Home » വാർത്തകൾ » ആദിവാസി യുവാവിന്റെ മരണം: മൂന്ന് പേര്‍ കസ്റ്റഡിയില്‍

ആദിവാസി യുവാവിന്റെ മരണം: മൂന്ന് പേര്‍ കസ്റ്റഡിയില്‍

അട്ടപ്പാടിയില്‍ മോഷ്ടാവെന്ന് ആരോപിച്ച് നാട്ടുകാര്‍ മര്‍ദിച്ച ആദിവസാസി യുവാവിന്റെ മരണുവുമായി ബന്ധപ്പെട്ട് 3 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അതേസമയം കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. അന്വേഷണത്തിന് ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കടുകുമണ്ണ ഊരിലെ പരേതനായ മല്ലന്റെയും മല്ലിയുടെയും മകന്‍ മധു (27) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് മോഷണം ആരോപിച്ച് പ്രദേശവാസികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം മധുവിനെ പൊലീസിന് കൈമാറിയത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുംവഴി മധു വാഹനത്തില്‍ വച്ച് ഛര്‍ദ്ദിച്ചിരുന്നു. ഇതോടെ പൊലീസ് മധുവിനെ അഗളി ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരിക്കുകയായിരുന്നു.

മരിക്കുന്നതിന് മുന്‍പ് നാട്ടുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മധു പൊലീസിന് മൊഴി നല്‍കിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കൂടുതല്‍ നടപടികള്‍ എടുക്കുമെന്ന് അഗളി പൊലീസ് പറഞ്ഞു.

മധുവിന്റെ കൈയില്‍ ഒരോ പാക്കറ്റ് മല്ലിപ്പൊടിയും മുളകുപൊടിയുമായിരുന്നു. ഇത് മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ മര്‍ദ്ദനം. ഉടുമുണ്ടുരിഞ്ഞ് ശരീരത്തില്‍ കെട്ടിയായിരുന്നു മര്‍ദ്ദനം. ഇതിന്റെ വീഡിയോയും നാട്ടുകാര്‍ പകര്‍ത്തി. മര്‍ദ്ദിക്കുന്നത് പശ്ചാത്തലമാക്കി ഒരു യുവാവ് സെല്‍ഫിയുമെടുത്തിരുന്നു.

Leave a Reply