംസയാണ് ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓരോ കാലഘട്ടത്തേയും ഏറ്റവും സൂക്ഷ്മമായി അവതരിപ്പിക്കുന്ന കലയാണ് കവിത. അതിനാല്‍ തന്നെ കാലത്തിനൊപ്പം സഞ്ചരിക്കുന്നതാണ് കവിത എന്ന് അദ്ദേഹം പരിഭാഷപ്പെടുത്തിയ പ്രാര്‍ത്ഥന എന്ന കവിതാ പാരായണത്തിലൂടെ അദ്ദേഹം പറഞ്ഞുവച്ചു.

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച പാബ്ലോ നെരൂദയുടെ ‘അവിശുദ്ധ കവിത’ ,വിശുദ്ധകവിതയെന്ന ആശയത്തെ മാറ്റിമറിച്ച് യാഥാര്‍ത്ഥ്യത്തെ തുറന്നു പറയുകയാണ് ചെയ്തത് . പുതിയനിയമം ഉണ്ടാക്കാതെ തന്നെ പഴയ നിയമം ലംഘിക്കയാണ് കവികള്‍ അവരുടെ വരികളിലൂടെ ചെയ്യുന്നത്.

എന്നാല്‍ അത്തരത്തില്‍ അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ ഇല്ലായ്മ ചെയ്യുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നതെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. എം എഫ് ഹുസൈന്‍ മുതല്‍ കല്‍ബുര്‍ഗിയും ഗൗരി ലങ്കേഷും അവരില്‍പ്പെടുന്നു.

ഇന്ന് പുസ്തകങ്ങള്‍ക്ക് തീയിടുന്നവര്‍ നാളെ മനുഷ്യനെ തീയിടില്ല എന്നകാര്യത്തില്‍ ആര്‍ക്ക് ഉറപ്പ് നല്‍കാനാകുമെന്ന് നിറഞ്ഞ സദസ്സിനോട് അദ്ദേഹം ആരാഞ്ഞു. അനീതിയും പ്രതിരോധവും ചെറുത്തുനില്‍പും കവിതയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയും ഭാഷ,സംസ്‌കാരം,മതം എന്നീ രൂപങ്ങളില്‍ അനീതിയും അക്രമങ്ങളും നടക്കുന്നുണ്ട്.

ഇന്ത്യയുടെ സംസ്‌കാരം കേവലം ഒരു മതത്തിന്റെ പേരിലുള്ളതല്ല, അനേകം മതങ്ങളുടേയും സംസ്‌കാരങ്ങളുടേയും സംഭാവനയാണത് . ഭൂരിപക്ഷം തങ്ങളാണെന്നത് കൊണ്ട്മാത്രം ഒരു മതത്തിന്റെ മാത്രമാണ് ഭാരതം എന്ന് കരുതരുതെന്നും അത് വെറും മിഥ്യാ ധാരണയാണെന്നും ഭാരതം എല്ലാവരുടേതും ആണെന്നത് മറക്കരുതെന്ന് സൂചിപ്പിച്ചുകൊണ്ട് സച്ചിദാനന്ദന്‍ തന്റെ സെഷന്‍ അവസാനിപ്പിച്ചു.

റിപ്പോർട്ട് : ചൗഷ്യരാ​ഗി
ഫോട്ടോ: യാസീൻ ബിൻ യൂസഫ്

Leave a Reply