Home » വാർത്തകൾ » ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ധാരണ; മിനിമം ചാര്‍ജ് എട്ട് രൂപയാകും; അന്തിമ തീരുമാനം അടുത്ത മന്ത്രിസഭായോഗത്തിൽ

ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ധാരണ; മിനിമം ചാര്‍ജ് എട്ട് രൂപയാകും; അന്തിമ തീരുമാനം അടുത്ത മന്ത്രിസഭായോഗത്തിൽ

ബസ് ചാര്‍ജ് കൂട്ടാന്‍ ഇടതുമുന്നണി ശുപാര്‍ശ ചെയ്തു. മിനിമം ചാര്‍ജ്ജ് ഒരു രൂപ വര്‍ധിച്ച് എട്ടു രൂപയാകും. ഇതുസംബന്ധിച്ച അന്തിമതീരുമാനം നാളത്തെ മന്ത്രിസഭായോഗത്തിലുണ്ടാകും. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കേണ്ടെന്നും ശുപാര്‍ശയില്‍ പറയുന്നു.

വിദ്യാർഥികളുടെ യാത്രാനിരക്കിലും ആനുപാതികമായ  വർധനവുണ്ടാകുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. നിരക്കു വർധനയിന്മേൽ ഉചിതമായ തീരുമാനമെടുക്കാനാണ് ഇടതുമുന്നണി സര്‍ക്കാരിനോടു നിർദേശിച്ചിരിക്കുന്നത്. എല്ലാ കാര്യത്തിലും നിലവിലുള്ള സാഹചര്യം പരിശോധിച്ചു തീരുമാനമെടുക്കുമെന്നും ശശീന്ദ്രൻ പറഞ്ഞു.

പുതുക്കിയ നിരക്കുകൾ പ്രകാരം കിലോമീറ്ററിന് നിലവിലെ 64 പൈസ 70 പൈസയായി വർധിക്കും. ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസ് ചാർജ് ഏഴിൽ നിന്ന് എട്ടു രൂപയാകും. ഫാസ്റ്റ് പാസഞ്ചർ നിരക്ക് പത്തിൽ നിന്ന് പതിനൊന്നും എക്സിക്യുട്ടീവ്, സൂപ്പർ എക്സ്പ്രസ് നിരക്ക് 13ൽ നിന്ന് 15 രൂപയായും ഉയരും. സൂപ്പർ ഡീലക്സ് നിരക്ക് 22 രൂപ, ഹൈടെക് ലക്ഷ്വറി എസി 44 രൂപ, വോൾവോ 45 രൂപ എന്ന നിരക്കിലുമായിരിക്കും ഉയരുക.

ഈയാഴ്ചത്തെ പതിവു മന്ത്രിസഭാ യോഗം ബുധനാഴ്ചയ്ക്കു പകരം ചിലപ്പോൾ വ്യാഴാഴ്ചയാവും ചേരുകയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരെ അറിയിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ ബസ് നിരക്കു വർധനയിൽ രണ്ടു ദിവസത്തിനകം അന്തിമ തീരുമാനമുണ്ടാകും.

ബസ് ചാർജ് വർധന ചർച്ച ചെയ്യാൻ ഇന്ന് എകെജി സെന്ററിൽ അടിയന്തര ഇടതുമുന്നണി യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ചാർജ് വർധിപ്പിക്കാൻ സർക്കാരിന് അനുമതി നൽകിയത്. ചാർജ് വർധിപ്പിക്കുന്നില്ലെങ്കിൽ ഈ മാസം 16 മുതൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തര ഇടതുമുന്നണി യോഗം ചേർന്നത്. മാത്രമല്ല, അടിയ്ക്കടിയുള്ള ഇന്ധനവില വര്‍ധനവിന്റെ പേരിൽ കെഎസ്ആർടിസിയും വലിയ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ചാർജ് വർധിപ്പിക്കാൻ സർക്കാർ ആലോചിച്ചത്.

സൂപ്പർഫാസ്റ്റിലെ ഉൾപ്പെടെയുള്ള ബസ് നിരക്കുകളിലും വര്‍ധന വരും. എന്നാൽ വിദ്യാർഥികളുടെ കൺസൻഷൻ വർധിപ്പിക്കണമെന്ന ആവശ്യം മുന്നണി തള്ളി. സ്വകാര്യ ബസ് ഉടമകൾ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ഇടതുമുന്നണി അടിയന്തര യോഗം ചേർന്നത്.

Leave a Reply