Home » നമ്മുടെ മലപ്പുറം » മലപ്പുറത്ത് എത്ര ഹംസമാരുണ്ട്? ലൗലി ഹംസ ഹാജിയും കൂട്ടരും ഉത്തരം തേടുന്നു

മലപ്പുറത്ത് എത്ര ഹംസമാരുണ്ട്? ലൗലി ഹംസ ഹാജിയും കൂട്ടരും ഉത്തരം തേടുന്നു

കോട്ടയത്ത് എത്ര മത്തായിമാരുണ്ടെന്നത് ഒരു ദാര്‍ശനിക ചോദ്യമായിരുന്നു. ജോണ്‍ എബ്രഹാം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉയര്‍ത്തിയ ആ ചോദ്യം ഇന്നും ചോദിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. രാഷ്ട്രീയമായും സാമൂഹികമായും അത് ചര്‍ച്ചചെയ്യപ്പെട്ടതാണ്. എന്നാല്‍ അതിലെ കൗതുകമാണ് മലപ്പുറത്തിന്‍റെ പുതിയ വര്‍ത്തമാനം. മലപ്പുറത്ത് എത്ര ഹംസമാരുണ്ട് എന്ന ചോദ്യത്തിന് ലൗലി ഹംസ ഹാജിയുടെ നേതൃത്വത്തില്‍ ഉത്തരം കണ്ടെത്താനൊരുങ്ങുകയാണ് ഹംസമാര്‍.

ആധുനികജീവിതം വ്യക്തികളെ തുരുത്തുകളായി മാറ്റുന്നതുകൊണ്ടാകാം, അതില്‍നിന്നുള്ള വിമോചനത്തിനായി ഇപ്പോള്‍ സംഗമങ്ങളുടെ പരമ്പരയൊരുങ്ങുന്നത്. പൂര്‍വവിദ്യാര്‍ഥിസംഗമം, പൂര്‍വ അധ്യാപകസംഗമം, കുടുംബസംഗമം, ചിരിക്കുന്നവരുടെ സംഗമം, അന്ധരുടെ സംഗമം, നീളം കൂടിയവരുടെ സംഗമം, അരയ്ക്കുതാഴെ തളര്‍ന്നവരുടെ സംഗമം, ജീവിതശൈലീ രോഗികളുടെ സംഗമം, നടത്തക്കാരുടെ സംഗമം…അങ്ങനെയങ്ങനെ സംഗമങ്ങള്‍ പൊടിപൊടിക്കുമ്പോഴാണ് മലപ്പുറം പുതിയൊരു സംഗമത്തിന് വേദിയാകുന്നത്. ഹംസ എന്ന് പേരുള്ളവരെല്ലാംകൂടി സംഗമിക്കാനൊരുങ്ങുകയാണിവിടെ.

മലപ്പുറം നഗരത്തിലെ വ്യാപാരി ഹംസ ഹാജിയാണ് സംഗമത്തിന് നേതൃത്വം നല്‍കുന്നത്. നഗരപരിധിയില്‍ താമസിക്കുന്ന ഹംസമാരുടെ സംഗമമായിരുന്നു മനസ്സില്‍. ഒരുകാലത്ത് മുസ്ലിം വിഭാഗത്തില്‍ സുലഭമായിരുന്ന ഹംസ എന്ന പേര് ഈയിടെയായി കുറഞ്ഞുവരുന്നതിന്‍റെ ആധികൂടിയുണ്ടായിരുന്നു അത്തരമൊരു ആലോചനയ്ക്ക് പിന്നില്‍.

ഹംസമാരോട് ബന്ധപ്പെടാനാവശ്യപ്പെട്ട് പത്രത്തില്‍ പരസ്യം നല്‍കി. പരസ്യം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു. പിന്നെ 9387830146 എന്ന നമ്പറിന് വിശ്രമമുണ്ടായിട്ടില്ല. ഹംസമാര്‍ വിളിയോട് വിളി. എല്ലാവരും വലിയ ആവേശത്തില്‍. എല്ലാവര്‍ക്കും ഒരേ നിര്‍ബന്ധം, സംഗമം നഗരപരിധിയില്‍ ഒതുക്കരുത്, ജില്ലയിലേക്ക് വ്യാപിപ്പിക്കണം. അങ്ങനെ ഹംസ ഹാജിയും അതിനോട് യോജിച്ചു.

ഹംസ എന്ന പേരുകാരെ തെരയുമ്പോള്‍ ആദ്യം ഓര്‍മയിലേക്കെത്തുക ടി.കെ. ഹംസ എന്ന ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെയും ഏറനാടന്‍ ഫലിതത്തിന്‍റെയും മുഖമായിരിക്കും. മുന്‍ എംപി കൂടിയായ ടി.കെ. ഹംസയെ എന്തായാലും ക്ഷണിക്കുമെന്ന് ഹംസ ഹാജി ഉറപ്പിച്ചു കഴിഞ്ഞു. യോഗ്യന്‍ ഹംസ, അമ്പാളി ഹംസ, അഞ്ചുകണ്ടന്‍ ഹംസ എന്നിവരൊക്കെ ഇപ്പോള്‍ത്തന്നെ സംഗമത്തിന്‍റെ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിക്കഴിഞ്ഞു. കൂട്ടായ്മയ്ക്കായി ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പും ആരംഭിച്ചിട്ടുണ്ട്.

20 വര്‍ഷം മുമ്പേ ഇത്തരമൊരു സംഗമം ആലോചിച്ചിരുന്നതാണെന്ന് ഹംസ ഹാജി പറയുന്നു. എന്നാല്‍ അന്ന് ചടങ്ങില്‍ ആദരിക്കാനിരുന്ന മുതിര്‍ന്ന ഒരു ഹംസ മരിച്ചതിനാല്‍ നടന്നില്ല. ഇനിയേതായാലും ഈ ഫെബ്രുവരിയില്‍ത്തന്നെ സംഗമം നടത്താനുള്ള തീരുമാനത്തിലും തയ്യാറെടുപ്പിലുമാണ് ഹംസമാര്‍. ഒരു പേരിലെന്തിരിക്കുന്നു എന്ന് ആരും ചോദിക്കരുത്.

(കടപ്പാട്: ദേശാഭിമാനി)

Leave a Reply